10:37am 01 July 2024
NEWS
പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹം, വെറുപ്പിന്റെ ഭാഷ ഇന്ത്യൻ പാരമ്പര്യത്തെ തകർക്കും: ഖത്തർ പ്രവാസി സംഘടനകൾ
10/06/2022  07:01 PM IST
റഫീക്ക് വടക്കേകാട്
പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹം, വെറുപ്പിന്റെ ഭാഷ ഇന്ത്യൻ പാരമ്പര്യത്തെ തകർക്കും: ഖത്തർ പ്രവാസി സംഘടനകൾ

പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹം: സോഷ്യൽ ഫോറം 
ദോഹ: ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകനെതിരെയുള്ള പരാമർശം പ്രതിഷേധാർഹമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഇത്തരം നിരുത്തവാദപരമായ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ബിജെപിയുടെ ഒരു സമുന്നത നേതാവിൽ നിന്ന് ഇത്തരത്തിലൊരു പരാമർശം ഉണ്ടായിട്ടും വേണ്ടവിധത്തിൽ നടപടിയെടുക്കാൻ ബിജെപി നേതൃത്വം തയ്യാറാകാത്തത് ദുരൂഹത വർദ്ദിപ്പിക്കുന്നു. 

ലോക മുസ്ലിംകൾ സ്വന്തത്തേക്കാളേറെ സ്നേഹിക്കുന്ന പ്രവാചകനെതിരെ മോശമായ പരാമർശം നടത്തിയതിനെതിരെ അറബ് ലോകവും മറ്റു ലോക രാഷ്ട്രങ്ങളും രംഗത്ത് വന്ന സാഹചര്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾ തങ്ങളുടെ നിലനില്പിൽ ആശങ്കാകുലരാണ്. ഇതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്ന നടപടികളിലേക്ക് വരെ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചേക്കാം. 

ലോകത്തിന്റെ സ്പന്ദനം തിരിച്ചറിയാത്ത ചിലർ നടത്തുന്ന പരാമർശങ്ങൾ വഴി  ഇന്ത്യയെ ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നതെന്നും  ഇത്തരത്തിൽ മതവിദ്വേഷം പരത്തുന്നവർക്കെതിരിൽ ശക്തമായ നടപടി കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സോഷ്യൽ ഫോറം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വെറുപ്പിന്റെ ഭാഷ ഇന്ത്യൻ പാരമ്പര്യത്തെ തകർക്കും: പ്രവാസി കോർഡിനേഷൻ കമ്മിറ്റി 
ദോഹ : വെറുപ്പിന്റെ ഭാഷയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും  ചെയ്യുന്നത്  ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുമെന്നും  ലോകത്തിന് മുന്നിൽ ഇന്ത്യയെ  അപഹാസ്യമാക്കുമെന്നും  ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ  പ്രവാസി  കോർഡിനേഷൻ  കമ്മറ്റി  അഭിപ്രായപ്പെട്ടു . വെറുപ്പല്ല  ഭാരതത്തിന്റെ സംസ്കാരം . ലോകത്തെ എല്ലാ  മതങ്ങളെയും  വിശ്വാസങ്ങളെയും  സ്വീകരിക്കുകയും  ഉൾക്കൊള്ളുകയും  ചെയ്യുന്നതാണ് ഇന്ത്യൻ സംസ്കാരം . ഇതാണ് ലോകത്തിനു  മുന്നിൽ  ഇന്ത്യയെ തലയുയർത്തി  നിർത്തുന്നത്.

എന്നാൽ കുറച്ചു കാലമായി രാജ്യത്തു  ഉയർന്നു വരുന്ന വെറുപ്പിന്റെ സംസാരവും  പ്രവർത്തിയും അപകടകരമാണ് .ഇന്ത്യ ഉയർത്തിപിടിക്കുന്ന ഉന്നതമായ  മൂല്യങ്ങളാണ്‌ ഇവിടെ വെല്ലുവിളി നേരിടുന്നത്. രാജ്യത്തെ ജനങ്ങളെ വെറുപ്പ് ഉത്പാദിപ്പിച്ച് വിഭജിക്കാനുള്ള ശ്രമമാണ്  ഇതിന്റെ പിന്നിൽ.

വെറുപ്പ് പരത്തി ജനങ്ങളെ വിഭജിക്കുന  ശക്തികളെ  തുറന്നെതിർക്കാൻ ഏവരും മുന്നോട്ട് വരണം. ഇത്തരക്കാരുടെ  പ്രവർത്തികൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കും.  കഴിഞ്ഞ ദിവസം പ്രവാചകനെ കുറിച്ച് വളരെ ഉത്തരവാദപ്പെട്ടവർ നടത്തിയ വെറുപ്പിന്റെ സംസാരം അപലപനീയമാണ് . ഇങ്ങനെയുള്ള വ്യക്തികൾക്കും  സംവിധാനങ്ങൾക്കും  എതിരെ  നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം . അതിലൂടെ മാത്രമേ നമ്മുടെ നാട്  കത്ത് സൂക്ഷിച്ച സൗഹാർദ്ദത്തിന്റെ സംസ്കാരം  ലോകത്തെ ബോധ്യപെടുത്താൻ  സാധിക്കുകയുള്ളൂ. 

ഇത്തരം പ്രസ്താവനകൾ  രാജ്യത്തിന്റെ പ്രതിച്ഛായയെ മാത്രമല്ല   അന്താരാഷ്ട്ര ബന്ധങ്ങളെ പോലും  ബാധിക്കുന്ന  തലത്തിലേക്ക്‌  ഉയർന്നിട്ടുണ്ട്‌ . വിശിഷ്യാ ഗൾഫു രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക വാണിജ്യ സാംസ്‌കാരിക ബന്ധത്തിന്  വലിയ വിള്ളൽ സൃഷ്ട്ടിച്ചിട്ടുണ്ട് . വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് പോലും അപമാനമാണ്  ഇത്തരക്കാരുടെ  നടപടികളെന്നും പ്രവാസി കോർഡിനേഷൻ കമ്മറ്റി  പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL