07:05am 29 June 2024
NEWS
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ്- ഷഫ്ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
23/06/2024  11:44 PM IST
അപ്പൂസ് കെ.എസ്
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ്- ഷഫ്ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...

നിങ്ങളുടെ ലവ് മാര്യേജ് ആണോ?

അതെ. ഒരു ചെറിയ ലവ് സ്റ്റോറിയുണ്ട്.  കൊറോണ സമയത്താണ് ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയത്. ലോക്ഡൗൺ കഴിഞ്ഞതും ഞാൻ സിനിമയുടെ പണികളിലേക്ക് തിരിഞ്ഞു. അതുകൊണ്ടുതന്നെ പ്രേമിക്കാൻ വളരെ കുറച്ച് സമയമേ കിട്ടിയുള്ളൂ.

ലവ് സ്റ്റോറി...?          

ഞങ്ങൾ രണ്ടുപേരും കാഞ്ഞിരപ്പള്ളിക്കാരാണ്. ഞങ്ങൾക്ക് ഞങ്ങളുടെ പാരന്റ്‌സിനെ അറിയാമായിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നില്ല. നഹാസും എറണാകുളത്ത് ആയിരുന്നുവല്ലോ. ഞാൻ ലോക്ക്ഡൗൺ സമയത്ത് ചെയ്ത 14 ഡെയ്‌സ് ഓഫ് ലവ് എന്ന ഷോർട്ട് ഫിലും കണ്ടിട്ടാണ് ഇവൾ എനിക്ക് മെസ്സേജ് അയയ്ക്കുന്നത്. മെസ്സേജ് ചെയ്തുകഴിഞ്ഞപ്പോഴാണ് പരസ്പരം കൂടുതൽ അറിയാൻ കഴിയുന്നത്. ഇവളുടെ സഹോദരനെ എനിക്ക് മുൻപേതന്നെ അറിയാമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് എനിക്കുണ്ടാകുന്ന ഐഡിയകൾ ഒക്കെ ഞാൻ ഇവളുമായി ഷെയർ ചെയ്ത് തുടങ്ങി. ഇവൾ എനിക്കതിന് കൃത്യമായ മറുപടികൾ തന്നു. കാഞ്ഞിരപ്പള്ളിയിൽ പൊതുവേ സിനിമയെപ്പറ്റി സംസാരിക്കാൻ എനിക്ക് അത്ര സുഹൃത്തുക്കളില്ല. പക്ഷേ ഇവൾ എന്നെ കേട്ടു. സിനിമയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും, ടെക്‌നിക്കൽ കാര്യങ്ങളുൾപ്പെടെ ഇവൾ എന്നോട് ചോദിച്ചറിയുമായിരുന്നു. 'കളർപ്പടം' എന്ന ഷോർട്ട് ഫിലിമിന്റെ കഥയൊക്കെ ഞാൻ ഇവളോടാണ് ആദ്യം പറയുന്നത്. അതിന്റെ ഷൂട്ട് നടക്കുന്ന സമയത്താണ് ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നത്. സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ മൈൻഡാണ്. എന്നെപ്പോലെ തന്നെ സിനിമ അവൾക്കും ഇഷ്ടമുള്ള വിഷയമായിരുന്നു. എന്നെ സംബന്ധിച്ച് ഇവൾ എനിക്ക് നല്ലൊരു പാർട്ണർ ആണ്.

നഹാസിനെ എന്താണ് ഷഫ്‌ന വിളിക്കുക?

നഹാസ്: അങ്ങനെ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല. ഇക്ക എന്നൊന്നും വിളിക്കില്ല. ചില സമയത്ത് എടാ, പോടാ എന്നൊക്കെ വിളിക്കും.

എങ്ങനെയാണ് പ്രണയം വീട്ടിൽ അവതരിപ്പിക്കുന്നത്?

ഷഫ്‌ന: കാഞ്ഞിരപ്പള്ളിയിൽ പൊതുവേ അച്ഛന് മതിപ്പുള്ള ആളുകളിൽ ഒരാളാണ് നഹാസ്. ചെയ്ത സിനിമകൾ കണ്ടിട്ട് ഈ പയ്യൻ എന്തായാലും നല്ല  നിലയിൽ എത്തുമെന്നൊക്കെ അച്ഛൻ ഇടക്ക് പറയുമായിരുന്നു.

നഹാസ്: ഞാൻ ഇവളുടെ അച്ഛനോട് സംസാരിക്കാൻ പോയി. ആദ്യം സിനിമയെക്കുറിച്ച് സംസാരിച്ച് പതിയെ വിഷയത്തിലേക്ക് കടന്നു. സിനിമാക്കാരന് സ്ഥിരവരുമാനം ഒന്നും ഇല്ല എന്നൊക്കെയല്ലേ നാട്ടുകാർ പറയൂ. അങ്ങനെയൊക്കെ വിചാരിച്ചാവും അന്ന് അച്ഛൻ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ രണ്ടുപേരും കട്ടയ്ക്ക് ഒരുമിച്ച് നിന്നു. അത് പാരന്റ്‌സ് പതിയെ തിരിച്ചറിഞ്ഞു.

ആർ.ഡി.എക്‌സ് സിനിമപോലും റിലീസ് ചെയ്യാതിരുന്ന സമയത്താണ് നഹാസിൽ ഷഫ്‌ന വിശ്വാസം അർപ്പിക്കുന്നത്. വലിയ സംവിധായകൻ ആകും എന്ന് മുൻപ് തന്നെ കരുതിയിരുന്നോ?

ഷഫ്‌ന: ഞാൻ അങ്ങനെയൊന്നും ആലോചിച്ചിട്ടേയില്ല. സംസാരിക്കുമ്പോൾ എനിക്ക് നഹാസിനോട് വലിയ കംഫർട്ട് തോന്നിയിരുന്നു. അതെനിക്ക് വേറെ ആരുടെ കയ്യിൽ നിന്നും കിട്ടിയില്ല. അതാണ് എന്നെ ആകർഷിച്ചത്. എന്റെ വീക്ക് പോയിന്റുകളെ നഹാസാണ് തിരുത്തുന്നത്. എന്നെ നന്നായി മനസ്സിലാക്കിയതും നഹാസാണ്. ഒരു സംവിധായകനെന്ന നിലയ്ക്ക് തീർച്ചയായും നഹാസ് വിജയിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.

കല്യാണം എങ്ങനെയായിരുന്നു...?

നഹാസ്: പലരും പല സ്ഥലങ്ങളിൽ വെച്ചത് നടത്തണമെന്ന് നിർദ്ദേശിച്ചുവെങ്കിലും കാഞ്ഞിരപ്പള്ളിയിൽത്തന്നെ വയ്ക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.  ഞാൻ ക്ഷണിച്ച എല്ലാവരും സ്‌നേഹം അറിയിച്ച് വന്നു എന്നുള്ളത് എനിക്ക് ഒരുപാട് സന്തോഷം തന്നു. നീരജ്, പെപ്പെ, ബാബുആന്റണിച്ചേട്ടൻ, മാലാപാർവ്വതി ചേച്ചി, സോഫിയ പോൾ എല്ലാവരും വന്നു. ഹൽദി, മൈലാഞ്ചി കല്യാണം അങ്ങനെ ഞങ്ങൾ രണ്ടാളും പ്ലാൻ ചെയ്ത എല്ലാ കാര്യങ്ങളും നടന്നു.

ആർ.ഡി.എക്‌സ് ഹിറ്റ് ആയതുകൊണ്ട് മാത്രമാണ് ഷഫ്‌നയെ കല്യാണം കഴിക്കാൻ സമ്മതിച്ചത് എന്ന് നഹാസിന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഇല്ല. കാരണം ഇവളുടെ അച്ഛൻ ഇപ്പോഴും ആ സിനിമ കണ്ടിട്ടുണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. പിന്നെ എന്നെ അദ്ദേഹത്തിന് ഒരു ഇഷ്ടമുണ്ടായിരുന്നു.

ഇപ്പോൾ ഷഫ്‌നയുടെ അച്ഛനും നഹാസും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?

സ്വന്തം മകളെ വിളിക്കുന്നതിനേക്കാൾ എന്നെ അദ്ദേഹം വിളിക്കാറുണ്ട് എന്ന് തോന്നും. അത്രയ്ക്കും കണക്ഷൻ ആണ്. ഇപ്പോൾ എന്നോട് സിനിമയെപ്പറ്റിയൊക്കെ അദ്ദേഹം ചോദിച്ചറിയാറുണ്ട്.

ഷഫ്‌നയിപ്പോൾ എന്ത് ചെയ്യുന്നു?

ഞാനിപ്പോൾ ബി.ഫാം ഫൈനൽ ഇയറാണ്. കോഴ്‌സ് കഴിഞ്ഞ് കൂടുതൽ അവസരങ്ങൾ നോക്കിപ്പോകാനാണ് താൽപ്പര്യം.

സിനിമയോടുള്ള ഇഷ്ടം എപ്പോഴാണ് തുടങ്ങുന്നത്?

ഡിഗ്രി സമയത്ത് തന്നെ ഒരു സംവിധായകനാകണമെന്ന അഗ്രഹമുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞതും ഞാൻ ആ മോഹവുമായി എറണാകുളത്തേക്ക് വന്നു. അന്നൊക്കെ ആക്ടിംഗും താൽപ്പര്യമുണ്ടായിരുന്നു. സിനിമയിൽ എന്റെ മേഖല ഏതെന്ന് ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നു വേണം പറയാൻ. വീട്ടിൽ സിനിമയിൽ ഇറങ്ങണം എന്നൊക്കെ പറയാൻ പറ്റാത്തതുകൊണ്ട് ഒരു ചെറിയ കോഴ്‌സ് ചെയ്യണം എന്നായിരുന്നു പറഞ്ഞത്. അസിസ്റ്റന്റ് ഡയറക്ടർ ആവാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ചെയ്തുതുടങ്ങിയപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ ധാരണയും അതിന്റെ ഗൗരവവും മനസ്സിലാവുന്നത്.

ആർ.ഡി.എക്‌സ് എങ്ങനെയാണ് സംഭവിക്കുന്നത്?

അഃ് തികച്ചും യാദൃച്ഛികമായാണ് സംഭവിക്കുന്നത്. എന്റെ കയ്യിൽ കുറെ ഐഡിയകൾ ഉണ്ടായിരുന്നു. അതുംകൊണ്ട് ഞാൻ സോഫിയ പോൾ മാഡത്തിന്റെയടുത്ത് പോയി. മാഡം എന്റെ കളർപ്പടം ഷോർട്ട് ഫിലിം ഒക്കെ കണ്ടിരുന്നു. എന്റെ കഥ പറച്ചിൽ അവർക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സമ്മതിക്കുന്നത്. തിയേറ്റർ സിനിമ വേണം എന്നായിരുന്നു മാം എന്നോട് നിർദ്ദേശിച്ചത്. അതിൻപ്രകാരം ഞാൻ മുൻപ് എഴുതിവച്ച ത്രെഡ് പരിശോധിച്ചാണ് ആർ.ഡി.എക്‌സിലേക്ക് ഞാനത് കൊണ്ടുവരുന്നത്. മാഡം എന്നെ വിശ്വസിച്ചു. അങ്ങനെ രണ്ട് മാസം കൊണ്ടാണ് ഞാനത് വളർത്തിയെടുത്തത്.

ഒരു ഷോർട്ട് ഫിലിം മേക്കിംഗിൽ നിന്ന് രണ്ടുമണിക്കൂർ നീളമുള്ള ഒരു സിനിമാസംവിധാനത്തിലേക്ക് കടക്കുമ്പോൾ എന്തെല്ലാം വിഷയങ്ങളായിരുന്നു ശ്രദ്ധിച്ചത്...?

ആ്വ്യം എനിക്ക് വലിയ ടെൻഷനുണ്ടായിരുന്നു. കാരണം ഷോർട്ട് ഫിലിം ഒക്കെ ഒരു കോ-ഓർഡിനേഷനും ഇല്ലാതെയായിരുന്നു ചെയ്തിരുന്നത്. സിനിമയിൽ അസിസ്റ്റ് ചെയ്ത സമയത്ത് ഞാനത് പഠിച്ചുവെങ്കിലും വേറെ കുറെ ടെൻഷൻ ഉണ്ടായിരുന്നു. ഒരു പള്ളിപ്പെരുന്നാളായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. അന്ന് ലൈറ്റ് ഓൺ ചെയ്തപ്പോൾ ഞാനാകെ പതറിപ്പോയി. പക്ഷേ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്തതുകൊണ്ട് ഞാൻ ധൈര്യപൂർവ്വം മുൻപോട്ട് പോയി. ആദ്യം ഷൂട്ട് ചെയ്ത കുറച്ച് ഭാഗങ്ങൾ പ്രൊഡ്യൂസറെ കാണിച്ചപ്പോൾ അവരതിൽ തൃപ്തരായി. അത് കണ്ടപ്പോൾ മുന്നോട്ടുപോകാനുള്ള ഊർജ്ജം കൂടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM