09:42am 08 July 2024
NEWS
ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

25/10/2023  04:42 PM IST
nila
ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
HIGHLIGHTS

ഇടതുപക്ഷ ജനാധിപത്യ മുന്നണി തത്വാധിഷ്ടിത മുന്നണിയാണ്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് അച്ചീവ് ചെയ്താൽ മാത്രമേ കൂലി കിട്ടൂ എന്ന നിലപാട് മര്യാദകേടാണെന്ന് പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടി. സപ്ലൈക്കോയിലെ താത്ക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് എഐടിയുസി സംഘടിപ്പിച്ച സെക്രട്ടറിയേറ്റിന് മാർച്ചിൽ സംസാരിക്കവെയാണ് പന്ന്യൻ രവീന്ദ്രൻ സ്വന്തം പാർട്ടി ഭരിക്കുന്ന വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ലാഭമുണ്ടെങ്കിൽ ശമ്പളം കൊടുക്കുന്നതല്ല സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.  

ഓണത്തിന് ശേഷം സപ്ലൈകോയിലെ താത്ക്കാലില ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് പതിവാണ്. കോർപ്പറേഷനിലെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, ഓരോ മാസവും ജീവനക്കാർക്ക് ടാർ​ഗറ്റ് നിശ്ചയിച്ച് നൽകുകയും ടാർ​ഗറ്റ് എത്തിയില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നത് എന്നാണ് താത്ക്കാലിക ജീവനക്കാർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് എഐടിയുസി സമരം സംഘടിപ്പിച്ചത്. 

''സാധനം കൊടുക്കുന്ന ആളുകൾ പട്ടിണി കിടന്ന് ജീവിക്കാൻ പറ്റുമോ. ഒരു മാസം കൂലിപ്പണി എടുക്കുന്ന ആളുകൾക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നില്ലല്ലോ? ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന് ഒരു കുഴപ്പവുമില്ല. അവരുടെ ശമ്പളമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്. കുഴപ്പം പാവപ്പെട്ടവർക്കാണ്. ഇത് സർക്കാരിന്റെ നയമല്ല. സർക്കാർ ജനങ്ങളുടെ സർക്കാരാണ്. നീതിപൂർവമായി നമ്മുടെ നാട്ടിൽ ഭരണം നടത്തുന്ന സർക്കാരാണ് ഈ സർക്കാർ. ലാഭമുണ്ടെങ്കിൽ ശമ്പളം കൊടുക്കുന്നതല്ല സർക്കാർ നയം, അത് കച്ചവടമാണ്. ഇത് കച്ചവടമല്ല ഭരണമാണ്'', പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

'താത്ക്കാലിക ജീവനക്കാർ ടാർഗറ്റ് അച്ചീവ് ചെയ്താലേ ജോലി ചെയ്യാൻ കഴിയൂ എന്നത് മര്യാദകേടാണ്. ഉദ്യോഗസ്ഥന്മാർക്ക് ഒപ്പിട്ടാലും ഒപ്പിട്ടില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിക്കും. ജീവനക്കാരുടെ കാര്യം അങ്ങനെയല്ല. ലക്ഷക്കണക്കിന് വ്യാപാരം നടന്നാൽ മാത്രമേ തൊഴിലാളി വേണ്ടൂ എന്നതാണ്. ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ഏർപ്പാടാണ് അത്. ഇത് ജനാധിപത്യ ഭരണകൂടമാണ്. പഴയകാലത്ത് നമ്മുടെ നാട്ടിൽ നടന്നപോലെ മുതലാളിമാരുടെ പിടിച്ചുപറി നടക്കാനുള്ള ഏർപ്പാടല്ല ഇത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തത്വാധിഷ്ടിത മുന്നണിയാണ്. തൊഴിലാളികൾ ആ മുന്നണിയുടെ സർക്കാർ വരാൻ പണിയെടുത്തവരാണ്. ഇന്നും സർക്കാരിന്റെ കൂടെ നിൽക്കുന്നവരാണ്. അവർ ഇങ്ങനെ വരേണ്ടിവന്ന അവസ്ഥ എങ്ങനെ ഉണ്ടായി. ആരാണ് ഉത്തരവാദികൾ. സാമ്പത്തിക പ്രശ്നം കേരളത്തിൽ ഉണ്ട്. അതിന് പരിഹാരം കാണണം. അതിന് ഇതാണോ മാർഗം', പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA