10:02am 08 July 2024
NEWS
ശ്രീകുമാരൻ തമ്പിയുടെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്ക്‌ വയലാർ അവാർഡ്‌

08/10/2023  04:10 PM IST
nila
ശ്രീകുമാരൻ തമ്പിയുടെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്ക്ക്‌ വയലാർ അവാർഡ്‌
HIGHLIGHTS

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങുന്നതാണ് വയലാർ അവാർഡ്.

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുല’മാണ് പുരസ്‌കാരത്തിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവുമടങ്ങുന്നതാണ് വയലാർ അവാർഡ്. പുരസ്‌കാരം ഈ മാസം 27ന് സമ്മാനിക്കുമെന്നും വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പ്രഖ്യാപിച്ചു.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരൻ തമ്പി. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകൾ സംവിധാനം ചെയ്യുകയും 22 സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

 ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ൽ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ ലഭിച്ചു. 2018 ൽമലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA