11:30am 01 July 2024
NEWS
ക്ഷേത്രങ്ങൾ മതസൗഹാർദ്ദ കേന്ദ്രങ്ങളാക്കും: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
31/12/2023  10:30 AM IST
പി. ജയചന്ദ്രൻ
ക്ഷേത്രങ്ങൾ മതസൗഹാർദ്ദ കേന്ദ്രങ്ങളാക്കും: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

മന്നത്ത് പത്മനാഭൻ പ്രസിഡന്റും ആർ. ശങ്കർ മെമ്പറുമായി 1950 ൽ രൂപം കൊണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റാണ് പി.എസ്. പ്രശാന്ത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ സജീവ കോൺഗ്രസുകാരനായിരുന്ന പ്രശാന്ത് അതുകഴിഞ്ഞ് സി.പി.എമ്മിലേക്ക് തട്ടകം മാറ്റുവാൻ ഒരു കാരണമുണ്ട്. ആ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. ഇപ്പോഴത്തെ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലായിരുന്നു എതിർസ്ഥാനാർത്ഥി. ഇടതു-വലതു മുന്നണികൾക്ക് തുല്യസാധ്യതയുള്ള നെടുമങ്ങാട്ട് സംശുദ്ധനായ പ്രശാന്ത് വിജയിക്കും എന്നായിരുന്നു പൊതുവേയുള്ള ധാരണ. ഫലം വന്നപ്പോൾ പക്ഷേ വിജയം അനിലിനൊപ്പമായി. 23309 വോട്ടുകളുടെ ഭൂരിപക്ഷവും. എൽ.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം. അതിന് കാരണം, മുൻപ് മൂന്നുപ്രാവശ്യം നെടുമങ്ങാട് എം.എൽ.എ ആയിരുന്ന പാലോട് രവിയാണെന്നാണ് പ്രശാന്തും കൂട്ടരും വിശ്വസിച്ചത്. ആ വിശ്വാസം പ്രശാന്തിന്റെ പരാതിയായി നേതൃത്വത്തിന് മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് അതേ പാലോട് രവിയെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായി പ്രഖ്യാപിച്ചത്.

പ്രശാന്തിനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായി അത് സഹിക്കാവുന്നതിനും അപ്പുറമുള്ള വേദനയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിയുടെ പരാജയത്തിനായി പണിയെടുത്തയാൾക്ക് പ്രമോഷൻ! ആ വേദനയാണ് പ്രശാന്തിനെ സി.പി.എമ്മിലേക്ക് അടുപ്പിച്ചത്. കോൺഗ്രസ് കൂടാരം വിട്ട് സി.പി.എമ്മിലേക്ക് ചെന്ന പ്രശാന്തിനെ ഇരുകൈകളും നീട്ടിയാണ് സി.പി.എം സ്വീകരിച്ചത്; അധികം വൈകാതെ കർഷക സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റുമാക്കി. ഇപ്പോഴിതാ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമാക്കിയിരിക്കുന്നു.

വിവരം പറയാൻ വിളിപ്പിച്ചപ്പോൾ പാർട്ടി സെക്രട്ടറി ഗോവിന്ദൻമാസ്റ്റർക്ക് രണ്ടേരണ്ട് കാര്യങ്ങൾ മാത്രമേ പ്രശാന്തിനെ ഓർമ്മിപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നുള്ളൂ- എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം. വിശ്വാസികളെയെല്ലാം ചേർത്തു നിർത്തണം. കേവലമായ ഒരോർമ്മപ്പെടുത്തൽ. കാരണം അതൊക്കെത്തന്നെയാണ്, അല്ലെങ്കിൽ അങ്ങനെയൊക്കെത്തന്നെയാണ് പ്രശാന്ത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് മഹാരഥന്മാർ പലരുമിരുന്ന അതേ കസേരയിലേക്ക് സി.പി.എമ്മിനെപ്പോലൊരു പാർട്ടി പ്രശാന്ത് എന്ന ഇളമുറക്കാരനെ പിടിച്ചിരുത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിന് പ്രായം 46.

? ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണല്ലോ പ്രശാന്ത്. അപ്പോൾ സ്വാഭാവികമായും കുറേ ഐഡിയാസും കാണും. എന്താണവ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1255 ക്ഷേത്രങ്ങളാണുള്ളത്. അതിൽ 60 ക്ഷേത്രങ്ങൾക്ക് മാത്രമേ തനത് വരുമാനമുള്ളു. ആ 60 ക്ഷേത്രങ്ങളിലെ വരുമാനം വച്ചിട്ടാണ് ബാക്കിയുള്ള 1195 ക്ഷേത്രങ്ങളിലെ കാര്യങ്ങൾ നടത്തേണ്ടത്. പിന്നെ, ദേവസ്വം ബോർഡിൽ കാലത്തിനനുസരിച്ച് മാറ്റം വേണം എന്നുള്ളതാണ് എന്റെ ചിന്താഗതി. ഗവൺമെന്റ് തന്നെ വൈജ്ഞാനിക സാമൂഹ്യ നിർമ്മിതിയുമായി മുന്നോട്ടുപോകുമ്പോൾ ദേവസ്വം ബോർഡിനും മാറേണ്ടിവരും. അതിന്റടിസ്ഥാനത്തിലാണ് ഈ ക്ഷേത്രങ്ങളെയൊക്കെയും ഓൺലൈനായും ഓഫ് ലൈനായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. എങ്കിൽ മാത്രമേ കാര്യങ്ങൾ സുതാര്യമായി മുന്നോട്ടുപോകൂ. അതായത് ഇത്രയും ക്ഷേത്രങ്ങളിൽ ഓൺലൈനായും ഓഫ് ലൈനായും വഴിപാടുകൾ നടത്താം.

ക്ഷേത്രത്തിൽ നേരിട്ടെത്തുന്ന വിശ്വാസിക്ക് ഓഫ്‌ലൈനായി കംപ്യൂട്ടർ വഴി രസീത് നൽകും. ഓൺലൈനായി വീട്ടിലിരുന്നുകൊണ്ട് പ്രത്യേകം കാണിക്കയും വഴിപാടുമൊക്കെ സമർപ്പിക്കാം. അങ്ങനെ ഓൺലൈനായാലും ഓഫ്‌ലൈനായാലും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുക എന്നുള്ളതാണ് കാര്യങ്ങൾ സുതാര്യമാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.

പിന്നെ, 2016 മുതൽ അധികാരത്തിലിരുന്ന ഗവൺമെന്റിന്റെ നയം എന്നുപറയുന്നത് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ശാന്തമായ അന്തരീക്ഷത്തിൽ പ്രാർത്ഥിക്കാൻ കഴിയണം എന്നുള്ളതാണ്. അതിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുക എന്നുള്ളത് ഗവൺമെന്റ് നയമാണ്. അതനുസരിച്ചുതന്നെയാണ് എൽ.ഡി.എഫ് സർക്കാരിന് കീഴിൽ അധികാരത്തിൽ വന്ന എല്ലാ ദേവസ്വം ബോർഡുകളും പ്രവർത്തിച്ചുപോരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി അനന്തഗോപൻ സാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് വളരെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ടുപോയത്. പശ്ചാത്തല വികസനത്തിന്റെ കാര്യത്തിലായാലും, ബോർഡിനെ ആധുനിക വൽക്കരിക്കുന്ന കാര്യത്തിലായാലും, മറ്റ് സാമൂഹ്യ- സാംസ്‌ക്കാരിക ഇടപെടലിന്റെ കാര്യത്തിലായാലുമൊക്കെ മാതൃകാപരമായ പ്രവർത്തനങ്ങളുമായിട്ടാണ് മുന്നോട്ടുപോയത്. ആ പ്രവർത്തനങ്ങൾ അതേപടി ഏറ്റെടുത്തുകൊണ്ടുതന്നെയാകും ഈ ബോർഡും മുന്നോട്ടുപോവുക. കാരണം അന്നത്തെ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നെന്നു മാത്രമല്ല സുതാര്യവുമായിരുന്നു.

? ബോർഡിൽ ഏകദേശം 6000 ത്തോളം ജീവനക്കാർ ഉണ്ടെന്നാണല്ലോ കണക്ക്. അവരെയൊക്കെയും ശരിക്കും പ്രയോജനപ്പെടുത്തുന്നുണ്ടോ.

ദേവസ്വം ബോർഡിന് രണ്ട് വിംഗുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് വിംഗും പൊതുമരാമത്ത് വിംഗും. യഥാർത്ഥത്തിൽ ഈ രണ്ട് വിംഗിലും ജീവനക്കാരുടെ അപര്യാപ്തതയാണുള്ളത്. ജീവനക്കാരുടെ പോരായ്മ പരിഹരിക്കാൻ വേണ്ടി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് ഗവൺമെന്റ് രൂപം കൊടുത്തു. പണ്ടൊക്കെ ദേവസ്വം ബോർഡ് ഏറ്റവും കൂടുതൽ പഴികേട്ടുകൊണ്ടിരുന്നത് റിക്രൂട്ട്‌മെന്റിന്റെയും അതുമായി ബന്ധപ്പെട്ട അഴിമതിയുടേയും പേരിലായിരുന്നു. അതു പരിഹരിക്കാനായിട്ടാണ് എൽ.ഡി.എഫ് ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് ബോർഡിന് രൂപം കൊടുത്തത്. തളി, കഴകം, വാദ്യോപകരണം, ക്ലാർക്ക്, അതുപോലുള്ള ആളുകളെ ആവശ്യപ്പെട്ട് ബോർഡിന് എഴുതുകയും അവർ ടെസ്റ്റും ഇന്റർവ്യൂവും ഒക്കെ നടത്തി ലിസ്റ്റിടുകയുമാണ് പതിവ്. അങ്ങനുള്ള വിംഗ് ഇപ്പോഴുമുണ്ട്. അതിൽ നിന്നും ആളുകളെ എടുത്തുകൊണ്ടിരിക്കുകയാണ്.

എന്നാൽ റിക്രൂട്ട്‌മെന്റ് നടത്തി ജീവനക്കാരെ നിയമിച്ചുകഴിഞ്ഞാൽ മറ്റേതെങ്കിലും നല്ല പോസ്റ്റ് വരുമ്പോൾ അവർ അങ്ങോട്ട് പോകും. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡിൽ ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് വസ്തുത. ആ കുറവ് അടിയന്തിരമായും പരിഹരിക്കേണ്ടതുണ്ട്.

? ക്ഷേത്രങ്ങളോടനുബന്ധിച്ച് പലയിടത്തും ധാരാളം ഭൂമി തരിശായി കിടപ്പുണ്ട്. എന്തുകൊണ്ട് ക്ഷേത്രത്തിക്കാവശ്യമായ പൂവുകൾ അവിടെ കൃഷി ചെയ്തുകൂടാ.

വളരെക്കാലമായി എന്റെ മനസ്സിലുള്ള ഒരു കാഴ്ചപ്പാടാണ് ചേട്ടൻ പറഞ്ഞത്. പണ്ട് കാവിയാട് ദിവാകരപ്പണിക്കർ മെമ്പറായിരുന്നപ്പോൾ കൊണ്ടുവന്ന കുറേ പദ്ധതികളുണ്ട്. അതൊക്കെ കാലഹരണപ്പെട്ടുപോയതിനാൽ ആരും ഓർക്കുന്നും പറയുമൊന്നുമില്ല. നമ്മുടെ 1255 ക്ഷേത്രങ്ങളിൽ അതാത് ക്ഷേത്രത്തിലേക്കാവശ്യമായ തുളസി, ചെമ്പരത്തി, ജമന്തി, അരളി- ഇത്തരം സെലക്ട് ചെയ്ത രണ്ടോ മൂന്നോ അതിലധികമോ ചെടികൾ വച്ചുപിടിപ്പിക്കണം.

ക്ഷേത്രജീവനക്കാരും അവിടേക്കെത്തുന്ന ഭക്തജനങ്ങളും ഉപദേശക സമിതിയും സംയുക്തമായി ഒരു മണിക്കൂർ ശ്രമിച്ചാൽ, ക്ഷേത്രത്തിലേക്കാവശ്യമായതിന്റെ പകുതിയെങ്കിലും പൂക്കൾ കണ്ടെത്താൻ കഴിയും. അത്തരം കാര്യങ്ങൾക്ക് രൂപം നൽകും.

അതുപോലെ നമ്മുടെ ക്ഷേത്രങ്ങളും പരിസ്ഥിതിയും അനുബന്ധ വിഷയമാണ്. കാവുകളും ക്ഷേത്രക്കുളങ്ങളുമൊക്കെ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. അവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആലോചിക്കും. മറ്റൊരു പ്രധാനകാര്യം ക്ഷേത്രങ്ങൾ എന്നു പറയുന്നത് മതേതരത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഇടങ്ങൾ കൂടിയാകണം. അതിന് ആവശ്യമായ സംവിധാനം ഉണ്ടാക്കും. പുരാണ ഗ്രന്ഥങ്ങളും മറ്റും വായിക്കുവാനും പഠിക്കുവാനും ഒക്കെയുള്ള സൗകര്യങ്ങൾ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉണ്ടാക്കും.

ക്ഷേത്രവും പരിസരവും വൃത്തിയും വെടിപ്പുമുള്ളതാകണമെന്നുള്ള കാര്യത്തിൽ ബോർഡിന് നിർബന്ധമുണ്ട്. ക്ഷേത്രത്തിലെത്തി ദേവനെ പ്രാർത്ഥിക്കുന്ന ഭക്തർക്ക് വൃത്തിയും ശുദ്ധിയുമുള്ള അന്തരീക്ഷം അനിവാര്യഘടകമാണ്. തീർച്ചയായും അതുണ്ടാക്കും.

? ദേവസ്വം ക്ഷേത്രങ്ങളിൽ വഴിപാടിന് ചാർജ്ജ് കൂടുതലാണെന്ന് ഒരാക്ഷേപമുണ്ടല്ലോ.

ഞാനാദ്യമേ പറഞ്ഞില്ലേ, 1255 ക്ഷേത്രങ്ങളുള്ളതിൽ, 60 ഇടത്ത് മാത്രമാണ് തനതുവരുമാനമുള്ളത്. ശേഷിച്ച മുഴുവൻ ക്ഷേത്രങ്ങളിലും പൂജാരി, കഴകം, തളി തുടങ്ങിയുള്ളവർക്ക് ശമ്പളവും മറ്റ് ചെലവുകളും നടത്തുന്നത് ഇത്രയും ക്ഷേത്രങ്ങളുടെ വരുമാനം കൊണ്ടുകൂടിയാണ്. ഉദാഹരണത്തിന് എന്റെ വീടിനടുത്ത് ഒരു ശിവ- വിഷ്ണു ക്ഷേത്രമുണ്ട്. മുൻപ് ഹനുമാൻ ക്ഷേത്രത്തിലിരുന്ന പൂജാരിയാണ് അപ്പോൾ അവിടത്തെ ശാന്തി. അദ്ദേഹത്തെക്കൂടാതെ കഴകവും തളിയുമൊക്കെയുണ്ട്. എല്ലാവർക്കും കൂടി പ്രതിമാസം 125000 രൂപ ശമ്പളം ഇനത്തിൽ വേണമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ക്ഷേത്രത്തിലാണെങ്കിൽ ഭക്തർ കുറവും. കാണിക്ക എന്നൊക്കെ പറയാൻ കാര്യമായിട്ടൊന്നുമില്ല. വഴിപാടിൽ നിന്നുമാത്രമാണ് വരുമാനം. പക്ഷേ ഭക്തർ വരാതെ എങ്ങനെ വഴിപാടുനടക്കും.

എന്നിട്ട് വ്യാപകമായുള്ള പ്രചരണമോ, ക്ഷേത്രങ്ങളിൽ വലിയ വരുമാനമാണ്, അതെല്ലാം ഗവൺമെന്റ് എടുത്തുകൊണ്ടുപോകുന്നു. അതുകൊണ്ട് കാണിക്ക ആരും ഇടരുത് എന്നൊക്കെയല്ലേ. ശശികല ടീച്ചർ പ്രസംഗിക്കുന്നത് മുഴുവനും കാണിക്കയിടരുത് എന്നാണ്. രണ്ടുവർഷം മുൻപ് കോവിഡ് വന്നപ്പോൾ വഴിപാടിൽ നിന്നുള്ള വരുമാനം കുത്തനെ താഴേക്കുപോയി. ഒടുവിൽ ഗവൺമെന്റിൽ നിന്നും 141 കോടി വാങ്ങിയിട്ടാണ് ശമ്പളം കൊടുത്തത്. അതേസമയം അടിസ്ഥാന സൗകര്യവികസനത്തിനായി ഓരോ മണ്ഡലവിളക്ക് സീസണിലും സർക്കാർ ചെലവിടുന്ന പണത്തിനൊരു കുറവുമില്ല. ഞാൻ മനസ്സിലാക്കുന്നത് കഴിഞ്ഞവർഷം മാത്രം റോഡുവികസനം, വൈദ്യസഹായം, ആരോഗ്യം എല്ലാറ്റിനും വേണ്ടി ഗവൺമെന്റിന് മാത്രം ചെലവായത് കോടികളാണ്.

യഥാർത്ഥത്തിൽ പള്ളികളിലേക്കൊന്നും ഇങ്ങനെ ചെയ്യുന്നില്ല. ക്ഷേത്രങ്ങളിലേക്ക് മാത്രമേ ചെയ്യുന്നുള്ളൂ. അത് ആരും കാണുന്നില്ല.

? ഇന്ന് സർക്കാരിന്റെ കൈവശമുള്ള നല്ലൊരു ശതമാനം വസ്തുക്കളും ഭണ്ഡാരം വകയാണെന്നാണ് രേഖകളിൽ കാണുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരത്തു പബ്ലിക്ക് ഓഫീസ് നിൽക്കുന്നതുൾപ്പെടെയുള്ള സ്ഥലം ദേവസ്വം വകയായിരുന്നു. അതിനുള്ള ഒരു കോമ്പൻസേഷനല്ലേ ബോർഡിന് സർക്കാർ നൽകുന്നത്.

അതുമുണ്ട്. 1949 ൽ ഇൻഡ്യാ ഗവൺമെന്റും തിരുവിതാംകൂർ രാജകുടുംബവും തമ്മിൽ എഴുതിയുണ്ടാക്കിയ കവനന്റ് പ്രകാരം നഷ്ടപരിഹാരമായി ആദ്യം മൊത്തം 51 ലക്ഷം രൂപ തന്നു. അതിൽ 3 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിന് മാത്രമായും ബാക്കി 48 ലക്ഷം മറ്റ് എല്ലാ ക്ഷേത്രങ്ങൾക്കുമായിട്ട്. എ.കെ ആന്റണിയുടെ കാലത്ത് അത് 84 ലക്ഷമാക്കി, പിന്നിട് കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായപ്പോൾ രണ്ട് കോടിയാക്കിയെങ്കിലും കിട്ടിത്തുടങ്ങിയില്ല.

? റോഡ് വികസനത്തിനുവേണ്ടിഏറ്റെടുക്കുന്ന ഭൂമിക്ക്, സ്വകാര്യ വ്യക്തികൾക്ക് നൽകുന്ന കോമ്പൻസേഷൻ  ബോർഡിനും കിട്ടുന്നുണ്ടോ.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്രം വകഭൂമി ധാരാളമായി പോകുന്നുണ്ട്. അതിലൊരു പ്രശ്‌നമുള്ളത് ഭൂമി നമുക്കുള്ളതാണെങ്കിൽപ്പോലും റെക്കോർഡിക്കലായി ക്ലിയറല്ല. അതുകൊണ്ട് പലപ്പോഴും കോമ്പൻസേഷൻ കിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ എന്തുവന്നാലും സഹിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഉദാഹരണത്തിന് അരവണ വിഷയം വന്നു. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാൻ കടക്കുന്നില്ല. രണ്ട് കരാറുകാർ തമ്മിലുള്ള പ്രശ്‌നമാണ്. അത് കേസും കാര്യങ്ങളുമായി. അതുമൂലം ഇപ്പോൾ 1,66,000 ടിൻ അരവണയാണ് നശിപ്പിക്കേണ്ടി വരുന്നത്. 6 കോടി രൂപയുടെ സാധനം. അത് മാറ്റണമെങ്കിൽ 300 ട്രാക്റ്ററിൽ കയറ്റിക്കൊണ്ടുപോകണം. അതിനും ബോർഡാണ് പണം മുടക്കേണ്ടത്.

പറഞ്ഞുവന്നത് ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ, വഴിപാട് ഇനത്തിലുള്ള വരുമാനത്തിൽ കുറവുവരുത്തിയാൽ ബോർഡിന് പിടിച്ചുനിൽക്കാനാകില്ല.

? ദേവസ്വം ബോർഡ് ജീവനക്കാരിൽ ഒരു ന്യൂനപക്ഷത്തെയെങ്കിലും അമ്പലം വിഴുങ്ങികൾ എന്നാണല്ലോ പൊതുജനം വിളിക്കുന്നത്.

ഡിജിറ്റലിലേക്ക് മാറുന്നതോടെ എല്ലാം മാറും.

? ബോർഡിന്റെ ഏക്കർ കണക്കിന് ഭൂമി അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുമോ.

ഗവൺമെന്റിൽ നിന്നും തന്ന ജയചന്ദ്രൻ കല്ലിംഗൽ എന്ന സ്‌പെഷ്യൽ തഹശീൽദാർമാരുടെ നേതൃത്വത്തിൽ ആ നടപടി നന്നായി നടക്കുന്നുണ്ട്. ഉദാഹരണത്തിന് വാരണാസിയിൽ നമ്മുടെ 8 സെന്റ് വസ്തു കാലഹരണപ്പെട്ടുപോയത് തിരികെ പിടിച്ചു. അവിടെ നല്ലൊരു ഗസ്റ്റ് ഹൗസ് പണിയും. അതുപോലെ ഏക്കർകണക്കിന് വസ്തു ഉണ്ട്. എല്ലാം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. കഴിഞ്ഞ ബോർഡ് 18 ഏക്കറാണ് തിരിച്ചുപിടിച്ചത്.

അതുപോലെ ഈ ബോർഡിന്റെ മറ്റൊരു പ്രധാന അജണ്ടയുണ്ട്. ബോർഡിന് 4 എയിഡഡ് കോളേജുകളും, 3 അൺ എയിഡഡ് കോളേജുകളും 27 സ്‌ക്കൂളുകളും ഒരു കലാപീഠവുമുണ്ട്. അവയെല്ലാം ലോകനിലവാരത്തിലല്ലെങ്കിൽ കൂടി വൈജ്ഞാനികമായി ഒരു മാറ്റം ഉണ്ടാക്കും.

വിദ്യാപീഠം ഇപ്പോൾ പോകുന്നതുപോലെ പോയാൽ പോര. കാലഹരണപ്പെട്ട ക്ഷേത്രകലകളൊക്കെ മികവാർന്ന നിലയിൽ അഭ്യസിപ്പിക്കുവാനുള്ള ഇടമാക്കി അതിനെ മാറ്റും. വിദ്യാപീഠത്തിൽ പഠിച്ചിറങ്ങുന്നവർക്ക് റിക്രൂട്ട്‌മെന്റിൽ റിസർവേഷൻ കൊണ്ടുവരും. ക്ഷേത്രകലകൾ പഠിച്ചാൽ തൊഴിൽ ലഭിക്കാത്ത അവസ്ഥ മാറും. ഉത്സവങ്ങളിൽ ക്ഷേത്രകലകൾ നിർബന്ധമാക്കും. പല പുരാതനക്ഷേത്രങ്ങളോടനുബന്ധിച്ചും പൗരാണികമായ കെട്ടിടങ്ങളുണ്ട്. ഉദാഹരണത്തിന് ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അസി. കമ്മീഷണർ ഓഫീസ് ചിത്തിരതിരുനാൾ മഹാരാജാവിന്റെ ദർബാറായിരുന്നു. അങ്ങനുള്ളവ സംരക്ഷിത വിഭാഗത്തിലേക്ക് മാറ്റി അവിടം പഴയകാല വാദ്യോപകരണങ്ങളുടേയും മറ്റും മ്യൂസിയമാക്കും.

ഇതൊക്കെ പറയുമ്പോഴും ക്ഷേത്രങ്ങളുടെ നിലനിൽപ്പ് വരുമാനത്തിലധിഷ്ഠിതമാണ്. അതുവർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളുമുണ്ടാകും.

? ക്ഷേത്രങ്ങളുടെ നിലനിൽപ്പ് വരുമാനമാണെന്നു പറയുമ്പോൾ, വരുമാനമാർഗ്ഗമുണ്ടാകണമെങ്കിൽ ഭക്തർ അവിടേക്കെത്തണം. പക്ഷേ പല ക്ഷേത്രങ്ങളിലും ഭക്തിയോടെ കടന്നുചെല്ലാൻ പറ്റാത്ത അവസ്ഥയാണ്. ദക്ഷിണയുടെ സംഖ്യ നോക്കി പ്രസാദം കൊടുക്കുന്നതുൾപ്പെടെ പല തെറ്റായ കാര്യങ്ങളുമാണ് ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നത്.

തീർച്ചയായും അതിനൊക്കെ മാറ്റം വരും. ജീവനക്കാരെ വിളിച്ച് ഞാൻ ചില കാര്യങ്ങൾ പറയും. അതിൽ മുഖ്യം, ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും, അവരോട് മര്യാദയായി പെരുമാറണമെന്നുമായിരിക്കും.

? തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് പ്രശാന്ത്. എന്തുതോന്നുന്നു.

അഃ്  സാധ്യമായത് ഞാൻ സി.പി.എമ്മിലായതുകൊണ്ടുമാത്രമാണ്. മറ്റ് പാർട്ടികളിലാണെങ്കിൽ അഞ്ചും ആറും തവണ എം.എൽ.എയും എം.പിയും എന്തിന് മന്ത്രിമാരായവർ പോലും അവരുടെ ഡ്രീം പോസ്റ്റ് ആയിട്ടാണ് ഈ സ്ഥാനത്തെ കാണുന്നത്. വലിയ വലിയ മഹാരഥന്മാർ ഇരുന്ന സ്ഥാനമാണിത്. ഞാനൊരു മഹാരഥനുമല്ല. ഏതെങ്കിലും മഹാരഥന്റെ പാരമ്പര്യം പറയാനുമില്ല. വിതുരയിലെ സി.പി. നായർ എന്ന കോൺഗ്രസുകാരനായിരുന്ന കർഷകത്തൊഴിലാളിയുടെ മകനാണ് ഞാൻ. ഈ ഒരു സ്ഥാനം കിട്ടാൻ വേണ്ടി ഏതെങ്കിലും ഒരു നേതാവിനെ ഒരു കാൾപോലും ഞാൻ വിളിച്ചിട്ടില്ല. ഏതെങ്കിലും ഒരു നേതാവിന്റെ വിട്ടിലേക്ക് പോകേണ്ടി വന്നിട്ടുമില്ല. പാർട്ടി എന്നെ സെലക്ട് ചെയ്യുകയായിരുന്നു. വിശ്വാസിയാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് സെലക്ട് ചെയ്തത്.

പിന്നെ ഞാൻ യൂത്ത് വെൽഫെയറ് ബോർഡിന്റെ വൈസ് ചെയർമാനുമായിരുന്നല്ലോ. അന്നൊന്നും കൈകളിൽ കറ പറ്റിയിട്ടില്ല. എനിക്ക് മുൻപ് പല പ്രഗത്ഭന്മാരും ആ പദവിയിലിരുന്നെങ്കിലും ബോർഡിനൊരു ആസ്ഥാനം സ്ഥാപിക്കുവാൻ അവർക്കാർക്കും കഴിഞ്ഞില്ല. പി.കെ. ജയലക്ഷ്മിയായിരുന്നു അന്ന് വകുപ്പുമന്ത്രി. അവരുടെയൊക്കെ സഹായത്തോടെ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന് സമീപം ഒരേക്കർ വസ്തു വാങ്ങാനും ആസ്ഥാന മന്ദിരം നിർമ്മിക്കാനും എനിക്ക് കഴിഞ്ഞു. 11 കോടിയുടെ ഫണ്ടുണ്ടായിരുന്നു. എച്ച്.എൽ.എല്ലിനെക്കൊണ്ട് 8.5 കോടിക്ക് മന്ദിരം പണികഴിപ്പിച്ചശേഷം ബാക്കി തുക ഗവൺമെന്റിലേക്കടച്ച വ്യക്തിയാണ് ഞാൻ. ആ സുതാര്യതയും സത്യസന്ധതയും ഇനിയും തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW