01:11pm 05 July 2024
NEWS
സ്വർ​ഗത്തിൽ സ്ഥലം വിൽപ്പനയ്ക്ക് വച്ച് ക്രിസ്ത്യൻ സഭ

01/07/2024  04:45 PM IST
nila
സ്വർ​ഗത്തിൽ സ്ഥലം വിൽപ്പനയ്ക്ക് വച്ച് ക്രിസ്ത്യൻ സഭ

ലോകത്ത് പലതരം തട്ടിപ്പുകളും  നടക്കാറുണ്ട്. എല്ലാകാലവും വളരെ കൂടുതൽ ആളുകൾ ഇരയാകാറുള്ളത് ആത്മീയ തട്ടിപ്പിനാണ്. ഇപ്പോഴിതാ, സ്വർ​ഗത്തിൽ തുച്ഛമായ പണം നൽകി സ്ഥലം സ്വന്തമാക്കാനായി വിശ്വാസികളെ ക്ഷണിക്കുകയാണ് ഒരു ക്രിസ്ത്യൻ സഭ. മെക്സിക്കോയിലാണ് സംഭവം.  ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന ക്രിസ്ത്യൻ സഭയാണ് തുച്ഛമായ തുകക്ക് സ്വർ​ഗത്തിൽ സ്ഥലം സ്വന്തമാക്കാമെന്ന വാ​ഗ്ദാനവുമായി രം​ഗത്തെത്തിയത്. 

’ചർച്ച്‌ ഓഫ് ദി എൻഡ് ഓഫ് ടൈംസ്’ എന്നറിയപ്പെടുന്ന സഭയാണ്  ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ്. ആൻഡ്രെസ് ഡി ലാ ബാര സാഞ്ചസ് എന്ന പ്രവാചകന്റെ സഭയാണിത്. സഭയുടെ ഒരു പാസ്റ്റർ 2017ൽ ദൈവവുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണത്രെ സ്വർ​ഗത്തിൽ വസ്തു വാങ്ങാനുള്ള ഔദ്യോ​ഗിക ഏജൻസിയായി  ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് സഭയെ തെരഞ്ഞെടുത്തത്രെ! സ്വർഗ ഭൂമി മനുഷ്യന് വിൽക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്.

 ചതുരശ്ര മീറ്ററിന്  100 ഡോളർ കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. അതായത്, ഏകദേശം 8,335 ഇന്ത്യൻ രൂപയുണ്ടെങ്കിൽ സ്വർ​ഗത്തിൽ ഒരു ചതുരശ്രമീറ്റർ സ്ഥലം സ്വന്തമായി നൽകാമെന്നാണ് സഭയുടെ വാ​ഗ്ദാനം.  തീർന്നില്ല, ദൈവത്തിൻറെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യർക്ക് വാഗ്ദാനം ചെയ്യുന്നു.. 

പണം നോട്ടായിട്ട് തന്നെ നൽകണമെന്നില്ലെന്നും സഭ വ്യക്തമാക്കുന്നുണ്ട്. പേപാൽ, ഗൂഗിൾ പേ, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്ലെക്സിബിൾ പേയ്‌മെൻറ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വിൽപന സാധൂകരിക്കുന്നതിനായി മേഘങ്ങൾക്കിടയിലുള്ള വിശുദ്ധ ഭവനത്തിൻറെ ചിത്രങ്ങളും ഓൺലൈനുകളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയിൽ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വർണ്ണ കിരണങ്ങളാൽ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതൽ സ്വർഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതായി വീഡിയോയിൽ പരാമർശിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്. 

തമാശ പരിപാടികൾക്കായി ആരംഭിച്ച ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. അവിടെ നിന്നും വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഒരു എക്സ് ഉപയോക്താവ് എഴുതിയത് 'എനിക്ക് 100 ബസുകൾ വായ്പ തരാൻ ആർക്കാണ് കഴിയുക? എൻറെ സ്വർഗീയ വായ്പ സുരക്ഷിതമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' എന്നായിരുന്നു.  'നൈജീരിയക്ക് ഭ്രാന്താണെന്ന് ഞാൻ കരുതി, മെക്സിക്കോ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'നൂറ്റാണ്ടിൻറെ തമാശ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതിയായിരിക്കും,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം 'ഡൌൺപേമെൻറിനെ കുറിച്ച് അന്വേഷിച്ചവരും കുറവല്ല. 'അവർ മെറ്റാവേഴ്സസ് നിർമ്മിക്കുകയാണ്' എന്നായിരുന്നു ഒരു കുറിപ്പ്. 'ഇത്തരം വ്യാജ ദൈവ മനുഷ്യർ അവരുടെ നുണകൾ എങ്ങനെ ഇങ്ങനെ വിജയകരമായി വിൽക്കുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ സംശയം. 

കുറച്ച് നാൾ മുമ്പ് യുഎസിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തതിനെ കുറിച്ച് ഒരു കാഴ്ചക്കാരനെഴുതി. ക്രിപ്‌റ്റോകറൻസി വിൽക്കാൻ ദൈവം തന്നോട് നിർദ്ദേശിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുഎസിലെ ഒരു പാസ്റ്റർ, ഇന്ന് കോടതിയിൽ തീരാത്ത കേസുമായി നടക്കുകയാണെന്നായിരുന്നു അദ്ദേഹം എഴുതിയത്. 

2022 ജൂണിലാണ് പാസ്റ്റർ എലിജിയോ റെഗലാഡോയും ഭാര്യ കെയ്‌റ്റ്‌ലിനും 'ക്രിപ്‌റ്റോകറൻസി വിൽക്കാൻ ദൈവം നിർദ്ദേശിച്ചു' എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ക്രിപ്‌റ്റോകറൻസിയിൽ യാതൊരു പശ്ചാത്തലവുമില്ലാതിരുന്നിട്ടും ഇവർ  2023 ഏപ്രിൽ വരെയുള്ള സമയത്തിനിടെ 300-ലധികം നിക്ഷേപകരിൽ നിന്ന് ഏകദേശം 3.2 ദശലക്ഷം ഡോളറാണ് (26,67,36,000 രൂപ) സമാഹരിച്ചത്. പക്ഷേ, ഇങ്ങനെ ലഭിച്ച പണം ദമ്പികൾ തങ്ങളുടെ ആഡംബര ജീവിതത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് കേസ്. എന്നാൽ പാസ്റ്റർ എലിജിയോ റെഗലാഡോ ഇപ്പോഴും പറയുന്നത് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം അത്ഭുതം ചെയ്യുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ്. അതേസമയം നിക്ഷേപിച്ച ആർക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD