09:31am 01 July 2024
NEWS
വീണുടയാത്ത സൗഹൃദകണം
23/06/2024  11:26 PM IST
നാസർ മുഹമ്മദ്
വീണുടയാത്ത  സൗഹൃദകണം

തിരുവനന്തപുരം ജില്ലയിൽ തെക്ക്  കോവളത്തിന് സമീപം കല്ലിയൂർ -വേങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മനോഹരമായ വെള്ളയാണി ശുദ്ധജല തടാകം. കേരളത്തിലെ അറിയപ്പെടുന്ന ശുദ്ധജല തടാകം ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും ഡിജിറ്റൽ കാലഘട്ടത്തിലും സൂപ്പർഹിറ്റായി ഇന്നും നിലനിൽക്കുന്ന പ്രധാന ലൊക്കേഷൻ. നിരവധി സീരിയലുകളിലും സിനിമകളിലും ഇന്നും പ്രധാന ലൊക്കേഷനായി മാറിക്കൊണ്ടിരിക്കുന്ന വെള്ളായണി പുഞ്ചക്കരിയിൽ 'മഹിളാരത്‌നം' കവർ ഷൂട്ടിനായി എത്തിയ താരങ്ങളെ പരിചയപ്പെടുത്താം.

രാഹുൽ കൈമല സംവിധാനം ചെയ്ത ചോപ്പ് എന്ന ചിത്രത്തിലൂടെ ജാനകി എന്ന ദരിദ്ര പെൺകുട്ടിയിൽ നിന്നും ഒരു നേരത്തെ വിശപ്പടക്കാൻ നാടകനടിയായി മാറുന്ന സാബിറയായി വേഷപ്പകർച്ച നടത്തിയ മുംബൈ മലയാളി ജനനി രമേശും നീയും ഞാനും, സുഖമോ ദേവി എന്നീ പരമ്പരകളിലെ നായികയും ഗുരുവായൂർ സ്വദേശിയുമായ സുസ്മിത പ്രഭാകരനും, നീയും ഞാനും ഗൗരീശങ്കരം തുടങ്ങിയ നിരവധി പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശി ആതിര പ്രവീണുമാണ് പുഞ്ചക്കരിയിൽ ഒത്തുകൂടിയത്.

നീയും ഞാനും

പത്മനാഭന്റെ നാട്ടുകാർക്ക് ഗുരുവായൂർ അകലെയാണെങ്കിലും ഗുരുവായുരപ്പൻ എപ്പോഴും ഹൃദയത്തിലാണ്. സുസ്മിതയെ ഹൃദയത്തോട് ചേർത്തുപിടിച്ചു ആതിര പറഞ്ഞു. ജനാർദ്ദനൻ സാറിന്റെ നീയും ഞാനും എന്ന സീരിയലിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അതിൽ നായികയായി സുസ്മിതയും നായികയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ കൂട്ടുകാരിയായി ഞാനും പ്രേക്ഷകരുടെ മുന്നിലെത്തി. പരമ്പരകളെ ഇഷ്ടപ്പെടുന്ന മലയാളി കുടുംബപ്രേക്ഷകർ ഞങ്ങളെയും പരമ്പരയെയും വളരെ വേഗം സ്വീകരിച്ചു. ആ സ്‌നേഹവും ആരാധനയും ഞങ്ങൾ ഇന്നും അനുഭവിച്ചറിയുന്നു.

ആദ്യമായി കണ്ട നിമിഷം തന്നെ ആതിര ചേച്ചി പുഞ്ചിരിച്ചുകൊണ്ട് എന്റെ അടുത്തുവന്ന് പരിചയപ്പെട്ടതും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലൊക്കേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം ഒരു കുഞ്ഞ് അനുജത്തിയോട് പറയുന്നതുപോലെ എന്നോട് പറഞ്ഞുതന്നത് ഇന്നും ഞാൻ ഓർക്കുന്നു. ഗുരുവായൂരിൽ നിന്നും ആദ്യമായിട്ടാണ് തിരുവനന്തപുരത്തേയ്ക്ക് ഷൂട്ടിംഗിനായി വന്നത്. പൊതുവേ ആരോടും അധികം സംസാരിക്കാത്ത ഒരു നാണം കുണുങ്ങിയായ നാടൻ പെൺകുട്ടിയെന്നാണ് പലരും എന്നെ പഠിക്കുന്ന കാലത്ത് തന്നെ പറഞ്ഞുകളിയാക്കാറ്. കുഞ്ഞുന്നാളിൽ അഭിനയമോഹം ഉണ്ടോ എന്നുചോദിച്ചാൽ എനിക്കറിയില്ല. എം.ബി.എയ്ക്ക് പഠിക്കുമ്പോഴാണ് പോസ്റ്ററുകളിലും മാഗസിൻ കവറുകളിലും മറ്റും ഫോട്ടോകൾ വരണമെന്ന് ആഗ്രഹിച്ചത്. അഭിനയം ഒരു പാഷനായി ഉള്ളിൽ ഉണ്ടായിരിക്കണം. അതുകൊണ്ടാണല്ലോ അങ്ങനെയെല്ലാം തോന്നിയത്. അച്ഛൻ അന്ന് വിദേശത്തായിരുന്നു. ഞാനും ചേട്ടനും അമ്മയും മുത്തശ്ശിയും ആയിരുന്നു വീട്ടിൽ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നുപോകാനുള്ള ദൂരമേ വീട്ടിൽ നിന്നും ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എല്ലാറ്റിനും ഞാൻ എന്റെ കണ്ണനെ കൂട്ടുപിടിച്ചു. ഇതെല്ലാം കേട്ടിരുന്ന ജനനി പറഞ്ഞു. ചേച്ചീ... ഞാൻ നിങ്ങളുടെ സീരിയലുകളെല്ലാം കാണാറുണ്ട്. ഞങ്ങൾ പാലക്കാട്ടുകാരാണെങ്കിലും ഞാൻ വളർന്നതും പഠിച്ചതും എല്ലാം മുംബൈയിലാണ്. അമ്മ സിന്ധു നായർ. അച്ഛൻ നാസിക്കിൽ മഹേന്ദ്ര ആൻഡ് മഹേന്ദ്രയിൽ ജോലി ചെയ്യുന്ന രമേഷ് നായർ. കുറേക്കാലം ഞങ്ങളെല്ലാവരും നാസിക്കിൽ ആയിരുന്നു. ഇപ്പോൾ മുംബൈയിൽ മലയാളം എഴുതുവാനും വായിക്കുവാനും കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വളരെ നന്നായി സംസാരിക്കും പറയുന്നതെല്ലാം മനസ്സിലാവുകയും ചെയ്യും. അമ്മയ്ക്കും അച്ഛനും  നിർബന്ധമായിരുന്നു വീട്ടിൽ മലയാളം സംസാരിക്കണമെന്ന്. എവിടെയാണെങ്കിലും  നമ്മുടെ ഭാഷയും സംസ്‌ക്കാരവും നമുക്ക് മറക്കാൻ കഴിയുമോ. ഇന്ന് പലരും സ്വന്തം ഭാഷയും സംസ്‌ക്കാരവും മറന്നുകൊണ്ടാണ് ജീവിക്കുന്നതെന്ന് അറിയാം. പക്ഷേ, എന്നെ അതിന് കിട്ടില്ല. ഞാനൊരു മലയാളിയായി അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ജനനിയുടെ വാക്കുകൾ കേട്ട് സുസ്മിതയും ആതിരയും ചിരിച്ചുകൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

ചേച്ചിമാരെ, എനിക്ക് മനസ്സിലായി എന്നെ കളിയാക്കിയതാണെന്ന്. ഇതും പറഞ്ഞ് ജനനി ആതിരയേയും സുസ്മിതയേയും പിച്ചിക്കൊണ്ട് മരങ്ങൾക്കിടയിലൂടെ ഓടി. പുറകിൽ ആതിരയും സുസ്മിതയും അവളെ പിടിക്കാനും. രണ്ടുപേരും ചേർന്ന് ജനനിയെ തൂക്കിയെടുത്ത് പുഞ്ചക്കരിയിലെ പാലത്തിനടുത്തേക്ക് കൊണ്ടുവന്നു.

പാലത്തിന്റെ കൈവരിയിൽ ഇരുന്ന് ജനനി അകലത്തേയ്ക്ക് നോക്കി. കുളവാഴകൾ നിറഞ്ഞ ഒഴുക്ക് നിലച്ച അവസ്ഥയിൽ കിടക്കുന്ന തോട്ടിൽ മത്സ്യങ്ങൾ പുളയുന്ന ശബ്ദം കേട്ട് ആതിര പറഞ്ഞു. ജനനീ ഇവിടെ നല്ല മീൻ കിട്ടും. ഞാനും പ്രവീൺ ഏട്ടനും ചാരുമോളുമെല്ലാം ഷൂട്ട് ഇല്ലാത്ത പല ഒഴിവുദിവസവും ഇവിടെ വരും. കുറേസമയം ഇവിടെ ഇരുന്ന് കാറ്റുകൊള്ളും. തിരിച്ചുപോകുമ്പോൾ ഇവിടെ നിന്നും മീൻ വാങ്ങും. ജനനീ ചാരുമോളും  നല്ലൊരു ആർട്ടിസ്റ്റ് ആണ്. പല പ്രമുഖ ചാനലുകളിലെയും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയാണ് അവളുടെ ലക്ഷ്യം. സുസ്മിത പറഞ്ഞുനിർത്തിയപ്പോൾ ആതിര തുടങ്ങി. ചാരുവിന് മാത്രമല്ല നമ്മുടെ എല്ലാം ലക്ഷ്യം ബിഗ് സ്‌ക്രീൻ അല്ലേ. ദേ.. നമ്മുടെ അടുത്തിരിക്കുന്നത് നാളെ തിരക്കുള്ള സെലിബ്രിറ്റിയാ.. ഇപ്പോൾ ചോപ്പിൽ അഭിനയിച്ചു. ഇനി ഹിന്ദിയിലാണ്. റോയൽ സിനിമാസിന്റെ ഹിന്ദി ചിത്രത്തിലും മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമുണ്ടെന്നാണ് ഞാൻ അറിഞ്ഞത്.

സത്യം തന്നെ. സിനിമയല്ലേ.. ചേച്ചി എല്ലാത്തിനും ഒരു ഭാഗ്യം വേണ്ടേ. നിങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടായാൽമതി. ജനനി അവരെ നോക്കി കൈകൂപ്പി. അതെപ്പോഴും ഉണ്ടാകും ജനനി... സുസ്മിത ജനനിയുടെ തലയിൽ കൈവെച്ചു പറഞ്ഞു. ജനനി നീ ഇരിക്കുന്ന ഈ പാലത്തെക്കുറിച്ച് നിനക്കറിയാമോ ഇതാണ് കിരീടം പാലം. ലാലേട്ടൻ എന്ന അഭിനയവിസ്മയം തകർത്താടി മലയാളി പ്രേക്ഷകരെ ഏറെ  നൊമ്പരപ്പെടുത്തിയ കിരീടം എന്ന സിനിമയിലെ ലൊക്കേഷനാണിത്. ഇപ്പോൾ ഓർക്കുന്നു. കൈതപ്രം സാറ് എഴുതി, ജോൺസൺ മാഷ് സംഗീതം പകർന്ന് ശ്രീകുമാർ ഏട്ടൻ പാടിയ കണ്ണീർപൂവിന്റെ കവിളിൽ തലോടി എന്ന ഗാനത്തിലെ ആ  പാലം ഇതാണല്ലേ.. പ്രേക്ഷകമനസ്സിനെ ചേർത്തുപിടിച്ച ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ് സിബിമലയിൽ സംവിധാനം ചെയ്ത കിരീടത്തിലെ കേന്ദ്ര കഥാപാത്രമായ സേതുവും അച്യുതൻനായരുമെല്ലാം സുസ്മിതയുടെ മനസ്സിനെ  നൊമ്പരപ്പെടുത്തി ഓർമ്മയിലൂടെ മിന്നിമറഞ്ഞു.

ചേച്ചി ആ സിനിമ ഇറങ്ങിയപ്പോഴൊന്നും ഞാൻ ജനിച്ചിട്ട് പോലുമില്ല. ഒരുപാട് തവണ ഞാൻ ടി.വിയിൽ ആ സിനിമ കണ്ടിട്ടുണ്ട്. ഒരുപാട് കരഞ്ഞിട്ടുമുണ്ട്. ജനനിയുടെ മുഖത്ത് വിഷാദം നിഴലിച്ചു. തെല്ലുനേരത്തെ മൗനത്തിനുശേഷം ആതിര തുടർന്നു. ധ്രുവത്തിലെ കറുകവയൽ കുരുവിയും സുരേഷേട്ടനും സുഹാസിനി ചേച്ചിയും അഭിനയിച്ച സമൂഹം എന്ന സിനിമയിലെ തൂമഞ്ഞിൻ എന്ന ഗാന ചിത്രീകരണവുമെല്ലാം ഇവിടങ്ങളിലായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പ്രകൃതിരമണീയമായ സ്ഥലമാണിത്. നിരവധിപ്പേർ ഒഴിവുസമയങ്ങൾ ആനന്ദവേളകളാക്കാൻ എത്തുന്നു. ഫോട്ടോഷൂട്ടിനും പറ്റിയ ഇടം. ആലപ്പുഴയിലും കുട്ടനാട്ടിലും പോയ ഒരു പ്രതീതിയല്ലേ ആതിരേ ഇവിടെ. സുസ്മിത ചിരിച്ചുകൊണ്ട് രണ്ടുപേരേയും ചേർത്തുപിടിച്ച് അസ്തമയസൂര്യനെ നോക്കി പറഞ്ഞു. സായംസന്ധ്യയുടെ വരവറിയിച്ച് മേഘങ്ങൾ ചുവപ്പണിഞ്ഞു. ഇരതേടിയെത്തിയ ദേശാടന പ്പക്ഷികൾ കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് ചിറകടിച്ചുയർന്നു. ഇരുട്ട് പരക്കുന്നതിന് മുമ്പുതന്നെ അവർ പാലത്തിൽ നിന്നും ഇറങ്ങി നടന്നു വയൽക്കരയിലെ കതിർമണിയിൽ പറ്റിപ്പിടിച്ച ജലകണങ്ങൾ കൈക്കുമ്പിളിലാക്കി. ആതിര സുസ്മിതയ്ക്കും ജനനിക്കുമായി അത് പകർന്നുനൽകി. പുതുപ്രതീക്ഷകളുടെ പുതുദിനത്തിനായി സൂര്യൻ മറഞ്ഞു. ഇരുട്ട് പുഞ്ചക്കരിയെ മൂടി. അകലെനിന്നും ഒഴുകിയെത്തിയ കാറ്റ് കണ്ണീർപൂവിന്റെ കവിളിൽ തലോടിയ ഗാനം മൂളിയതുപോലെ...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM