11:51am 08 July 2024
NEWS
"റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്... ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു"
02/11/2023  10:35 AM IST
Web Desk
റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്... ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു
HIGHLIGHTS

KSU വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകർ അതിനു കൂട്ടുനിന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. KSU വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ KSU ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.

ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.

KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

അതേസമയം, ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യം കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെ എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തിയതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി ജയിച്ചത് 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എസ്എഫ്ഐയുടെ അനിരുദ്ധനാണ് കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തി കേരള വർമ കോളജിന്റെ ചെയർമാനായത്. 

നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിർപ്പറിയിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിംഗ് നിർത്തിവെക്കുകയും ചെയ്തു. 

ഉന്നതരുടെ സാന്നിധ്യത്തിൽ മാത്രം റീകൗണ്ടിംഗ് നടത്തിയാൽ മതിയെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ നിലപാടെടുത്തു. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവർ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ച് കോളജിൽ നിന്നും മടങ്ങുകയും ചെയ്തു.

അതേസമയം, കെഎസ്‌യു സ്ഥാനാർഥി ചെയർമാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടൻ വിജയിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ഇരു സ്ഥാനാർത്ഥികളും 895 വോട്ടുകൾ നേടിയപ്പോൾ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇടതുപക്ഷ അധ്യാപകരും കോൺഗ്രസ് അധ്യാപകരും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവിടെ അട്ടിമറിക്ക് ശ്രമിച്ചു എന്നത് കെഎസ്‌യുവിന്റെ കുപ്രചരണം മാത്രം എന്നും എസ്എഫ്ഐ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA