11:53am 01 July 2024
NEWS
ചുവപ്പൻ മനസിന്റെ ചുവന്ന ചിന്തകൾ; ഉത്പലേന്ദു ചക്രവർത്തി
03/03/2024  10:21 AM IST
ആർ. പവിത്രൻ
ചുവപ്പൻ മനസിന്റെ ചുവന്ന ചിന്തകൾ; ഉത്പലേന്ദു ചക്രവർത്തി

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളല്ല. കുറഞ്ഞ പക്ഷം, ലെനിന്റെയോ സ്റ്റാലിന്റെയോ മാവോസേതൂങ്ങിന്റെയോ കാലത്തുള്ള പാർട്ടികൾ പോലെ. തുറന്നുപറയുകയാണെങ്കിൽ, എന്താണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വിലയിരുത്തുക ദുഷ്‌ക്കരമാണ്. നമ്മുടെ രാജ്യത്ത് വിപ്ലവകാരികൾ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ജീവൻ ത്യജിച്ചിട്ടുണ്ട്. എന്നാൽ ഒരു രക്തസാക്ഷിയായി ത്തീരുക എന്നതല്ല കമ്മ്യൂണിസ്റ്റായി ത്തീരുന്നതിന്റെ അളവുകോൽ. ആർക്കും ഒരു രക്തസാക്ഷിയായിത്തീരാനാവും. എന്നാൽ ഒരു കമ്മ്യുണിസ്റ്റായിത്തീരുന്നതിനർത്ഥം ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയെന്നതാണ്. അവർ ജനങ്ങളോടൊപ്പം ചരിക്കുകയും അവരോടൊപ്പം കഴിയുകയും, അവരുടെ ആത്മാവായി തീരുകയും ചെയ്യണം. എന്നാൽ ഇന്ത്യയിൽ ഇതല്ല കണ്ടുവരുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റെന്ന് പറയുന്നവർ പാർലമെന്ററി ഡമോക്രസിയുടെ ഭാഗമായിത്തീരുന്നു. അവർ പാർലമെന്റിലും അസംബ്ലിയിലും പങ്കെടുക്കുന്നു. പാർലമെന്റിലൂടെ ഒരുവന് കമ്മ്യൂണിസ്റ്റായിത്തീരാനാവുമോ എന്നെനിക്കറിയില്ല.

എങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന സഖാക്കളും പ്രവർത്തകരുമൊക്കെ നടത്തുന്ന സമരങ്ങളിലും, അവരുടെ ആത്മവീര്യത്തിലും ഞാൻ വിശ്വസിക്കുന്നു. അവരൊക്കെ വിശ്വാസവഞ്ചകന്മാരും കപടനാട്യക്കാരുമാണെന്ന് ഒരിക്കലും ഞാൻ പറയില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരോട് എനിക്ക് യോജിക്കാനാവില്ല.

നക്‌സലൈറ്റുകൾ പറയുംപോലെ ഇൻഡ്യ ഒരു അർദ്ധ-ജന്മിത്ത, അർദ്ധ- കൊളോണിയൽ രാജ്യമാണെന്ന(സെമി ഫ്യുഡൽ, സെമി കൊളോണിയൽ) അഭിപ്രായമുണ്ടോ?

~തീർച്ചയായും ഞാനങ്ങനെ വിശ്വസിക്കുന്നു. നിശ്ചയമായും ഇൻഡ്യ ഒരു അർദ്ധ- ഫ്യൂഡൽ, അർദ്ധ- കൊളോണിയൽ രാഷ്ട്രമാണ്. നമ്മുടെ രാജ്യത്തെ സംസ്‌ക്കാരത്തിലും ഉൽപ്പാദനബന്ധങ്ങളിലും ഫ്യൂഡൽ സ്വഭാവമാണ് ഇപ്പോഴും മുന്നിട്ടുനിൽക്കുന്നത്. അർദ്ധകൊളോണിയൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, നേരിട്ടുള്ള കോളനിവാഴ്ചയെന്നല്ല. ഇൻഡ്യൻ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് വിദേശമൂലധനമാണ്.

അപ്പോൾ ചൈനയിൽ നടന്നതുപോലുള്ള ജനകീയ ജനാധിപത്യ വിപ്ലവ(പീപ്പിൾസ് ഡെമോക്രാറ്റിക് റെവല്യൂഷൻ)മായിരിക്കണമോ ഇൻഡ്യയിലും സംഭവിക്കേണ്ടത്?

ചൈനീസ് വിപ്ലവത്തിന്റെയോ റഷ്യൻ വിപ്ലവത്തിന്റെയോ മോഡലിലുള്ള വിപ്ലവമായിരിക്കണമോ ഇൻഡ്യയിലും നടക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ല. എന്നാൽ അത്തരം വിപ്ലവം ഇൻഡ്യയിൽ അനിവാര്യമാണ്. ഒരുപക്ഷേ അതിന് കുറെ കാലവിളംബം നേരിട്ടേക്കാം. പക്ഷേ അത് സംഭവിച്ചേ തീരു. ഇന്നത്തെ പരിതഃസ്ഥിതി വിപ്ലവത്തിന് അനുകൂലമാണോ എന്നറിയില്ല. യഥാർത്ഥ വിപ്ലവകാരികളുടെ ശരിയായ നേതൃത്വത്തിലേ വിപ്ലവം നടക്കൂ. യഥാർത്ഥ നേതൃത്വം മൂലമുണ്ടാകേണ്ട വസ്തുനിഷ്ഠസാഹചര്യം ഇവിടുണ്ടായിട്ടുണ്ട് എന്ന് പറയാനാവില്ല. ഉത്തരേന്ത്യയെക്കാൾ കുറച്ചുകൂടി അനുകൂലമായിരുന്ന ദക്ഷിണേന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. തെലുങ്കാനപോലെ ആളിപ്പടർന്നു വന്ന പോരാട്ടങ്ങളെ, യഥാർത്ഥ നേതൃത്വത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല. ഇതിന്റെയൊക്കെ ഫലമായി ഒരുതരം രാഷ്ട്രീയ ഉദാസീനത ജനങ്ങളിൽ വളർന്നുവന്നിരിക്കുന്നു. എന്നാൽ ഇതിനർത്ഥം രാഷ്ട്രീയേതരമായി ജനങ്ങൾ ജീവിക്കുന്നുവെന്നല്ല. ബുദ്ധിജീവികളുൾപ്പെടെ എല്ലാവരും രാഷ്ട്രീയത്തിൽ കമ്മിറ്റ് ചെയ്യപ്പെടുന്നു. 'ഷോലെ' ഒരു രാഷ്ട്രീയ ചിത്രമാണ്. ചില മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ എന്റെ ചിത്രവും രാഷ്ട്രീയ സിനിമയാണ്. ഞാൻ ഒരു ആശയത്തെ, ജനങ്ങളെ ആ ആശയത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ ശ്രമിക്കുമ്പോൾ, 'ഷോലെ' യാഥാർത്ഥ്യത്തെ തകിടം മറിക്കാൻ ശ്രമിക്കുന്നു. ആർക്കും രാഷ്ട്രീയമായ നുകത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. എന്നാൽ ഒരു കലാകാരൻ എങ്ങനെ, എപ്രകാരം അതിനോട് പ്രതികരിക്കുമെന്നത് അയാളെ ആശ്രയിച്ചിരിക്കും.

ഇന്ത്യയിൽ സംസ്‌ക്കാരം ഒരു ദിശയിലേക്ക് നീങ്ങുമ്പോൾ, രാഷ്ട്രീയം മറ്റൊരു ദിശയിലേക്കാണ് നീങ്ങുന്നത്. ഇവ രണ്ടും ഒന്നുചേരുന്നില്ല. അതുകൊണ്ടാണ് ഇവിടുത്തെ ചലച്ചിത്രകാരൻമാർ ഉപരിതലത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രം ചിത്രീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതും, രാഷ്ട്രീയത്തോട് ചായ്‌വ് പുലർത്താതിരിക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ സംഭവവികാസങ്ങളോട് ചലച്ചിത്രകാരന്മാർക്ക് യാതൊരു ബന്ധവുമുണ്ടാകുന്നില്ല. അതുകൊണ്ടവർ വ്യക്തികൾ മാത്രമാവുകയും ഒരുതരം 'ഈഗോ' അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാലിതിനെ തിരുത്തുവാനോ നേർവഴിയിലേക്ക്  കൊണ്ടുവന്നു നയിക്കുവാനോ ഉതകുന്ന യഥാർത്ഥ നേതൃത്വം രാഷ്ട്രീയരംഗത്ത് കാണപ്പെടുന്നില്ല. ലെനിനെയോ മാവോസേതൂങിനെയോ ഹോചിമിനെയോ പോലെ, രാഷ്ട്രീയവും വൈരുദ്ധ്യ ശാസ്ത്രവും വ്യാഖ്യാനിച്ചുതരുകയും, രൂപത്തെയും ഉള്ളടക്കത്തെയും കുറിച്ച് ബോദ്ധ്യപ്പെടുത്തി തരുകയും ചെയ്യുന്ന ഒരാൾ ഉണ്ടാവേണ്ടിയിരിക്കുന്നു. എന്നാലിത് സംഭവിച്ചിട്ടില്ലായെന്നതോ പോകട്ടെ, ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം അടിത്തറ നഷ്ടപ്പെട്ട അവസ്ഥയിലുമായിരിക്കുന്നു. ഇതുകൊണ്ടാണ് 'വ്യക്തിഗത' കലാകാരന്മാർ രംഗത്തേയ്ക്ക് വരുന്നത്.

താങ്കൾ എങ്ങനെയാണ് ചലച്ചിത്ര രംഗത്തേയ്ക്ക് വന്നത്?

ശരിക്കും പറഞ്ഞാൽ 1975 ലാണ് ഞാൻ ചലച്ചിത്ര രംഗത്തേക്ക് വന്നത്. ചലച്ചിത്ര നിർമ്മിതിക്കിറങ്ങും മുമ്പ് ഈ മീഡിയയുമായി പ്രായോഗിക പരിചയം വേണമെന്നെനിക്ക് തോന്നി. അതും പ്രകാരം പ്രശസ്തമായ ഒരു സംവിധായകനെ സമീപിച്ചു ഫിലിം മേക്കിംഗുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഇക്കാലത്ത് ഞാൻ കഥകളെഴുതി തുടങ്ങിയിരുന്നു. എന്നാൽ കഥകളിലൂടെ ഒരു ചെറിയ വിഭാഗവുമായി മാത്രമേ സംവദിക്കാനാവൂ എന്നും, സമൂഹത്തിലെ ബഹുഭൂരിപക്ഷവുമായി വിനിമയം നടത്താൻ ഈ മാധ്യമം അപര്യാപ്തമാണെന്നും എനിക്ക് മനസ്സിലായി. ഈ അവസരത്തിൽ രാജ്യത്തെമ്പാടും പോലീസിന്റെ തേർവാഴ്ച അതിരൂക്ഷമാവുകയായിരുന്നു. വിപ്ലവം സ്വപ്നം കണ്ടിറങ്ങിയ ആയിരക്കണക്കിന് യുവാക്കൾ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. ഭരണയന്ത്രം അതിന്റെ യഥാർത്ഥ മർദ്ദക രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഇത് എന്നെയുണർത്തി. ഇതിനോട് പ്രതികരിക്കാതിരിക്കാൻ എനിക്കാവില്ല. ഒരു പുസ്തകമോ നോവലോ കഥയോ ആണെഴുതുന്നതെങ്കിൽ, ഇത് ശക്തമായി ആവിഷ്‌ക്കരിക്കാനോ, വിപുലമായ നിലയിൽ ആളുകളെ ആകർഷിച്ചു ബോദ്ധ്യപ്പെടുത്താനോ കഴിയില്ലെന്ന് ഞാൻ കണ്ടെത്തി. എന്നാലത് സെല്ലുലോയ്ഡിൽ പകർത്തുകയാണെങ്കിൽ അത് വളരെ ശക്തവും ആകർഷകവുമായിരിക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ ഞാൻ സിനിമാ നിർമ്മിതിക്കിറങ്ങി. അതൊരു ഡോക്യുമെന്ററിയായിരുന്നു. 'മുക്തിഛായ്'. ആത്യന്തികമായും രാഷ്ട്രീയ ഉദ്ദേശത്തോടെ നിർമ്മിച്ച ഒരു ചിത്രമായിരുന്നത്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനും, സ്വാതന്ത്ര്യപ്പോരാളികളെ യാതൊരു കാരണവും കൂടാതെ കൽത്തുറുങ്കിലടയ്ക്കാനും വേണ്ടി, ബ്രിട്ടീഷുകാർ നടപ്പിലാക്കിയിരുന്ന 'റൗലക്ട് ആക്ട്' എന്ന കരിനിയമത്തിന്റെ ചരിത്രപരമായ ഒരു വ്യാഖ്യാനമായിരുന്നു ആ ചിത്രം. 1947 ന് ശേഷം,  നമ്മുടെ സ്വതന്ത്ര ഗവൺമെന്റ് ഈ കരിനിയമം 'മിസ' എന്ന പേരിൽ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു എന്ന  വസ്തുതയിലേക്കാണ് ഞാൻ വിരൽ ചൂണ്ടിയത്. അതുകൊണ്ട് ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടിയിരിക്കുന്നുവെന്നും യഥാർത്ഥ സ്വാതന്ത്ര്യം ഇനിയും നേടേണ്ടിയിരിക്കുന്നുവെന്നും ഞാൻ പറഞ്ഞു. കൊളോണിയൽ വാഴ്ചക്കാലത്തെ അവസ്ഥ ഇന്നും തുടരുന്നു. പോലീസ് ഉൾപ്പെടെയുള്ള ഭരണയന്ത്രത്തിന്റെ റോളും പഴയതുതന്നെയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുന്നവരെ അന്നത്തെപ്പോലെ അടിച്ചമർത്തപ്പെടുന്നു. ഈ ഫിലിം പശ്ചിമബംഗാളിൽ മാത്രമല്ല, ഇന്ത്യയൊട്ടുക്കുതന്നെ വളരെ പോപ്പുലറായി. ആളുകൾ വലിയ ആവേശത്തോടെ അത് സ്വീകരിച്ചു. എന്നാൽ രാഷ്ട്രീയമായ കാരണങ്ങളാൽ ഇടതുപക്ഷ ഗവൺമെന്റിന് ആ ചിത്രം വിലയ്ക്ക് വാങ്ങാൻ കഴിയാതെ വന്നു. കേന്ദ്രത്തിൽ ജനതാഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ഈ ചിത്രം നിരോധിക്കപ്പെട്ടു. ലോകത്തിന് മുന്നിൽ ഇത് കാട്ടിക്കൊടുക്കാൻ അനുവദിക്കപ്പെട്ടില്ല. എന്നാൽ അതിവിപുലമായും വ്യാപകമായും 'മുക്തിഛായ' സ്‌ക്രീൻ ചെയ്യപ്പെട്ടു. വിദ്യാർത്ഥി-യുവജന സംഘടനകളും സിനി ക്ലബ്ബുകളും മറ്റ് പുരോഗമന സംഘടനകളും ആവേശപൂർവ്വം മുന്നോട്ടുവരുകയും, ഈ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. അതിലൂടെ നിർമ്മാണച്ചെലവ് നേടിയെടുക്കാനും കഴിഞ്ഞു.

ഇതിനുശേഷം പശ്ചിമബംഗാൾ ഗവൺമെന്റ് നൽകിയ ഗ്രാന്റിന്റെ സഹായത്തോടെ ആദ്യത്തെ ഫീച്ചർ ഫിലിമായ 'മൊയ്‌നിദ്ദത'(പോസ്റ്റുമോർട്ടം) ഞാൻ നിർമ്മിച്ചു. ഈ ചിത്രം വിജയിച്ചതോടെയാണ്, തുടർന്ന് പശ്ചിമബംഗാൾ ഗവൺമെന്റ് 'ചോഖ്' നിർമ്മിക്കാൻ തയ്യാറായത്. 'ചോഖി'ന്റെ നിർമ്മാണത്തിൽ എനിക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഗവൺമെന്റിൽ നിന്ന് യാതൊരു നിബന്ധനകളോ നിർദ്ദേശങ്ങളോ തടസ്സമായുണ്ടായില്ല. മാത്രമല്ല, മുഖ്യമന്ത്രി ജ്യോതിബാസു പ്രത്യേക താൽപ്പര്യവും പരിഗണനയും ഇക്കാര്യത്തിൽ പുലർത്തുകയും ചെയ്തിരുന്നു.

ചോഖിന്റെ നിർമ്മാണകാലത്ത് ഒരു ചണമില്ലിന്റെ മാനേജുമെന്റുമായി ചില പ്രശ്‌നങ്ങളുണ്ടായതായി പറയുന്നുണ്ടല്ലോ, എന്താണത്?

അത് വളരെ രസകരമായ ഒരു സംഭവമായിരുന്നു. ഒരു ചണമില്ലിൽ വച്ച് യഥാർത്ഥ തൊഴിലാളികളുൾപ്പെടെ കുറെ സ്വീക്വൻസുകൾ എടുക്കേണ്ടതുണ്ടായിരുന്നു. ചണമിൽ അധികൃതർ അതിനനുവാദവും നൽകിയിരുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ചണമില്ലിന്റെ മാനേജിംഗ് ഡയറക്ടർ അത്യാവശ്യമായി എന്നെ വിളിപ്പിച്ചു. കാര്യമറിയാൻ ചെന്ന എന്നോട് അദ്ദേഹം വളരെ സൗഹാർദ്ദപൂർവ്വം പറഞ്ഞു- 'മി: ഉത്പലേന്ദു ഇവിടെ ഒരു പ്രശ്‌നമുണ്ടായിരിക്കുകയാണ്. തൊഴിലാളികൾ 13 ശതമാനം ബോണസ് ആവശ്യപ്പെടുന്നു. 8 ശതമാനം കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാലവർ സമ്മതിക്കുന്നില്ല. മാത്രമല്ല കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. താങ്കൾക്ക് ചിത്രം ഷൂട്ട് ചെയ്യാൻ അനുവാദം തന്നതാണ്. പക്ഷേ സമരമുണ്ടാകുകയാണെങ്കിൽ അതെങ്ങനെ നടക്കും? അതുകൊണ്ട് ഒരു കാര്യം ചെയ്യുക. താങ്കൾ മാനേജ്‌മെന്റിനുവേണ്ടി തൊഴിലാളികളുമായി സംസാരിച്ചു പ്രശ്‌നം ഒന്നു ഒത്തുതീർപ്പിലെത്തിക്കുക.'

ഈ ചാക്കിടൽ വിദ്യ കേട്ടപ്പോൾ എന്റെ രക്തം തിളച്ചു. എങ്കിലും ഞാൻ പറഞ്ഞു- 'ഓ. കെ. താങ്കളുടെ പ്രശ്‌നം പരിഹരിക്കുന്നുണ്ട്.' ഫാക്ടറിക്ക് പുറത്തേക്ക് ഞാൻ വരുമ്പോൾ തൊഴിലാളികൾ നടയിൽ കൂടിനിൽപ്പുണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ ഒരു മേശയെടുത്തു ഗെയിറ്റിന് മുന്നിലിട്ടു. അതിന്റെ മുകളിൽ കയറി നിന്നു തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു- നിങ്ങൾ പിൻമാറണ്ട. ഞാൻ ഷൂട്ട് ചെയ്‌തോളാം. ഞാനിനിയും വരും. ഇതേത്തുടർന്ന് മാനേജ്‌മെന്റ് ലോക്കൗട്ട് പ്രഖ്യാപിച്ചു. എന്നാൽ തൊഴിലാളികളോട് ഞാൻ ഉറപ്പുനൽകി; എന്റെ ചിത്രം ഇവിടെ വച്ചുതന്നെ ചിത്രീകരിക്കും എന്ന്. ഒരു മാസം കഴിഞ്ഞു സമരം ഒത്തുതീർപ്പായി. ഫാക്ടറി തുറന്നു. ഞാൻ എല്ലാവരുടേയും സഹകരണത്തോടെ വിജയകരമായി ഷൂട്ടിംഗ് നടത്തുകയും ചെയ്തു.

ഞാനിപ്പോൾ ഒരു തൊഴിലാളി പ്രവർത്തകനോ വിപ്ലവകാരിയോ അല്ല. എല്ലാവരും പറയാറുണ്ട്- ഉൽപലേന്ദു ഒരു കമ്മ്യൂണിസ്റ്റാണ് എന്ന്. എന്നാലിത് കേൾക്കുമ്പോൾ ശരിക്കും എനിക്ക് ഭയമാണ് തോന്നുന്നത്. ഞാൻ നാളെ ഒരു അവസരവാദിയായിത്തീരില്ലെന്ന് ആർക്ക് ഉറപ്പു നൽകാനാവും? കാലവും പരിതഃസ്ഥിതികളും തെളിയിക്കും ഞാനാരാണെന്ന്. 1975 ൽ അടിയന്തിരാവസ്ഥക്കാലത്തു ഇന്ത്യയിലെ വമ്പൻ വിപ്ലവകാരികളുടേയും പേരുകേട്ട ഉൽപ്പതിഷ്ണുക്കളുടേയുമൊക്കെ തനിനിറം നാം കണ്ടതാണ്. ഇനി ഒരിക്കൽ കൂടി എമർജൻസി വന്നാലും, അവരുടെയൊക്കെ യഥാർത്ഥ സ്വഭാവവും നിറവും നമുക്ക് മനസ്സിലാക്കാനാവും. അതുകൊണ്ടു ഞാനെന്നെക്കുറിച്ച് ഉയർന്ന വാക്കുകളൊന്നും പറയുന്നില്ല.

റേയുടേയും മൃണാൾ സെന്നിന്റേയും സിനിമകൾ താങ്കളെ സ്വാധിനിച്ചിട്ടുണ്ടോ ?

~എന്റെ ചലച്ചിത്രകലയെ ആരെങ്കിലും സ്വാധീനിച്ചിണ്ടോ എന്നും, ആരുടെയെങ്കിലും സ്വാധീനം അതിൽ പ്രകടമാണോ എന്നും വിലയിരുത്തേണ്ടത് ഞാനല്ല. എന്റെ ചിത്രം കാണുന്നവരാണത് തീരുമാനിക്കേണ്ടത്. ഇന്ത്യയിലെതന്നെ ധാരാളം ചലച്ചിത്രകാരന്മാരെ ഞാനിഷ്ടപ്പെടുന്നുണ്ട്. സത്യജിത് റേയെ ഞാനാദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുപോലെ രചനകളുടേയും ക്രാഫ്റ്റ്മാൻ ഷിപ്പിന്റെയും അടിസ്ഥാനത്തിൽ ഋത്വിക് ഘട്ടക്കിനെയും ഞാൻ വളരേയേറെ ഇഷ്ടപ്പെടുന്നു. തെക്കേ ഇന്ത്യൻ ചലച്ചിത്രകാരന്മാരിൽ, അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റേയും ഫിലിമുകൾ എനിക്കിഷ്ടമാണ്. അതുപോലെ ഗിരീഷ് കാസറവള്ളിയേയും ബി.വി. കാരന്തിനേയും ഞാനിഷ്ടപ്പെടുന്നു. എന്നാൽ ഇവരിൽ ആരൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്ക് പറയാൻ കഴിയില്ല. തെക്കേ ഇന്ത്യൻ ചലചിത്രകാരന്മാർ എനിക്ക് വലിയ ഉത്തേജനം നൽകിയിട്ടുണ്ട്. അവരുടെ അനാർഭാടവും ആത്മാർത്ഥതയും  നിറഞ്ഞ രീതി എന്നെ വളരേയേറെ ആകർഷിച്ചിട്ടുണ്ട്. സാമൂഹിക വൈരുദ്ധ്യങ്ങൾ അവർ മികവോടെ ചിത്രീകരിക്കുന്നു.

സത്യജിത് റേയുടെ മാനുഷികാഖ്യാന വീക്ഷണത്തോട് എനിക്ക് വലിയ പ്രതിപത്തിയുണ്ട്. അദ്ദേഹം തനിക്ക് ഏതെങ്കിലും പ്രത്യേക വിശ്വാസപ്രമാണങ്ങളോട് പ്രത്യയശാസ്ത്രത്തോടെ പ്രതിബന്ധതയുണ്ടെന്ന് അവകാശപ്പെടുന്നില്ല. താൻ ഏതെങ്കിലും രാഷ്ട്രീയ വീശ്വാസിയാണെന്നോ, ഏതെങ്കിലും പാർട്ടി അനുഭാവിയാണെന്നോ അദ്ദേഹം പറയുന്നില്ല. എന്നാൽ അങ്ങനെ അവകാശപ്പെടുന്നവരേക്കാൾ ആത്മാർത്ഥതയോടെ അദ്ദേഹം സാമൂഹിക യാഥാർത്ഥ്യങ്ങൾ പകർത്തുകയും ചെയ്യുന്നു. യാതൊരുവിധ ഹിപ്പോക്രസികളിലുമില്ലാത്ത ചലച്ചിത്രകാരനാണ് റേ. ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. അദ്ദേഹം ദുരൂഹതയില്ലാതെ ഋജ്ജുവായി പറയാനുള്ളത് പറയുന്നു. ആ രീതി എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥക്കാലത്ത് വിപ്ലവകാരികളും ബുദ്ധിജീവികളെല്ലാം പത്തിതാഴ്ത്തി മാളത്തിലൊളിക്കുകയോ, ഗവൺമെന്റിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്തപ്പോൾ, വിപ്ലവകാരിയല്ലാത്ത റേ എന്നത്തേയും പോലെതന്നെ അചഞ്ചലനായി നിന്നു. ആ വ്യക്തി പ്രഭാവം അടിയറവ് പറഞ്ഞില്ല. അടിയന്തിരാവസ്ഥക്കാലത്ത് ശ്രീമതി ഇന്ദിരാഗാന്ധി റേയോട് ഒരു ചിത്രം നിർമ്മിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഈ ഓഫർ നിരസ്സിച്ചുകൊണ്ട് ചങ്കൂറ്റത്തോടെ അദ്ദേഹം പറഞ്ഞു- ഞാനൊരു മോശപ്പെട്ട പ്രചാരകനായിരിക്കും. അതുകൊണ്ട് സാധ്യമല്ല. 

ഇതാണ് റേ. ഈ ചങ്കൂറ്റവും വ്യക്തിപ്രഭാവവും നമ്മുടെ എത്ര ചലച്ചിത്രകാരന്മാർക്കുണ്ട്? വിപ്ലവകാരികളും കമ്മിറ്റഡ് ചലച്ചിത്രകാരന്മാരുമെന്നൊക്കെ വീമ്പിളക്കിയിരുന്നവർ അക്കാലത്ത് ഇരുപതിന് നടപടിയെക്കുറിച്ച് പടമെടുക്കാനും സഞ്ജയ്ഗാന്ധിക്ക് സ്മൃതിവചനം പാടാനുമായിരുന്നു ഒരുമ്പെട്ടിരുന്നത്. ഈ ഹിപ്പോക്രസി ഉന്നതനായ ഈ ചലച്ചിത്രകാരനിൽ തെല്ലുമില്ല.

മൃണാൾ സെന്നിന്റെ ചിത്രങ്ങൾ രാഷ്ട്രീയസിനിമകളാണെന്ന അഭിപ്രായമുണ്ടോ?

ഇല്ല. മൃണാൾ സെന്നിന്റെ ചിത്രങ്ങൾ രാഷ്ട്രീയ സിനിമകളല്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ചില രാഷ്ട്രീയ ആദർശങ്ങൾ കണ്ടേക്കാം. പക്ഷേ അതുകൊണ്ടവ രാഷ്ട്രീയ ചിത്രങ്ങളാകുന്നില്ല. നമ്മുടെ നാട്ടിൽ യഥാർത്ഥ രാഷ്ട്രീയ ചിത്രം നിർമ്മിക്കുക പ്രയാസമാണ്. എന്റെ ചിത്രങ്ങളും യഥാർത്ഥ രാഷ്ട്രീയ സിനിമകളല്ല. സാമൂഹിക അനീതിയും പ്രശ്‌നങ്ങളും ആവശ്യങ്ങളും പോസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതേസമയം യഥാർത്ഥ രാഷ്ട്രീയ സിനിമ ഭരണയന്ത്രത്തേയും വ്യവസ്ഥിതിയേയും, യാതൊരു മറയും കൂടാതെ നേരിട്ടാക്രമിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ അത്തരം സിനിമകളുണ്ടായിട്ടില്ല. മൃണാൾ സെന്നിന്റെ രാഷ്ട്രീയവീക്ഷണവും സങ്കൽപ്പങ്ങളും എന്താണെന്ന് ആർക്കും മനസ്സിലാകില്ല.

രാഷ്ട്രീയ സിനിമ എന്ന പേരിൽ മൃണാൾസെൻ ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്റെ ചോദ്യം ഇതാണ്. ഈ ചിത്രങ്ങൾ കാണുന്ന വിദേശീയർക്ക് ഇന്ത്യൻ രാഷ്ട്രീയ പരിതഃസ്ഥിതിയെക്കുറിച്ച് ഒരു യഥാർത്ഥ ചിത്രം ലഭിക്കുമോ? അവ്യക്തവും കൂടിക്കുഴഞ്ഞതുമായ ഒരു ശ്ലഥചിത്രം മാത്രമേ ലഭിക്കുകയുള്ളൂ. ആർക്കും എന്തും സിനിമയിലൂടെ പകർത്തിക്കാട്ടാനാകും. പക്ഷേ അതല്ല വേണ്ടത്. ഇന്ത്യയ്ക്ക് വെളിയിൽ പോകുന്ന ചിത്രങ്ങൾ, നമ്മുടെ  നാടിനെക്കുറിച്ചും ഇവിടുത്തെ രാഷ്ട്രീയ പരിതഃസ്ഥിതികളെക്കുറിച്ചനും യഥാർത്ഥ അറിവല്ല പകർന്നുകൊടുക്കുന്നത്. ഈയിടെ ബർലിനിൽ വച്ച് ഇത്തരം ഒരനുഭവമു ണ്ടായി. ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ചെന്ന ഞാൻ സാന്ദർഭികമായി അവിടെ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചിത്രങ്ങളേതൊക്കെയാണെന്വേഷിച്ചു. അക്കൂട്ടത്തിൽ ഇന്ത്യൻ ക്ലാസിക് എന്ന വിശേഷണത്തോടെ ഒരു ചിത്രമുണ്ടായിരുന്നു. ആ ഇന്ത്യൻ ക്ലാസിക് ഏതാണെന്ന് ആകാംക്ഷയോടെ വായിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ ഇന്ത്യൻ ക്ലാസിക് ഏതാണെന്നറിയണ്ടേ- 'ഷോലെ'. ഒരു മാസ്റ്റർ പീസായിട്ടാണ് ഷോലെയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാനുടൻതന്നെ ഫെസ്റ്റിവൽ അധികൃതരുമായി ബന്ധപ്പെട്ട് വിവരമന്വേഷിച്ചു. അപ്പോഴാണറിഞ്ഞത്, ഈ പ്രോപ്ഗൻഡയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഇന്ത്യാക്കാരിയായ ഒരു യുവതിയാണെന്ന്. ഞാനവരെക്കണ്ടു, എന്തുകൊണ്ടാണ് നിങ്ങൾ ഈ ചിത്രത്തെ ഇന്ത്യൻ ക്ലാസിക്കെന്ന് വിശേഷിപ്പിച്ചതെന്ന് ചോദിച്ചു. അവർക്ക് മറുപടിയുണ്ടായിരുന്നില്ല. ഇരുപത്തിഅഞ്ചോ ഇരുപത്തിയാറോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ യുവതിക്ക് ഇന്ത്യൻ സിനിമയെക്കുറിച്ചോ, നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ചോ യാതൊരു വിവരവുമില്ലായിരുന്നില്ല. ലണ്ടനിൽ ജനിച്ച അവർ ഇന്ത്യയിലല്ല കഴിയുന്നത്. അവരോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ആ സ്ത്രീക്ക് സാഹിത്യമറിയില്ല. സിനിമയറിയില്ല. ഇംഗ്ലണ്ടിൽ ജനിച്ചവളർന്ന അവർ ഷേക്‌സ്പിയറുടെ ഒരു കൃതിപോലും വായിച്ചിട്ടില്ല. റേയെക്കുറിച്ചറിയില്ല. റേയുടെയോ മറ്റ് പ്രഗത്ഭരായ ഇന്ത്യൻ ചലച്ചിത്രകാരന്മാരുടെയോ ഒറ്റച്ചിത്രം പോലുമവർ കണ്ടിട്ടില്ല. അവരാണ് 'ഷോലെ'യെ ഇന്ത്യൻ ക്ലാസിക്കെന്നും, മാസ്റ്റർ പീസെന്നും വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ക്ലാസിക്കെന്ന പേരിൽ ഇത്തരം ചിത്രങ്ങൾ കാണുന്ന വിദേശീയർക്ക് നമ്മുടെ സിനിമയെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും എന്തുരൂപമായിരിക്കും ലഭിക്കുന്നത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മൾ ആരുമറിയാതെ, ഇന്ത്യൻ യാഥാർത്ഥ്യത്തെ വളച്ചൊടിക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന എത്രയോ കമേഴ്‌സ്യൽ ചിത്രങ്ങൾ ക്ലാസിക്കുകളെന്നും മറ്റമുള്ള വിശേഷണത്തോടെ വിദേശ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

താങ്കൾ ഇപ്പോഴും ഒരു  നക്‌സലൈറ്റ് അനുഭാവിയാണോ?

ഞാൻ സി.പി.ഐ.എം എല്ലിൽ അംഗമായിരുന്നു. ഇക്കാര്യം തുറന്നുപറയുന്നതിൽ എനിക്കൊരു ഭയവുമില്ല. കാരണം ഞാനൊരു കൊള്ളക്കാരനോ കൊലയാളിയോ ആയിരുന്നില്ല. ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. സി.പി.ഐ എം എല്ലിന്റെ പ്രവർത്തനരീതി തെറ്റായിരിക്കാം, അല്ലെങ്കിൽ ശരിയായിരിക്കാം. പാർട്ടി ലൈനിനെ സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. എന്നാൽ ഒരു കാര്യം ഞാൻ തറപ്പിച്ചുപറയും. അവർ സാമൂഹ്യവിരുദ്ധന്മാരല്ല. അവർ വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ജീവിതം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കുകയും, ജീവിതത്തിന്റെ നല്ല കാലം ജയിലുകളിൽ ചെലവഴിക്കുകയും ചെയ്യുന്നു. അവർ രക്തസാക്ഷികളായിത്തീരുന്നു. പക്ഷേ സമൂഹത്തിന്റെ പരിവർത്തനം ഒരുതരം സ്വപ്നം മാത്രമാണോ?

സി.പി.ഐ.എം.എല്ലിന്റെ രാഷ്ട്രീയത്തിലൂടെ എനിക്ക് സമൂഹത്തെയും ജനങ്ങളെയും മനസ്സിലാക്കാൻ സഹായിച്ചു. നാടിന്റെ ശത്രുവിനെ തിരിച്ചറിയാനും സാധിച്ചു. നക്‌സലൈറ്റുകൾക്കും ധാരാളം തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അവരുടെ പോളിസി തെറ്റാണെന്നും നിങ്ങൾ പറഞ്ഞാൽ ഞാൻ നിങ്ങളോട് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്‌തേക്കാം. പക്ഷേ അവർ സാമൂഹ്യവിരുദ്ധന്മാരും, ജനങ്ങളുടെ ശത്രുക്കളുമാണെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും നിങ്ങളോട് യോജിക്കില്ല.

താങ്കളുടെ ആശയങ്ങൾ ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കാനാണോ ശ്രമിക്കുന്നത്?

ഞാനെന്തെങ്കിലും പറയാനോ പ്രചരിപ്പിക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അതെന്റെ ചിത്രങ്ങളിലുണ്ടായിരിക്കും. എന്നാൽ അതിലൂടെ സമൂഹത്തെ മാറ്റിമറിക്കാമെന്ന് ഞാൻ കരുതുന്നില്ല. ഒരു ചലച്ചിത്രകാരന് സമൂഹത്തെ മാറ്റാനാവില്ല. എന്തെങ്കിലും ആഹ്വാനം ചെയ്യാനുമില്ല. ഒരു യഥാർത്ഥ വിപ്ലവപ്പാർട്ടിയാണ് വിപ്ലവത്തിന് ആഹ്വാനം ചെയ്യേണ്ടത്. അവരാണ് സമൂഹത്തെ മാറ്റിമറിക്കേണ്ടത്. കലാകാരന്മാർ സമൂഹത്തിന്റെ ഉപരിഘടനയിലാണ് നിൽക്കുന്നത്. സാംസ്‌ക്കാരികമായ മാറ്റത്തിന് ശ്രമിക്കാനേ അവന് കഴിയൂ. അതാകട്ടെ ഉപരിഘടനയിലെ മാറ്റമേ ആകൂ.

മലയാള ചിത്രം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ?

ഒരു ദക്ഷിണേന്ത്യൻ ഭാഷയിൽ ചിത്രമെടുക്കാൻ എനിക്ക് ഉദ്ദേശമുണ്ട്. ഒരു കഥ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ആദ്യം കണ്ടെത്തേണ്ടത് അതിന് തയ്യാറുള്ള ഒരു നല്ല നിർമ്മാതാവിനെയാണ്. ഹരിജന പീഡനവും ജാതീയമായ ഉച്ചനീചത്വവുമൊക്കെ ഉൾപ്പെട്ട ഒരു തീമാണ്. എന്നാൽ അതിന്റെ രൂപം അത്തരത്തിലായിരിക്കില്ല. ഒരു ഫ്യൂഡലിസ്റ്റ് സമൂഹത്തിലെ വർഗ്ഗവൈരുദ്ധ്യമാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കഴിഞ്ഞ അവസരത്തിലുണ്ടായ ചില അനുഭവങ്ങളെ അവലംബമാക്കി ഞാനെഴുതിയ ഒരു കഥയാണത്. എന്ന് കരുതി അത് തെലുങ്ക് ഭാഷയിൽ തന്നെ എടുക്കണമെന്നില്ല. ഏത് ഭാഷയിലുമാകാം. ധാരാളം സെന്റിമെന്റ്‌സും, വയലൻസും, ഇമോഷൻസുമൊക്കെ ഉണ്ടാകും. എങ്കിലും ലളിതമായ രീതിയിലായിരിക്കും അതും ആവിഷ്‌ക്കരിക്കുന്നത്.

പുന്നപ്ര- വയലാർ സംഭവത്തെയോ കയ്യൂർ സമരത്തെയോ കുറിച്ചൊരു മലയാള ചിത്രം നിർമ്മിക്കാൻ ഓഫർ കിട്ടിയാൽ സ്വീകരിക്കുമോ?

തീർച്ചയായും. ആരെങ്കിലും അതിന് മുന്നിട്ട് വന്നാൽ സന്തോഷപൂർവ്വം ഞാനത് സ്വീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW