10:14am 01 July 2024
NEWS
കേരളത്തിൽ യു.ഡി.എഫ് തരംഗം പിണറായിക്കുള്ള താക്കീത്; ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു
24/06/2024  10:11 PM IST
ചെറുകര സണ്ണീലൂക്കോസ്
കേരളത്തിൽ യു.ഡി.എഫ് തരംഗം പിണറായിക്കുള്ള താക്കീത്; ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു

'കേരളശബ്ദം' മെയ് 1-15 ലക്കത്തിലെ കവർ സ്റ്റോറിയുടെ തലക്കെട്ട് 'കേരളത്തിന്റെ വിധിയെഴുത്ത് താക്കീതാവും' എന്നായിരുന്നു. സ്റ്റോറിയുടെ തുടക്കത്തിൽ തന്നെ ഈ ലേഖകൻ കുറിച്ചിരുന്നത് ഇങ്ങനെ: 'കേരളത്തിൽ വിജയികളാരാണെന്നറിയാനുള്ള കാത്തിരിപ്പ് ജൂൺ നാല് വരെ നീളുന്നതാണ് എങ്കിലും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് രാഷ്ട്രീയം ഗൗരവപൂർവ്വം നിരീക്ഷിക്കുന്നവരുടെ വിലയിരുത്തൽ ബഹുഭൂരിപക്ഷം സീറ്റുകളും യു.ഡി.എഫ് നേടും എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗ്ഗീയ വിഭജന രീതികളോട്, വിദ്വേഷ രാഷ്ട്രീയത്തോട് പൊരുത്തപ്പെടുത്താനാകാത്ത മതേതര മനസ്സുള്ള മലയാളികൾ ഭൂരിപക്ഷവും ചിന്തിക്കുന്നത് ദേശീയതലത്തിൽ ബി.ജെ.പിയെ നേർക്കുനേർ നേരിടാൻ കോൺഗ്രസിന് കൂടുതൽ എം.പിമാർ ഉണ്ടാകണം എന്നാണ്.

ദേശീയ രാഷ്ട്രീയത്തെ വിലയിരുത്തുമ്പോൾ തന്നെ കേരളത്തിലെ ജനത തങ്ങളുടെ സ്വന്തം ജീവിതത്തിന്റെ അനുഭവവും വിലയിരുത്തുക സ്വാഭാവികമാണ്. അതുകൊണ്ടാണ് കേരളം ഭരിക്കുന്നവരോട് ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യം ഉയരുന്നത്. കേരളത്തിലെ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലവിലുണ്ടായിരുന്നു എന്ന് ജൂൺ നാല് കഴിയുമ്പോഴേങ്കിലും ഭരിക്കുന്നവർക്കും മനസ്സിലാവും.'

കേരളത്തിൽ ഇടതുമുന്നണി ഇത്രയും ദയനീയമായ പരാജയം എന്തുകൊണ്ട് നേരിട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമായിരുന്നു ഇത്. ലേഖനത്തിലുണ്ടായിരുന്ന മറ്റൊരു വാചകം ഇങ്ങനെയാണ്:

'എൽ.ഡി.എഫ് പ്രചാരണ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം പിന്തുണ നേടാൻ പ്രചാരണരംഗത്ത് പയറ്റിയ അടവുകൾ ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സി.പി.എംന്റെ വോട്ടുകൾക്ക് ഒപ്പം കുറച്ചധികം മുസ്ലീം വോട്ടുകൾ കൂടി ലഭിച്ചാൽ 20 സീറ്റുകളിലും ഇടതുമുന്നണി ജയിക്കും എന്നദ്ദേഹം ആത്മാർത്ഥമായി വിശ്വസിച്ചു എന്ന് പലരും ധരിക്കുന്നുണ്ടാവും.'

ലോക്‌സഭാ ഇലക്ഷന്റെ കേരളത്തിലെ ഫലം വന്നശേഷവും എൽ.ഡി.എഫിന്റെ പരാജയകാരണങ്ങൾ പരിശോധിക്കുമ്പോൾ മുമ്പേ കുറിച്ചതിലും അധികമൊന്നും കൂട്ടിച്ചേർക്കാനില്ല.

ജൂൺ നാലിന് വോട്ടെണ്ണൽ ഫലങ്ങൾ ദൃശ്യമാധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ പാർട്ടി പ്രതിനിധികൾ അഭിപ്രായം പറയാനെത്തും മുമ്പ് ഇത്തരമൊരു കനത്ത പരാജയത്തെ സി.പി.എം നേതൃത്വം എങ്ങനെയാവും വിശദീകരിക്കുക എന്ന് സങ്കൽപ്പിക്കാനുള്ള കൗതുകം തോന്നി. ആ സങ്കൽപ്പം ഇങ്ങനെ: 'ബി.ജെ.പി അക്കൗണ്ട് തുറന്നു എന്നതാണ് 2024 ലെ തെരഞ്ഞടുപ്പിലെ ഏറ്റവും അപകടകരമായ കാര്യം. അതിനുത്തരവാദി കോൺഗ്രസാണ്. എൽ.ഡി.എഫിന് വോട്ട് കൂടിയിട്ടേയുള്ളൂ, എന്നാൽ കെ. മുരളീധരന് കഴിഞ്ഞ തവണ യു.ഡി.എഫിന് കിട്ടിയതിനേക്കാൾ വോട്ട് വളരെയധികം കുറഞ്ഞതാണ് സുരേഷ് ഗോപി ജയിക്കാൻ കാരണം. അതിന് യു.ഡി.എഫ് സമാധാനം പറയണം.'

പിന്നെ 2019 ലും ഒരു സീറ്റല്ലേ എൽ.ഡി.എഫിന് ലഭിച്ചുള്ളൂ എന്നിട്ടും അത് കഴിഞ്ഞുനടന്ന പഞ്ചായത്ത് ഇലക്ഷനിൽ നിയമസഭാ ഇലക്ഷനിലും വൻഭൂരിപക്ഷത്തിന് ഇടതുമുന്നണി വിജയിച്ചല്ലോ. അതുപോലെ പാർട്ടി പരാജയം പരിശോധിച്ചു തിരുത്തലുകൾ വരുത്തി അടുത്ത തദ്ദേശ ഇലക്ഷനും നിയമസഭാ ഇലക്ഷനും വൻഭൂരിപക്ഷം നേടും.' തോൽവിയെ പ്രതിരോധിക്കാൻ സി.പി.എം നേതാക്കൾ പിന്നീട് വിശദീകരണം നൽകിയപ്പോൾ അനുമാനം തെറ്റിയില്ല.

2019 ലെ തോൽവി വിലയിരുത്തിയ സി.പി.എം കണ്ടെത്തിയ കാരണങ്ങൾ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ശ്രമിച്ചു എന്ന് ധരിച്ച ഹിന്ദു ഈശ്വര വിശ്വാസികളിലുണ്ടായ രോഷം, മോദിയെ താഴെയിറക്കാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കഴിയും എന്ന് കരുതിയ മുസ്ലീം- ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടർമാരിലുണ്ടായ ഏകീകരണം, അപ്രതീക്ഷിതമായി കേരളത്തിൽ മത്സരിക്കാൻ രാഹുൽഗാന്ധി എത്തിയത് എന്നിവയായിരുന്നു.

അതേത്തുടർന്ന് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും എൽ.ഡി.എഫും നേരേ തലകുത്തി മറിഞ്ഞു. നവോത്ഥാന സംരക്ഷണം വഴിയിലുപേക്ഷിച്ചു. തങ്ങൾ ഈശ്വരവിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി പ്രവർത്തകർ വീടുകയറി പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ വിവേചനം, ലൗ ജിഹാദ് തുടങ്ങിയ കാരണങ്ങൾ കണ്ടെത്തി ക്രിസ്ത്യൻ- മുസ്ലീം സമുദായങ്ങൾക്കിടയിൽ മുമ്പില്ലാത്ത ഭിന്നത പൊട്ടിമുളച്ചു. കോവിഡ് കാലത്തെ ഏകരക്ഷകൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ അവതരിപ്പിക്കുക കൂടി ചെയ്തതോടെ 2020 ലെ തദ്ദേശ ഇലക്ഷനിൽ മേൽക്കൈ 2021 ലെ ഭരണത്തുടർച്ച നേടിയില്ലേ എന്ന് ചോദിച്ചാലത് നിഷേധിക്കാൻ കഴിയില്ല.

എന്നാൽ 2019 ലെ പരാജയ കാരണങ്ങളല്ല 2024 ലെ പരാജയ കാരണങ്ങൾ എന്നതാണ് പ്രസക്തം. ആരൊക്കെയാ മത്സരിച്ചത്? ആരൊക്കെയാ പരാജയപ്പെട്ടത് എന്ന് പരിശോധിക്കുമ്പോഴാണ് വീഴ്ചയുടെ ആഴം മനസ്സിലാവുന്നത്. പിണറായി വിജയന്റെ വിശ്വസ്തനെന്ന നിലയിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പദവിയും എൽ.ഡി.എഫ് കൺവീനർ സ്ഥാനവും വഹിച്ച പോളിറ്റ് ബ്യൂറോ അംഗം, ഒന്നാം പിണറായി മന്ത്രിസഭയിലെ പേരെടുത്ത മന്ത്രിമാർ, രണ്ടാം മന്ത്രിസഭയിലെ ഒരു മന്ത്രി, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എൽ.എമാർ, മൂന്ന് ജില്ലാ സെക്രട്ടറിമാർ, ഒരു സിറ്റിംഗ് എം.പി എന്നിവരായിരുന്നുവല്ലോ.

ഇതിൽ ഏത് പദവിയിലിരുന്നാലും തന്റെ എളിമയും ലാളിത്യവും സത്യസന്ധതയും നഷ്ടപ്പെടാതെ പ്രതിച്ഛായയും ജനപ്രീതിയും നിലനിർത്തിയ മന്ത്രി കെ. രാധാകൃഷ്ണനൊഴിച്ച് ഒന്നാം പിണറായി മന്ത്രിസഭയിലെ ഗ്ലാമർ താരങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടത് ചെറിയ മാർജിനൊന്നുമായിരുന്നില്ല. കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ഡോ. ടി.എം. തോമസ് ഐസക്ക് എന്നീ മുൻമന്ത്രിമാർ പരാജയപ്പെട്ടത് വ്യക്തിപരമായി അവർ മോശം ഇമേജ് ഉള്ളവരായിരുന്നതുകൊണ്ടാണെന്ന് കേരളത്തിലാരും പറയാനിടയില്ല. കേരളത്തിലെ ഇപ്പോഴത്തെ ഭരണത്തോടും, അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയോടുമുള്ള അതിരൂക്ഷമായ ജനരോഷത്തിന്റെ ഇരകളായി ഇവർ മാറിയെന്നതാണ് യാഥാർത്ഥ്യം.

ജനരോഷത്തിന്റെ ആഴമറിയാൻ സംഘടന എന്നത് നാമമാത്രമായ കോൺഗ്രസ്- യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കണ്ടാൽ മതി. വയനാട്ടിലും മലപ്പുറത്തും 3 ലക്ഷത്തിലേറെ ഭൂരിപക്ഷം കടന്നപ്പോൾ, പൊന്നാനി, എറണാകുളം മണ്ഡലങ്ങളിലത് 2.5 ലക്ഷത്തിനടുത്തായിരുന്നു. കൊല്ലത്തും കോഴിക്കോട്ടും ഒന്നരലക്ഷം എത്തിയപ്പോൾ, ഇടുക്കി, വടകര, കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ ഒരു ലക്ഷവും കടന്നു. പാലക്കാട്, കോട്ടയം, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളിൽ അറുപതിനായിരത്തിനും മുകളിലായിരുന്നു ഭൂരിപക്ഷം.

വിജയിച്ച ഏക സി.പി.എം സ്ഥാനാർത്ഥിക്ക് ആലത്തൂരിൽ ലഭിച്ചത് 20,111 വോട്ടിന്റെ ഭൂരിപക്ഷം ആണെങ്കിൽ, അതിന് താഴെ വിജയിച്ചവരുടെ ഭൂരിപക്ഷം തിരുവനന്തപുരം, മാവേലിക്കര, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാത്രമാണെന്നതും ശ്രദ്ധേയമാണ്. ചരിത്രത്തിലാദ്യമായി കേരളത്തിൽ താമര വിരിഞ്ഞപ്പോൾ ഇടതുവലതു മുന്നണികളിലെ രണ്ട് അതിപ്രഗത്ഭരെ 74686 വോട്ടുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണെന്നുള്ളത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിന്റെ കാര്യത്തിൽ പ്രകടിപ്പിച്ച പ്രത്യേക താൽപ്പര്യവും, സീറോ മലബാർ സഭ തൃശൂർ അതിരൂപത നൽകിയ നിശ്ശബ്ദ പിന്തുണയും ഈ നേട്ടത്തിനുള്ള കാരണങ്ങളിൽ പെടുന്നു.

ഭരണസ്വാധീനമില്ലാതെ, പ്രവർത്തിക്കാൻ സംഘടനയില്ലാതെ, പണമില്ലാതെ, യു.ഡി.എഫ് സ്ഥാനാർത്ഥികൾ സ്വപ്നത്തിൽ കാണാത്ത ഭൂരിപക്ഷം ജനങ്ങൾ അവർക്ക് നൽകിയെങ്കിൽ സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന ചില കാരണങ്ങളുണ്ട്. ഒന്ന് നിലവിലുള്ള സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും ദുർഭരണവും കൊണ്ട് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ. രണ്ടാമത് എത്ര വലിയ പ്രമാണിയായി ചിത്രീകരിച്ചാലും ആരുടെയും സമഗ്രാധിപത്യം അംഗീകരിക്കുന്ന മനസ്സല്ല കേരളീയരുടേത് എന്നത്. മൂന്നാമത്തേത് മുസ്ലീം വോട്ടുകൾ നേടാൻ സി.പി.എം കളിച്ച നാടകങ്ങൾ അമിതമായപ്പോൾ ഇതര സമുദായങ്ങളെ അത് പ്രകോപിപ്പിച്ചു എന്നത്. സമസ്തയിലെ ഒരുവിഭാഗം നേതാക്കളെ ഒപ്പം കിട്ടിയിട്ടും ലീഗ് വിട്ട് വന്നയാളെ സ്ഥാനാർത്ഥിയാക്കിയിട്ടും പൊന്നാനിയിലുൾപ്പെടെ കേരളത്തിലെവിടെയും മുസ്ലീം വോട്ടുകളെ സ്വാധീനിക്കാനായില്ല. അതിന് കാരണം രാഹുൽഗാന്ധിയും കോൺഗ്രസും ദുർബലപ്പെടരുത് എന്നവർ ആഗ്രഹിച്ചതുകൊണ്ടായിരിക്കാം. നാലാമത്തെ കാര്യം കമ്മ്യൂണിസ്റ്റ് വോട്ടുകൾ ചെയ്യപ്പെടാതിരിക്കുകയോ, മറിച്ച് കുത്തുകയോ ചെയ്തു എന്നുള്ളതാണ്. പിണറായി വിജയൻ ഈ പാർട്ടിയെ തൊഴിലാളി വർഗ്ഗപാതയിൽ നിന്ന് മുതലാളിത്ത പാതയിലേക്ക് നയപരമായി വ്യതിചലിപ്പിച്ചു എന്ന് വിശ്വസിക്കുന്നവരാണ് അവർ.

വൻതോൽവിയുടെ പശ്ചാത്തലത്തിലെങ്കിലും സി.പി.എം നേതൃത്വം ആത്മപരിശോധനകൾക്കും, തെറ്റുതിരുത്തലിനും തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പിണറായി വിജയന്റെ മുഖത്തുനോക്കി യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയാൻ വി.എസിനുശേഷം ആരുമില്ല എന്നതാണ് ആ പാർട്ടി നേരിടുന്ന ഏറ്റവും വലിയ അപകട ഭീഷണി. എന്നാൽ കേരള നേതൃത്വത്തെ പിണക്കിയാൽ എം.പിമാരുണ്ടാകില്ല എന്ന് ധരിച്ച് പലതിനോടും കണ്ണടച്ച സി.പി.എം കേന്ദ്രനേതൃത്വത്തിന് ഇനി പിണറായി വിജയനെ ഭയപ്പെടേണ്ടതില്ല. കേരളത്തിൽ ഒരു സീറ്റ് മാത്രം വിജയിച്ചപ്പോൾ തമിഴ്‌നാട്ടിൽ രണ്ട് സീറ്റ് സി.പി.എംന് ലഭിച്ചു. രാജസ്ഥാനിൽ കൂടി ഒരു സീറ്റ് ലഭിച്ചതോടെ ദേശീയതലത്തിൽ സി.പി.എംന് നാല് സീറ്റ് ലഭിച്ചു. തമിഴ്‌നാട്ടിൽ സി.പി.ഐയ്ക്കും ലഭിച്ചു രണ്ട് സീറ്റ്.

ഏതായാലും സി.പി.എം സംസ്ഥാനഘടകത്തിൽ ആരെങ്കിലും പരാജയത്തിൽ പിണറായി വിജയനുള്ള പങ്ക് ചൂണ്ടിക്കാണിക്കാനുള്ള സാധ്യത വിരളമാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ തന്നെ വന്നുകണ്ടെന്ന് വോട്ടെടുപ്പ് ദിനം രാവിലെ വെളിപ്പെടുത്തിയത് വലിയ ഒരു പരാജയകാരണമായി, ഇ.പി. ജയരാജന്റെ തലയിൽ ഉത്തരവാദിത്തം വെച്ചുകെട്ടിയാലതിൽ അത്ഭുതപ്പെടാനില്ല.

ഇൻഡ്യാ സഖ്യത്തിലൊരുമിച്ച് നിൽക്കുമ്പോഴും പഞ്ചാബിൽ കോൺഗ്രസും, എ.എ.പിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും പരസ്പരം മത്സരിച്ചെങ്കിലും രാഹുൽഗാന്ധിയെ വിമർശിക്കാതിരിക്കാൻ അരവിന്ദ് കേജ്‌രിവാളും മമതാ ബാനർജിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേസമയം രാഹുൽഗാന്ധിയെ വിമർശിക്കുന്നതിൽ ബി.ജെ.പി നേതാക്കളേക്കാൾ ഒരു പടികൂടി പിണറായി വിജയൻ മുന്നിലായിരുന്നു. മുസ്ലീം വോട്ടുകൾ നേടാനായി പ്രചാരണകാലത്തെ തന്റെ എല്ലാ ദിവസത്തെ പ്രസംഗങ്ങളിലും പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിക്കുകയും, രാഹുൽഗാന്ധിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ നിലപാടില്ലെന്ന് നിരന്തരം ആവർത്തിക്കുകയും ചെയ്തു.

മാത്രമല്ല സി.പി.എം ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാറുകളും, പാലസ്തീൻ വിഷയത്തിൽ ഐക്യദാർഢ്യറാലികളും സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്ലീം സ്വാധീന ജില്ലകളിൽ സംഘടിപ്പിച്ച വൻ റാലികൾ തുടങ്ങി മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊതുവിൽ മുസ്ലീം സമുദായ പിന്തുണ നേടുക എന്നത് ഉന്നമിട്ട് മാത്രമായി. തങ്ങളെ പിന്തുണക്കാതിരിക്കുമ്പോൾ എസ്.ഡി.പി.ഐയേയും ജമാഅത്ത് ഇസ്ലാമിയേയും തീവ്രവാദികൾ എന്ന് രൂക്ഷമായി വിമർശിക്കുന്ന രീതിയും ഇത്തവണ അവലംബിച്ചില്ല.

എന്നാൽ ഒരു കാലത്തും ഇല്ലാത്തതുപോലെ മുസ്ലീം വോട്ടുകൾ ഇത്തവണ യു.ഡി.എഫ് പെട്ടിയിൽ  വീണതിലൂടെ അവർ ഇന്ത്യാ സഖ്യം അധികാരത്തിൽ വരണം എന്നാഗ്രഹിച്ചു. 'ഒരു വശത്ത് മുസ്ലീം വെറുപ്പ് സമൂഹത്തിൽ പ്രബലമാക്കാനുള്ള ഉള്ളടക്കം നിരന്തരം സപ്ലൈ ചെയ്യുകയും, അതുപയോഗിച്ച് സംഘപരിവാരം വളരുമ്പോൾ ദേശത്തെ സംരക്ഷിക്കാൻ ഞങ്ങളുണ്ടേ എന്ന് ആർത്തുവിളിക്കുകയും ചെയ്യുന്നതാണ് സി.പി.എംന്റെ ഫാഷിസ വിരുദ്ധ രാഷ്ട്രീയം' എന്നാണ് ഒരു മുസ്ലീം സംഘടനാനേതാവ് എഴുതിയത്. 'ഫാഷിസത്തിനെതിരായ സമരം വളരെ പ്രധാനമാണെന്ന് തിരിച്ചറിയുന്നവരാണ് മുസ്ലീങ്ങൾ.  എന്നാൽ തെരഞ്ഞടുപ്പ് വരുമ്പോൾ സി.പി.എം പ്രകടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധത, സത്യത്തിൽ മുസ്ലീംവോട്ട് ഉറപ്പിച്ചു നിർത്താനുള്ള ഉപായം മാത്രമാണെന്നും വിമർശനം ഉയരുകയുണ്ടായി.

മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും മുസ്ലീം അനുഭാവത്തിലെ ആത്മാർത്ഥതയില്ലായ്മ, പൗരത്വനിയമത്തിനെതിരായി എടുത്ത കേസുകൾ പിൻവലിക്കാത്തതുമുതൽ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നതല്ലാതെ പ്രധാനമന്ത്രിയേയോ ആഭ്യന്തരമന്ത്രിയേയോ ഒന്നും മുഖ്യമന്ത്രി വിമർശിക്കാത്തത്, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയർന്ന ഗുരുതരമായ ആക്ഷേപങ്ങളിലും കേസുകളിലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു പരിധിക്കപ്പുറം നീങ്ങാത്തത് എല്ലാം അതാത് സന്ദർഭങ്ങളിൽ വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതൃത്വം വിജയിക്കുകയും ചെയ്തു. ഒടുവിൽ ഉത്തരത്തിൽ ഇരുന്നതുമില്ല കക്ഷത്തിലിരുന്നത് നഷ്ടപ്പെടുകയും ചെയ്തു എന്നതാണ് എൽ.ഡി.എഫിന് സംഭവിച്ചത്.

തൃശൂരിലെ കത്തോലിക്ക വോട്ടുകൾ സ്വാധീനിക്കുന്നതിൽ ബി.ജെ.പി വിജയിച്ചതൊഴിച്ചാൽ, ജോസ് കെ. മാണിയുടെ പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിടങ്ങളിലുൾപ്പെടെ ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫിനാണ് ലഭിച്ചത്. ജനുവരിയിൽ ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നേതൃപൂജയേയും അധികാരത്തിലെ വഴിതെറ്റലിനേയുംകുറിച്ച് എം.ടി. വാസുദേവൻനായർ ചിലത് പറയാത്ത താമസം ചിലതൊക്കെ പറയാൻ വിമ്മിഷ്ടപ്പെട്ടിരുന്നതുപോലെ കേരളത്തിലെ തലയെടുപ്പുള്ള പല എഴുത്തുകാരും വ്യക്തി പൂജയേയും അധികാരത്തിന്റെ ആധിപത്യത്തെയും വിമർശിച്ചു രംഗത്തുവന്നപ്പോൾ നിഷ്പക്ഷമതികളുടെ പിന്തുണ സർക്കാരിന് നഷ്ടപ്പെട്ടു എന്ന് വ്യക്തമായിരുന്നു. കേരളത്തിന്റെ ജനാധിപത്യ മനസ് സമഗ്രാധിപത്യത്തോട് സന്ധി ചെയ്യില്ലെന്നത് തിരിച്ചറിയാൻ സി.പി.എംന് കഴിഞ്ഞില്ല.

കേരളത്തിലെ വോട്ടുകൾ പെട്ടിയിലായി മണിക്കൂറുകൾക്കകം ഇന്ത്യയിലൊരിടത്തും ഇൻഡ്യാസഖ്യം സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കാനോ, മോദിയേയോ ബി.ജെ.പിയേയോ വിമർശിക്കാനോ നിൽക്കാതെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിന് രാജ്യം വിട്ടുമാറി നിന്നത് പിണറായി വിജയന്റെ വിശ്വാസ്യതയുടെ ഗ്രാഫ് രാജ്യത്തൊട്ടാകെ ഇടിച്ചു എന്നതിന് സംശയമില്ല.

2021 ലെ വോട്ടെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ കിറ്റുകൾ ലഭിച്ചതിനെ ഒരനുഗ്രഹമായിക്കണ്ട സാധാരണക്കാരും പാവപ്പെട്ടവരും പാർട്ടി വിധേയത്തം ഉള്ളവർ ഒഴിച്ച് ഇത്തവണ വലിയ രോഷത്തിലായിരുന്നു. കാരണം ക്ഷേമപെൻഷനുകൾ കിട്ടാതെ, കാരുണ്യ സഹായം ലഭിക്കാതെ, സബ്‌സിഡിക്ക് നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെ, എ ന്തിനും ഏതിനും വർദ്ധിപ്പിച്ച നികുതിയും നിരക്കും കൊടുത്ത അവരുടെ ജീവിതം അസഹനീയമായിരിക്കുമ്പോൾ അധികാരത്തിലുള്ളവർ ആർഭാടത്തിൽ അർമാദിക്കുന്നതവർ ഇഷ്ടപ്പെട്ടില്ല.

പ്രതിപക്ഷത്തുള്ളവരെ, യുവാക്കളെ, വിമർശിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ കരിങ്കൊടികാണിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് പ്രാകൃതമായി കൈകാര്യം ചെയ്തതും പലയിടങ്ങളിലും പാർട്ടി നേതാക്കൾ പ്രകടിപ്പിച്ച ധാർഷ്ട്യവും ജനങ്ങളെ സർക്കാരിനെതിരാക്കിയിട്ടുണ്ട്.

ഇടതുമുന്നണി കുറേ സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കാനവർ കാരണമായി വിലയിരുത്തിയത് കോൺഗ്രസിന് സംഘടനാശേഷിയില്ലെന്നതായിരുന്നു. ശരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിനുശേഷം പങ്കുവച്ച വികാരം സംഘടനാദൗർബല്യമായിരുന്നു.

എന്നാൽ സർക്കാരിന്റെ വീഴ്ചകളെയും പോരായ്മകളെയും തുറന്നുകാണിക്കുന്നതിൽ അതിന് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്നതിലും പ്രതിപക്ഷ നേതൃത്വം വിജയിച്ചു. സമുദായനേതാക്കൾക്ക് ഒരു പരിധിക്കപ്പുറം വഴങ്ങാത്ത പ്രതിപക്ഷ നേതാവിനെ ധിക്കാരിയെന്ന് ചില സമുദായ നേതാക്കളും, ഉമ്മൻചാണ്ടിയേയോ രമേശ് ചെന്നിത്തലയെയോപോലെ അനുനയത്തിന്റെ ശൈലിയില്ലാതെ കടുപ്പിച്ച് സംസാരിക്കുന്നതിനാൽ അഹങ്കാരമാണ് എന്ന് പാർട്ടിയിലെ മറുഗ്രൂപ്പുകാരും വിമർശിച്ചെങ്കിലും, തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞെടുപ്പുകൾ എകോപിപ്പിച്ചതുപോലെ ഈ ഇലക്ഷനിൽ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെ സംഘടനാദൗർല്യങ്ങൾ മറികടന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുകതന്നെ ചെയ്തു. തൃശൂരിലെയും ആലത്തൂരിലെയും പരാജയം തിരിച്ചടിയാണെങ്കിലും കോൺഗ്രസിനും യു.ഡി.എഫിനും അഭിമാനകരമായ നേട്ടം ഉണ്ടാക്കാനായി. ഇനി പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ. അതുകഴിഞ്ഞാൽ തദ്ദേശ ഇലക്ഷൻ തിരിച്ചുവരവിന് സി.പി.എം എങ്ങനെയാണ് ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE