12:03pm 26 June 2024
NEWS
കുവൈറ്റ്‌ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ലജ്ജാകരം. ലോക കേരളസഭയിൽ വെളിപ്പെട്ടത് പിണറായിയുടെ മനസിലടിഞ്ഞുകൂടിയ പകയും മാലിന്യവും - സാബു എം ജേക്കബ്
16/06/2024  07:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുവൈറ്റ്‌ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ലജ്ജാകരം. ലോക കേരളസഭയിൽ വെളിപ്പെട്ടത് പിണറായിയുടെ മനസിലടിഞ്ഞുകൂടിയ പകയും മാലിന്യവും - സാബു എം ജേക്കബ്

കൊച്ചി: കുവൈറ്റിലെ തീപിടുത്തദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭയിൽ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്ക് മുഴുവനും അപമാനകരമാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്.

ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി ശ്രീ കെ. ജി. ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്നതരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസിലടിഞ്ഞുകൂടിയ പകയും വിഷവുമാണ് പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. ഇവിടെ നിന്നും ഗതികേടുകൊണ്ട് നാടുവിട്ട്, എന്നാൽ പതിറ്റാണ്ടുകളുടെ കഠിനപ്രയത്നത്തിലൂടെ വിജയം കൈവരിച്ച കെ. ജി. ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ഒരു ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം  അങ്ങേയറ്റം അപലപനീയമാണ്.

ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ കുവൈറ്റ്‌ അധികാരികൾ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ കമ്പനിയ്ക്കും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പിന്തുണ നൽകാനാണ് ശ്രമിച്ചതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട്‌ ദുരുപയോഗം ചെയ്തതും പിന്നീട് പ്രവാസികളുടെ അടച്ചിട്ടിട്ടുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്തിയതും ശ്രീ. കെ. ജി. ഏബ്രഹാം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കോടെയുള്ള മുനവച്ച പ്രസ്താവനകളിലൂടെ പുറത്തേക്ക് വന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു. 

പാവപെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ 
പൊതുഖജനാവിലെ കോടിക്കണക്കിന് പണം ഉപയോഗിച്ചാണ് പ്രവാസികളുടെ ക്ഷേമം ലാക്കാക്കിയിട്ടുള്ള ലോക കേരളസഭ നടത്തുന്നത്. ഒരു പ്രവാസി വ്യവസായിക്കും നിരവധി പ്രവാസി കുടുംബങ്ങൾക്കുമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അതേ ലോക കേരളസഭ തന്നെയാണ് താൻ ചെയ്ത കൊള്ളരുതായ്മകളെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാനുള്ള വേദിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചത്.

ഒരു പ്രവാസിക്കെതിരെ മുഖ്യമന്ത്രി നടത്തിയ കണ്ണിൽ ചോരയില്ലാത്ത പ്രസ്താവന യാതൊരു ഉളുപ്പുമില്ലാതെ കേട്ടിരുന്ന് കയ്യടിച്ച പ്രവാസി പ്രതിനിധികളായ 'പ്രാഞ്ചിയേട്ടന്മാരോട്' സഹതാപം മാത്രമാണ് തോന്നുന്നത്.

ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഒരു പ്രവാസി വ്യവസായിക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ ധാർമിക പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്തം എല്ലാ പ്രവാസികൾക്കും വ്യവസായികൾക്കുമുണ്ട്. അവർ നിശബ്ദത പാലിക്കുന്നത് ശരിയല്ല.

തന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കുമൊപ്പം നിൽക്കാത്തവരെ അടിച്ചൊതുക്കാനായിയിട്ടുള്ള മുഖ്യമന്ത്രി പിണറായിയുടെ ദുഷിച്ച മനസ്സ് മലയാളികൾ തിരിച്ചറിയണമെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam