10:34am 08 July 2024
NEWS
'മറക്കില്ല മണിപ്പുർ', 'തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്'; തൃശൂർ അതിരൂപത
03/11/2023  10:34 AM IST
web desk
'മറക്കില്ല മണിപ്പുർ', 'തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്'; തൃശൂർ അതിരൂപത
HIGHLIGHTS

തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ’യിലൂടെയായിരുന്നു വിമർശനം

തൃശൂർ: നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ രൂക്ഷവിമർശവുമായി തൃശൂർ അതിരൂപത. തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ’യിലൂടെയായിരുന്നു വിമർശനം. 'മണിപ്പുർ മറക്കില്ല' എന്ന തലക്കെട്ടോടെയാണ് അതിരൂപത ബിജെപിയെ കുറ്റപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിൽ മണിപ്പുർ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസ്സിലാകുമെന്നും ലേഖനത്തിൽ പറയുന്നു. 'തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്'? എന്നാണ് സുരേഷ് ഗോപിക്കുള്ള പരിഹാസപൂർവം ചോദിക്കുന്നത്.

മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്ക്കായിരുന്നു മുഖപത്രത്തിൽ വിമർശനം. മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു. ഇതു പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പുരിൽ തിരഞ്ഞു നോക്കാതിരുന്നതെന്നും മുഖപത്രത്തിൽ ചോദിക്കുന്നു.

മണിപ്പുരിൽ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പുരിനെ ജനാധിപത്യബോധമുള്ളവർക്ക് അത്രവേഗം മറക്കാനാകില്ല.  മണിപ്പുരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. തിരഞ്ഞെടുപ്പിനു മുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനത്തിലൂടെ അതിരൂപത ചൂണ്ടിക്കാട്ടുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur