07:40am 03 July 2024
NEWS
ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം നീക്കങ്ങൾ ഇത്തവണ പൂർണ്ണമായും വൃഥാവിലായി
30/06/2024  11:09 AM IST
നെല്ലിക്കുത്ത് ഹനീഫ
ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം നീക്കങ്ങൾ ഇത്തവണ പൂർണ്ണമായും വൃഥാവിലായി

ഇ.കെ സുന്നീ വിഭാഗ (സമസ്ത) ത്തിലെ ലീഗ്‌വിരുദ്ധ പക്ഷത്തിന്റെ നിലപാടും, ലീഗിനോടുള്ള എതിർപ്പും മലപ്പുറത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഒട്ടും ഏശിയില്ല. ഇരു മണ്ഡലങ്ങളിലും സമസ്ത ഇടത് സ്ഥാനാർത്ഥികളെ വിദഗ്ധമായി പാലം വലിച്ചതായാണ് വിലയിരുത്തൽ. പൊന്നാനിയിലും, മലപ്പുറത്തും മുസ്ലിംലീഗ് വൻ ശക്തി തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ്കളിയും, വിഭാഗീയതയും സജീവമായ സമസ്ത എന്ന മതസംഘടന, വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തിൽ ഐക്യം പുലർത്തി എന്നതാണ് വ്യക്തമാകുന്നത്. സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ എതിർപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് കടുത്ത ക്ഷതമേൽപ്പിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. അതുണ്ടായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് രാഹുൽഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീറാണ്. 2019 -ൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 വോട്ടുകളുടെ റെക്കോർഡ് ലീഡ് മറി കടന്ന് കൊണ്ടാണ് ഇത്തവണ 3,00,118 വോട്ടുകളുടെ ഭൂരിപക്ഷം ഇ.ടി നേടുന്നത്. പൊന്നാനി മണ്ഡലത്തിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം സമദാനിയും നേടി. 2019-ൽ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷമാണ് പൊന്നാനിയിലുണ്ടായിരുന്നത്.

സമസ്തയുടെ നിറം മാറ്റം

മോദി സർക്കാറിനെ താഴേയിറക്കി ബദൽ സർക്കാർ വരുന്നതിനുള്ള സാഹചര്യമൊരുക്കുകയും, അതിന് നേതൃത്വം നൽകുന്ന പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതും, നിലവിലെ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളോട് വോട്ടിലൂടെ പ്രതികരിക്കുക എന്നതുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സമസ്ത വക്താക്കൾ ഇപ്പോൾ പറയുന്നു. മുസ്ലിം സമുദായത്തിലെ ഇ.കെ സുന്നീ വിഭാഗത്തിന്റെ പ്രബല സംഘടനയായ  'സമസ്ത' തെരഞ്ഞെടുപ്പുകളിൽ പ്രത്യേക നിലപാട് എടുക്കുകയോ, പ്രഖ്യാപിക്കാറോ ഇല്ല. എന്നാൽ ജിഫ്രി തങ്ങൾ സമസ്തയുടെ അധ്യക്ഷനായതിൽ പിന്നീട് മുസ്ലിംലീഗിനോട് മാത്രം ചേർന്ന് നിൽക്കുന്ന നിലപാടിൽ മാറ്റം വരുത്തി. വ്യക്തിഗത നേട്ടങ്ങളും, സംഘടനാപരമായ നേട്ടങ്ങളും ഉന്നം വെച്ച് കൊണ്ടായിരുന്നു ഈ നീക്കം. മുസ്ലിംലീഗിന് വോട്ട് നൽകരുത് എന്ന് സമസ്ത നേതൃത്വം അവരുടെ അണികളോട് ആവശ്യപ്പെടുകയാണെങ്കിൽ പോലും അക്കാര്യം അണികൾ അനുസരിക്കില്ല എന്നതാണ് സമസ്തയുടെ പ്രത്യേകത. ലീഗ് വിമർശകർ സമസ്തയിൽ പലപ്പോഴും തല പൊക്കുകയും, അവർ ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്നവരാണെന്ന് വരുത്തിത്തീർക്കുന്നതിലും നിപുണരാണ്. ഇത് വഴി ഇരട്ട നേട്ടവും അവർ ലക്ഷ്യമിടുന്നു. സമസ്തയിലെ ഒരു വിഭാഗം അടുത്തിടെ തങ്ങളോട് സൗഹൃദം സ്ഥാപിച്ചത് വോട്ടായി മാറുമെന്നാണ് ഇടതുപക്ഷം കണക്കു കൂട്ടിയത്. ഈ കണക്കുകൂട്ടലിൽ തന്നെയാണ്, ലീഗിൽ നിന്ന് പുറത്താക്കിയ കെ.എസ് ഹംസയെ എൽ.ഡി.എഫ് പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയതും. ഈ നീക്കം യഥാർത്ഥത്തിൽ പൊന്നാനിയിൽ സമദാനിയുടെ വിജയത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് മാത്രമല്ല, സമദാനിക്ക് വോട്ട് വിഹിതം വർദ്ധിക്കാൻ അത് ഇടയാവുകയും ചെയ്തു.

ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം നീക്കങ്ങൾ ഇത്തവണ പൂർണ്ണമായും വൃഥാവിലായി. സമസ്തയിലെ ലീഗ് വിരുദ്ധരെ കയ്യിലെടുക്കുന്നതിന് കെ.ടി ജലീൽ എം.എൽ.എ യാണ് ചുക്കാൻ പിടിച്ചത്. സമസ്തക്കുള്ളിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയതോടെ പൊന്നാനിയിൽ ഏതാണ്ട് വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലായിരുന്നു ഇടതു മുന്നണി. മലപ്പുറത്ത് ഇ.ടി ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫും, പൊന്നാനിയിൽ സമദാനിക്കെതിരെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എസ് ഹംസയുമാണ് മത്സരിച്ചത്. സമസ്തയുടെ സ്ഥാനാർത്ഥി എന്ന രീതിയിലാണ് കെ എസ് ഹംസയെ അവതരിപ്പിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് കരുതിയിടത്തെല്ലാം ലീഗ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പരാജയപ്പെട്ട താനൂർ മണ്ഡലത്തിൽ ഉൾപ്പെടെ ഇത്തവണ വൻ ലീഡ് നേടാൻ ലീഗിന് കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ കയ്യിലുള്ള തവനൂർ, താനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങളിലും സമദാനി വലിയ മുന്നേറ്റമുണ്ടാക്കി. പൊന്നാനി ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. ബഹുസ്വര സമൂഹത്തിന്റെ വോട്ട് സമദാനിക്ക് നേടാനായി എന്ന് വേണം കരുതാൻ. ഇതോടെ, സമസ്തയിലെ ഒരു വിഭാഗത്തെ മുൻനിർത്തിയുള്ള സിപി.എമ്മിന്റേയും കെ.ടി ജലീലിന്റേയും തന്ത്രം തീർത്തും വൃഥാവിലായി.

മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, സമസ്തയ്ക്ക് പുറമെ, കാന്തപുരം വിഭാഗത്തിന്റേയും വോട്ടുകളും മലപ്പുറത്തും പൊന്നാനിയിലും  ലീഗിന്റെ പെട്ടിയിലാണ് വീണത്. കെ.എസ് ഹംസയ്ക്ക് പാർട്ടിചിഹ്നം അനുവദിച്ചത് മണ്ഡലത്തിലെ പരമ്പരാഗത കമ്യൂണിസ്റ്റുകൾക്ക് അത്ര തന്നെ ദഹിച്ചിരുന്നില്ല. ഇതും ഇടത്പക്ഷത്തിന് വിനയായി. ദേശീയ രാഷ്ട്രീയവുമായി ഒരു നിലയ്ക്കും ബന്ധപ്പെടാത്ത കാര്യങ്ങളാണ് പൊന്നാനിയിൽ ചിലർ വിവാദമാക്കാൻ ശ്രമിച്ചതെന്ന് വിജയിച്ച എം.പി അബ്ദുസമദ് സമദാനി കുറ്റപ്പെടുത്തി. പൊന്നാനിയിൽ നിന്ന് മലപ്പുറത്തേക്ക് മാറിയ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും ശക്തമായ പ്രചാരണങ്ങൾ അരങ്ങേറിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് എതിരായ കുത്തിത്തിരിപ്പുകൾ ഏശിയില്ലെന്നും, ജനങ്ങൾ വലിയ തോതിലുള്ള സ്‌നേഹമാണ് ലീഗിനോട് കാണിച്ചതെന്നും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് ഭരണം ലഭിച്ചില്ലെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാൻ പാകത്തിലുള്ള ശക്തമായ പ്രതിപക്ഷം രാജ്യത്തുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

 വോട്ടെണ്ണൽ നടന്ന മലപ്പുറം ഗവൺമെന്റ്‌കോളേജും, തിരൂർ പോളിടെക്‌നിക്കും കാലത്ത് മുതൽ തന്നെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആധിപത്യമായിരുന്നു. ഫലം പുറത്ത് വന്ന് തുടങ്ങിയതോടെ മധുരവിതരണം നടത്തി പ്രവർത്തകർ വിജയം ആഘോഷിച്ചു. ഇ.ടി യും, സമദാനിയും പാണക്കാട് തറവാട്ടിലെത്തുമ്പോൾ, ലീഗിന്റെ ഇതര നേതാക്കളും അവിടെ സന്നിഹിതരായിരുന്നു. സാദിഖലി ശിഹാബ് തങ്ങൾ വിജയികളെ ആശീർവ്വദിച്ചു. മലപ്പുറത്തെ രണ്ട് സീറ്റുകൾക്ക് പുറമെ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ്ഗനിയേയും മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കിയിരുന്നു. രണ്ടാം ഊഴത്തിലും നവാസ്ഗനി വിജയിച്ചു.

കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ.കെ കോയാമു ഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മറ്റി നേതാക്കളായ റഫീഖ് മഞ്ചേരി, സത്താർ താമരത്ത് എന്നിവരുടെ നേതൃത്വത്തിൽ സൗദി-റിയാദിൽ തെരഞ്ഞെടുപ്പ് വിജയം ഗംഭീരമായി ആഘോഷിച്ചു. പുലർച്ചെ 4.30 മുതൽ ബത്ഹയിലെ 'എലിക്‌സിൽ നൂർ' ഓഡിറ്റോറിയത്തിൽ ബിഗ്‌സ്‌ക്രീൻ റിസൽട്ട് ലൈവ് സംഘടിപ്പിച്ചിരുന്നു. ഒട്ടേറെ മലയാളികളാണ് ഇവിടെ തെരഞ്ഞെടുപ്പ് ഫലം സ്‌ക്രീനിൽ വീക്ഷിക്കാനെത്തിയിരുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഇന്ത്യാ മുന്നണിയും, കേരളത്തിൽ യു.ഡി.എഫും വൻ വിജയം നേടിയതിൽ മധുരവും, പായസവും വിതരണം നടത്തി വലിയ തോതിലാണ് ആഹ്‌ളാദം നടത്തിയത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE