09:52am 01 July 2024
NEWS
വത്തിക്കാന് ബോദ്ധ്യമായ സത്യം: കേരളസഭ കണ്ണുതുറന്നു കാണണം
22/06/2023  08:52 AM IST
വത്തിക്കാന് ബോദ്ധ്യമായ സത്യം: കേരളസഭ കണ്ണുതുറന്നു കാണണം

2018 സെപ്റ്റംബർ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധർ രൂപതയുടെ ആർച്ച് ബിഷപ്പും, തൃശൂരിലെ സീറോ മലബാർ സഭ കുടുംബാംഗവുമായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാവുന്നത്. ഭാരത കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാവുന്നത് ആദ്യസംഭവമായതുകൊണ്ട് കൂടിയാവാം അത് നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും വാർത്തയായി.

ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ്(എം.ജെ) എന്ന സന്യാസിനി സഭയിലെ കന്യാസ്ത്രീയെ ബിഷപ്പ് കോട്ടയം കുറവിലങ്ങാട്ടുള്ള മഠത്തിലെത്തി പലതവണ പീഡിപ്പിച്ചെന്നായിരുന്നു ബിഷപ്പിനെതിരേ പരാതി ഉയർന്നത്.

വൈദികനായാലും മെത്രാനായാലും ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയിലെ പ്രമുഖ സഭയായ സീറോ മലബാർ സഭയിലെ മേലദ്ധ്യക്ഷന്മാരായ ബിഷപ്പുമാരിൽ ഭൂരിപക്ഷവും ഫ്രാങ്കോ മുളയ്ക്കലിനെ  സംരക്ഷിക്കാൻ രംഗത്തിറങ്ങുകയും, പരാതിക്കാരിയായ കന്യാസ്ത്രീയെ തള്ളിപ്പറയുകയുമായിരുന്നു.

കേരളസഭയുടെ ഔദ്യോഗിക നിലപാട് പീഡിപ്പിക്കപ്പെട്ടെന്ന് പരാതിയുള്ള കന്യാസ്ത്രീക്ക് എതിരായതുകൊണ്ടു തന്നെ കേരളത്തിലെ മിക്കവാറും രാഷ്ട്രീയപ്പാർട്ടികളും പല മാധ്യമങ്ങളും സഭയെ പിണക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ  ഞങ്ങളുടെ ലേഖകർ നടത്തിയ നിഷ്പക്ഷമായ അന്വേഷണത്തിന്റേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾ നീതി അർഹിക്കുന്നു എന്ന ശക്തമായ നിലപാടാണ് 'കേരളശബ്ദം' സ്വീകരിച്ചത്. ഞങ്ങളുടെ തന്നെ സഹപ്രസിദ്ധീകരണമായ 'ഹാസ്യകൈരളി' വിനോദമാസികയുടെ 2018 ഒക്‌ടോബർ ലക്കം കവർ ചിത്രം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മുഖ്യകഥാപാത്രമായി ചിത്രീകരിച്ചുകൊണ്ടുള്ള കാർട്ടൂണിസ്റ്റ് കെ.കെ. സുഭാഷിന്റെ 'വിശ്വാസം രക്ഷതി' എന്ന കാർട്ടൂൺ ആയിരുന്നു.

കാർട്ടൂണിലൂടെ സുഭാഷ് സംവദിപ്പിക്കാൻ ശ്രമിച്ചത് ഒരു പുരോഹിത ശ്രേഷ്ഠന് ചേരാത്ത ഹീനമായ പ്രവൃത്തി ചെയ്തു എന്ന ആരോപണവിധേയനായ ആളെ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിക്കാനാണ്. ഏഴുമാസത്തിനുശേഷം കേരള ലളിത കലാ അക്കാദമി 2018 ലെ മികച്ച കാർട്ടൂണായി സുഭാഷ് വരച്ച 'ഹാസ്യകൈരളി'യിലെ കാർട്ടൂൺ 2019 ജൂൺ 10 ന് പ്രഖ്യാപിച്ചതോടെ സഭയുടെ വക്താക്കൾക്ക് അത് അപമാനകരമായി തോന്നി പ്രസ്താവനയിറക്കി. ഉടൻ തന്നെ അന്നത്തെ സാംസ്‌ക്കാരികവകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലൻ അക്കാദമി പ്രഖ്യാപിച്ച അവാർഡ് പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതിനുശേഷം യോഗം ചേർന്ന അക്കാദമി ജനറൽ കൗൺസിൽ യോഗവും നിർവ്വാഹകസമിതി യോഗവും അവാർഡ് നിർണ്ണയത്തിൽ അപാകത സംഭവിച്ചിട്ടില്ലന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നാൽ കാർട്ടൂൺ പുരസ്‌ക്കാരം പുനഃപരിശോധിക്കണമെന്നും സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി ബാലൻ വീണ്ടും പരസ്യമായി പറഞ്ഞു. ഇതിനുപുറമെ അവാർഡിനായി നൽകിയ അപേക്ഷയും എൻട്രിയും പിൻവലിപ്പിക്കാൻ കെ.കെ. സുഭാഷിനുമേൽ എല്ലാത്തരത്തിലുമുള്ള സമ്മർദ്ദവും ഉണ്ടായി. അതിനൊന്നും പക്ഷേ സുഭാഷ് വഴങ്ങിയില്ല.

അൽപ്പം വൈകിയാണെങ്കിലും 2023 മെയ് 29 ന് എറണാകുളത്ത് വെച്ച് കേരള ലളിതകലാ അക്കാദമിയുടെ 2022 ലെ ദൃശ്യകലാപുരസ്‌ക്കാരങ്ങൾക്കൊപ്പം കെ.കെ. സുഭാഷിനുള്ള 2018 ലെ പുരസ്‌ക്കാരവും നൽകപ്പെട്ടു. യാദൃച്ഛികമാകാം അതുകഴിഞ്ഞ് മൂന്നാം ദിവസം(ജൂൺ 1 ന്) വത്തിക്കാൻ, ഫ്രാങ്കോ മുളയ്ക്കലിനെക്കൊണ്ട് ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ച വാർത്തയും പുറത്തുവന്നു. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി(അപ്പോസ്‌തൊലിക് നൂൺ ഷോ) യുടെ കുറിപ്പ് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി മാത്രമല്ല ഹൈക്കോടതിയിൽ തുടരുന്ന അപ്പീലും മാനിക്കുന്നതായി കുറിപ്പിൽ പറയുന്നുണ്ട്. കോടതികളിലെ കേസിന്റെ തീർപ്പിനായി കാക്കാതെ, സീറോ മലബാർ സഭ ഫ്രാങ്കോയ്ക്ക് നൽകുന്ന പിന്തുണ കണക്കിലെടുക്കാതെ, വത്തിക്കാൻ സ്വന്തം അന്വേഷണബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ സഭയുടെ നന്മയ്ക്കായി  മാന്യമായ വിടവാങ്ങലിന് ഫ്രാങ്കോക്ക് അവസരമൊരുക്കി കൊടുക്കുകയായിരുന്നു. സാർവ്വത്രിക സഭയുടെ ഭരണകേന്ദ്രമായ വത്തിക്കാൻ കാര്യാലയത്തിന് സത്യമെന്താണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും കേരളത്തിലെ സീറോ മലബാർസഭാ നേതൃത്വം സത്യത്തിനും നീതിക്കും ഒപ്പം നിൽക്കാൻ തയ്യാറാവുകയാണ് ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL