10:03am 01 July 2024
NEWS
ചരിത്രം വഴിമാറും; ചിലർ വരുമ്പോൾ… ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിഴലിക്കുന്നത്
24/06/2024  10:23 PM IST
സുധീർനാഥ്, ന്യൂഡൽഹി
ചരിത്രം വഴിമാറും; ചിലർ വരുമ്പോൾ… ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിഴലിക്കുന്നത്

ഇന്ത്യൻ ഭരണഘടന തിരുത്തപ്പെടും എന്നുള്ള ആശങ്ക ഇന്ത്യൻ ജനതയ്ക്ക് ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് 2024 പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ നിഴലിച്ച് നിൽക്കുന്നത് . ഇന്ത്യൻ ഭരണഘടന ലോകം അംഗീകരിച്ചതാണ്. ഭരണഘടന നിർവചിച്ചിരിക്കുന്ന പാർലമെന്ററി സംവിധാനമാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഒരുഉത്സവം ആഘോഷിക്കുന്നത് പോലെയാണ് ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കപ്പെടണം എന്നുള്ള ശക്തമായ താക്കീത് തന്നെയാണ് പുതുതായി രാജ്യം ഭരിക്കാൻ പോകുന്ന സർക്കാരിന് ജനം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

രാജ്യം അപകടത്തിലാണെന്നുള്ള തിരിച്ചറിവ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഉണ്ടായതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ശക്തമായ പ്രതിരോധമാണ് രാജ്യസുരക്ഷയ്ക്ക് തീർത്തിരുന്നത്. എൻഡിഎയുടെ തേരോട്ടത്തിന് ഇന്ത്യാ സഖ്യത്തിന് പ്രതിരോധം തീർക്കാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യാ എന്ന പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിന്റെ വരവോടുകൂടി ചരിത്രത്തിന്റെ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു. ചിലർ നേതൃത്വം കൊടുക്കുമ്പോൾ ചരിത്രം വഴിമാറും എന്നത് പോലെ പ്രതിപക്ഷ ഐക്യം ചരിത്രത്തെ വഴിമാറ്റി. ഇതിന് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

ഒരു ഘട്ടത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി തകർന്നടിയുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. എന്നാൽ പ്രതിപക്ഷത്തുള്ള പാർട്ടികളിലെ നേതാക്കന്മാരെ ജയിലിൽ അടച്ചതും പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും രാജ്യത്ത് വ്യാപക ചർച്ചയായി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രാധാന്യം ഓരോ പാർട്ടികളും തിരിച്ചറിഞ്ഞു. അത് ഇന്ത്യാ സഖ്യത്തിന്റെ ശക്തി കൂട്ടുവാൻ കാരണമാവുകയും ചെയ്തു. പ്രതിപക്ഷപ്പാർട്ടികൾ കുറച്ചുകൂടി ജാഗ്രത പുലർത്തിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായി മാറുമായിരുന്നു എന്ന വിലയിരുത്തലും ഇല്ലാതില്ല.

മൃഗീയ ഭൂരിപക്ഷം എൻഡിഎക്ക് നൽകിയില്ല എന്നുള്ളതാണ് ഇന്ത്യൻ ജനത ഈ തിരഞ്ഞെടുപ്പിൽ കാണിച്ചിരിക്കുന്ന ഷോക്ക് ട്രീറ്റ്‌മെന്റ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശക്തി മുൻപ് ബിജെപിക്ക് ഉണ്ടായിരുന്നു. ഇന്ന് ഘടക കക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് നിലനിൽപ്പുള്ളൂ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് 294 സീറ്റുകളാണ് ഉള്ളത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കും എന്ന വിശ്വാസമായിരുന്നു ബി.ജെ.പി. വെച്ചുപുലർത്തിയിരുന്നത്. 272 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമായി. ബി.ജെപിക്ക് ഇത്തവണ 240 സീറ്റുകൾ മാത്രമാണ് സ്വന്തമായി നേടുവാൻ കഴിഞ്ഞത്. 32 സീറ്റുകൾ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കുന്നതിന് വേണം. രാജ്യം ഭരിക്കുവാനുള്ള ഭൂരിപക്ഷത്തിന് ഘടകകക്ഷികൾ പിന്തുണയ്ക്കണം. പക്ഷെ ബി.ജെ പി യുടെ പ്രധാന ഘടകകക്ഷികൾ ആരൊക്കെ എന്നത് കാണേണ്ട കാര്യമാണ്. ഏത് സമയവും എതിർ ചേരിയിൽ ഓടിപ്പോകുന്ന ചരിത്രമുള്ള 12 സീറ്റുകളുമായി നിൽക്കുന്ന നിതീഷ് കുമാറാണ് ഒരു ഘടകകക്ഷി. 16 സീറ്റുകളുമായി ചന്ദ്രബാബു നായിഡുവും ഉണ്ട്. ഇവർ ഇരുവരും കേവല ഭൂരിപക്ഷത്തിൽ കൂടുതലുണ്ടായിരുന്ന ബിജെപിയുടെ കഴിഞ്ഞകാല ഭരണസമയത്ത് ഏറെ പീഡനങ്ങൾ നേരിട്ടവരാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഇവരോട് സഹായം ചോദിക്കുന്ന ബിജെപിക്ക് ഇവർ തിരിച്ചടി നൽകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അതിന് ഇവർ വലിയ വില ആവശ്യപ്പെടും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഇന്ത്യൻ ദേശീയതയുടെ വൈവിധ്യമാർന്ന രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകൾ വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. ഈ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുവാൻ നിയുക്ത സർക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് നമുക്ക് പറയാം. ശക്തമായ പ്രതിപക്ഷം പാർലമെന്റിൽ ഉണ്ട് എന്നത് മുൻകാലങ്ങളിലെപ്പോലെ ജനാധിപത്യ മതേതര സ്വഭാവം തകർക്കുവാൻ സാധിക്കില്ല എന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ ഐക്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ഭരണം പോലും ലഭിക്കുമായിരുന്നു എന്നും വിലയിരുത്തലുണ്ടായി. എന്നാൽ പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ ഭരിക്കുവാനുള്ള സാഹചര്യമായിട്ടില്ല എന്ന് ജനങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കണക്കാക്കുന്നത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ ഭരണഘടന തിരുത്തി എഴുതാം എന്ന് പരസ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് ബി.ജെ.പി. ഭരണഘടന തിരുത്തി രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റുമെന്ന് പരസ്യമായി പറഞ്ഞാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്.  400 ലേറെ സീറ്റുകൾ കിട്ടുമെന്നും, അങ്ങിനെ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുമെന്നും   പരസ്യമായി അവകാശവാദം പറഞ്ഞ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല.

ഇന്ത്യാ രാജ്യത്ത് സമീപകാലത്ത് ഉയർന്നുവന്ന വർഗീയതയുടെ വിഷം രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ശക്തമായ സൂചന. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യയുടെ പല നേതാക്കളും ജയിച്ചു കയറിയത്. രാമജന്മഭൂമിയിൽപ്പോലും വിജയിക്കുവാൻ ഇന്ത്യാ സഖ്യത്തിന് സാഹചര്യം ഒരുക്കിയതും അതുകൊണ്ട് തന്നെ. ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാൽ ഇത് വളരെ വ്യക്തമാകും. ബിജെപിയുടെ ശക്തിപ്രദേശമായ ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി വൻ ഭൂരിപക്ഷം നേടിയതും കാണേണ്ട വസ്തുതയാണ്. രാജ്യത്ത് വർഗീയത വിളമ്പിയ പല നേതാക്കളും കാലിടറി വീഴുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നാം കണ്ടു.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ശക്തമായ ലക്ഷണം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണുവാനും സാധിക്കും. പ്രതിപക്ഷ നേതൃത്വത്തിന് കോൺഗ്രസിന് അവകാശം ഉന്നയിക്കാവുന്ന പ്രകടനം തന്നെയാണ് അവർ കാഴ്ചവച്ചിരിക്കുന്നത്. വരുന്ന നാളിൽ കോൺഗ്രസ് തന്നെ രാജ്യം ഭരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നുള്ള സൂചനകൾ തന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

400 സീറ്റിലേറെ ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ ഗ്യാരണ്ടി പറഞ്ഞ പ്രധാനമന്ത്രി പോലും കിതച്ചു കൊണ്ടാണ് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ ജയിച്ചത്. 2019 ൽ അഞ്ചര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച വാരണസിയിലാണ് നരേന്ദ്രമോദിക്ക് ഭൂരിപക്ഷം കുറഞ്ഞത്. സാങ്കേതികമായി വാരണാസിയിൽ ജയിച്ചെങ്കിലും രാഷ്ട്രീയപരമായി നോക്കിയാൽ അതൊരു പരാജയമായിത്തന്നെ കണക്കാക്കണം. 

ഘടകകക്ഷികൾക്ക് പോലും ബിജെപി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പല നടപടികളും അംഗീകരിക്കുവാൻ കഴിയുന്നതല്ല എന്നുള്ളത് അവർ തന്നെ  വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബിജെപിക്ക് അകത്തും മോദിയുടെയും അമിത്ഷായുടെയും പല നിലപാടുകൾക്കുമെതിരെ ശബ്ദമുയർന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് അകത്തുനിന്ന് തന്നെ മോദിക്കും അമിത്ഷായ്ക്കും എതിരെ ശക്തമായ ശബ്ദങ്ങൾ ഉണ്ടാകാനിടയുണ്ട്.  രാഷ്ട്രീയ നിലനിൽപ്പിനെ ഭയന്നാണത്രെ ഇക്കാലമത്രയും ഘടകകക്ഷികളും, ബി.ജെ.പി നേതാക്കളും  നിശബ്ദരായിരുന്നതും. ഒരു ഘടകകക്ഷിക്കും എൻഡിഎ മുന്നണിയിൽ അർഹമായ യാതൊരുവിധ അംഗീകാരവും ലഭിച്ചില്ലെന്നും ബിജെപി നേതാക്കൾക്ക് പലർക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ പോലും പാർട്ടിക്കുള്ളിൽ ലഭിച്ചിരുന്നില്ലെന്നും കേട്ടിരുന്നു. എന്നാൽ നിലവിലെ തിരഞ്ഞെടുപ്പ് ഫലം അവർക്ക് കൂടുതൽ ശക്തി നൽകിയിരിക്കുന്നു. പാർട്ടിക്കുള്ളിൽ നിന്നും, ഘടകകക്ഷികളിൽ നിന്നും  വരുംദിവസങ്ങളിൽ മോദിക്ക് നേരെ വിരൽചൂണ്ടുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടാകും എന്ന് വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE