07:25am 29 June 2024
NEWS
പുതിയ അധ്യയന വര്‍ഷത്തില്‍ രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
19/06/2024  08:48 AM IST
Nithin A F
പുതിയ അധ്യയന വര്‍ഷത്തില്‍ രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കൂള്‍ തുറന്നിട്ടുള്ള ആദ്യ നാളുകളില്‍ പൊതുവേ പഠിക്കാനായി കുറച്ചു മാത്രം പാഠഭാഗങ്ങള്‍ ഉണ്ടാകുകയുള്ളു. അപ്പോള്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി പഠിക്കുകയാണെങ്കില്‍ മുന്നോട്ടുപോകുമ്പോള്‍ എളുപ്പമായിരിക്കും. തുടക്കത്തില്‍ കുറച്ച് ഭാഗം മാത്രം പഠിക്കാനുള്ളപ്പോള്‍ പിന്നീട് ആകട്ടെ എന്ന് ചിന്തിച്ച് മാറ്റിവയ്ക്കുമ്പോഴാണ് പഠനം പ്രയാസകരമായി മാറുന്നത്.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് എല്ലാ ദിവസവും ഒരേസമയത്ത് പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണ്. ഇത് ശീലമാക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശരീരവും മനസ്സും ആ പ്രത്യേക സമയത്ത് പഠനത്തിനായി രൂപപ്പെട്ട് വരികയും അത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ ഒരു ശീലം വളര്‍ത്തുന്നതിലൂടെ ഭാവിയിലും കുട്ടികള്‍ക്ക് പ്രയോജനപ്രദമാണെന്ന വസ്തുത ഓര്‍ത്തിരിക്കുക.

ഇതുപോലെ ഉറക്കം, ആഹാരരീതി വ്യായാമം എന്നിവ ദിനചര്യയില്‍ കൃത്യമായ ഒരു സമയം പാലിച്ച് ചെയ്യുകയാണെങ്കില്‍ ദിവസം മുഴുവന്‍ മാനസികവും ശാരീരികവുമായി ഉന്മേഷം ലഭിക്കും. ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം എന്നത് രാത്രി 10നും 11നും ഇടയ്ക്ക് കിടന്ന് രാവിലെ 6 മണിക്ക് മുമ്പ് എഴുന്നേല്‍ക്കുക എന്നതാണ്. പ്രഭാത ഭക്ഷണം രാവിലെ 8.30ക്ക് മുമ്പും ഉച്ചഭക്ഷണം 1മണിക്കും 2മണിക്കും ഇടയിലും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പായി കഴിക്കുകയും വേണം. അതുപോലെ പ്രധാനപ്പെട്ട കാര്യമാണ് വ്യായാമം. ദിവസവും 30 - 40 മിനിറ്റ് വരെ ഒരേസമയം വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക, ശരീര ഭാരതത്തിന് അനുസൃതമായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ് (1litre/25kg).

ഇപ്പോള്‍ കണ്ടുവരുന്ന അനാരോഗ്യപരമായ ഒരു ശീലമാണ് രാത്രി വൈകി കിടക്കുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നത്. ഉറക്കത്തിന്റെ സമയം ക്രമീകരിക്കുന്നത് പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫോണ്‍ ഉപയോഗം കുറയ്ക്കുക എന്നത്. അനാവശ്യമായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും അതിനോടൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

കുട്ടികളെ വീട്ടിലെ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തി അവരുടെ ഒഴിവു സമയം രക്ഷിതാക്കളും കൂടിച്ചേര്‍ന്ന് വീട്ടിലെ ജോലികളും മറ്റും ചെയ്യുകയും, കളിക്കുകയും, മറ്റു കലാകായിക പരിപാടികളില്‍ ഏര്‍പ്പെടുത്തുകയും കുട്ടികളുമായി രക്ഷിതാക്കള്‍ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് അവരെ മാനസികമായി ഒരുപാട് സന്തോഷത്തില്‍ ആക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ പഠിച്ച ഭാഗം ഓര്‍ത്തുവെച്ച് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങുന്നതിലുപരി പുതുതായി കേള്‍ക്കുന്ന കാര്യങ്ങളിലെ അറിവ് സമ്പാദിക്കുക എന്നതാണ്. അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി പഠിക്കുകയാണെങ്കില്‍ അവ നല്ല രീതിയില്‍ മനസ്സിലാക്കാനും ദീര്‍ഘകാലം ഓര്‍ത്തിരിക്കാനും കഴിയുമെന്നതില്‍ യാതൊരുവിധ സംശയവുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ ഈ അധ്യയന വര്‍ഷം ഫലപ്രദമാക്കാന്‍ സാധിക്കും.


Nithin A. F.
Consultant Psychologist
SUT Hospital, Pattom

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH