11:57am 08 July 2024
NEWS
ഖാര്‍ഗെയുടെ പ്രസംഗം വിവാദത്തില്‍; മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി
20/12/2022  01:29 PM IST
Veena
ഖാര്‍ഗെയുടെ പ്രസംഗം വിവാദത്തില്‍; മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി
HIGHLIGHTS

ബിജെപിക്കെതിരായ വിവാദ പ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്. രാജസ്ഥാനിലെ ആൽവാറിൽ റാലിയിൽ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപിക്കെതിരായ വിവാദ പ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗെ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.

ഭാരത് ജോഡോയാത്രയുടെ ഭാഗമായി ആൽവാറിൽ റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ ബിജെപി വിരുദ്ധ പരാമർശം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസുകാർ ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവൻ നഷ്ടപ്പെടുത്തി. എന്നാൽ ബിജെപി എന്തു ചെയ്തു. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവൻ കളഞ്ഞിട്ടില്ലെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.

അതിർത്തി ലംഘിച്ച് ചൈന നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങൾക്കെതിരെ നരേന്ദ്രമോദി സർക്കാർ പുലർത്തുന്ന നിസ്സംഗതയെയും ഖാർഗെ കുറ്റപ്പെടുത്തി. പുറത്ത് സിംഹത്തെപ്പോലെ അലറുന്നവർ, രാജ്യത്തിനകത്ത് എലിയെപ്പോലെയാണ് പെരുമാറുന്നതെന്ന് മോദിയെ പരോക്ഷമായി ലക്ഷ്യമിട്ട് ഖാർഗെ പറഞ്ഞു. തങ്ങളാണ് ദേശസ്‌നേഹികളെന്നാണ് ബിജെപിക്കാർ അവകാശപ്പെടുന്നത്. എന്തെങ്കിലും വിമർശിച്ചാൽ അവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുകയാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പ്രസിഡന്റിന്റെ ആൽവാറിലെ പ്രസംഗം രാജ്യസഭയിൽ ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന സഭ്യമല്ലാത്തതാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മോശമായ പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. അടിസ്ഥാന രഹിതവും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ലക്ഷ്യമിട്ടു നടത്തിയ പ്രസ്താവനയിൽ ഖാർഗെ മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ഖാർഗെയുടെ പ്രസ്താവനയെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പ്രൾഹാദ് ജോഷിയും വിമർശിച്ചു. കോൺഗ്രസ് പ്രസിഡന്റിന് ഇത്രമാത്രം തരംതാഴാൻ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് കിരൺ റിജിജു അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL