07:19am 03 July 2024
NEWS
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം, പിന്നില്‍ വ്യക്തിവിരോധവും കുടിപ്പകയും


രാഷ്ട്രീയമുതലെടുപ്പിനൊരുങ്ങി സി.പി.എം., പ്രതിച്ഛായ മങ്ങി കോണ്‍ഗ്രസ് നേതൃത്വം

12/09/2020  12:31 PM IST
KERALASABDAM
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം, പിന്നില്‍ വ്യക്തിവിരോധവും കുടിപ്പകയും     രാഷ്ട്രീയമുതലെടുപ്പിനൊരുങ്ങി സി.പി.എം., പ്രതിച്ഛായ മങ്ങി കോണ്‍ഗ്രസ് നേതൃത്വം
HIGHLIGHTS

കൊലപാതകം നടന്നത് വാമനപുരം മണ്ഡലത്തിലാണ്. വാമനപുരം എം.എല്‍.എ. ഡി.കെ. മുരളിയുടെ മകനും കോണ്‍ഗ്രസ് അനുഭാവികളായ പ്രതികളുമായി നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടും ഇരുകൂട്ടരും തമ്മില്‍ ഉരസലുകളും ഉണ്ടായിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാനങ്ങള്‍ കല്‍പ്പിക്കാന്‍ പൊലീസ് നിരത്തുന്ന വാദങ്ങള്‍. ഇതുതന്നെയാണ് മിക്ക മാധ്യമങ്ങളിലും സജീവചര്‍ച്ച ആയ വിഷയവും. എന്നാല്‍ അതിനപ്പുറം ചില ഗുണ്ടാതാത്പര്യങ്ങളും കുടിപ്പകയും കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് 'കേരളശബ്ദം' നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. 

തിരുവനന്തപുരം വെഞ്ഞാറമ്മൂടിനടുത്ത് തേമ്പാമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വ്യക്തിവിരോധവും മാസങ്ങളായി തുടര്‍ന്ന് പോന്ന കുടിപ്പകയും. എന്നാല്‍ പ്രസ്തുത കൊലപാതകത്തെ രാഷ്ട്രീയപ്രേരിതമായി ചിത്രീകരിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന പല വിവരങ്ങളും څരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കനുസൃതമെന്നാണ് 'കേരളശബ്ദ'ത്തിന്‍റെ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കരാര്‍ സംബന്ധിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സെക്രട്ടറിയേറ്റിലെ എന്‍.ഐ.എ. അന്വേഷണം എന്നിവയില്‍ നിന്നും ഓടിയൊളിക്കാനുള്ള കച്ചിത്തുരുമ്പായാണ് വെഞ്ഞാറമ്മൂട് കൊലപാതകത്തെ സര്‍ക്കാര്‍വൃത്തങ്ങള്‍ കാണുന്നത്. അതേസമയം, പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരില്‍ പലരും കോണ്‍ഗ്രസ് അനുഭാവമുള്ളവരും ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരുമാണ് എന്നത് യു.ഡി.എഫ്. നേതൃത്വത്തെ വെട്ടിലാക്കുന്നു. സി.പി.എം. നേതാക്കള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകേസ് സി.ബി.ഐക്ക് വിടാതിരിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിനെതിരായ കോടതിവിധി യു.ഡി.എഫിന്, വിശിഷ്യാ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് പകര്‍ന്നുനല്‍കിയത്. എന്നാല്‍ അതിന് തൊട്ടുപിന്നാലെ നടന്ന വെഞ്ഞാറമ്മൂട് കൊലപാതകം കോണ്‍ഗ്രസിനെവല്ലാത്ത പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അക്രമരാഷ്ട്രീയത്തിനെതിരെ ഘോരഘോരം സംസാരിക്കുന്ന കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് കനത്ത പ്രഹരമാണ്. വെഞ്ഞാറമ്മൂട് കൊലപാതകത്തിന് പിന്നിലെ ഉള്ളുകള്ളികളെക്കുറിച്ച് കേരളശബ്ദം നടത്തിയ അന്വേഷണത്തില്‍ ഇതുവരെ പുറത്തുവരാത്ത പലവിവരങ്ങളും വെളിവായിട്ടുണ്ട്.
 
 
വെഞ്ഞാറമ്മൂട് തേമ്പാമൂട്ടില്‍ എന്താണ് സംഭവിച്ചത് ?
 
 
ഉത്രാടദിനമായ ആഗസ്റ്റ് 30ന് രാത്രി 11 മണിക്കാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മിഥിലാജ് (യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി, വെമ്പായം തേവലക്കാട്), ഹക്ക് മുഹമ്മദ് (യൂണിറ്റ് സെക്രട്ടറി, കലിങ്കിന്‍മുഖം) എന്നിവര്‍ കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ അക്രമിസംഘം വെഞ്ഞാറമ്മൂട് തേമ്പാമൂടിന് സമീപത്ത് വെച്ച് ഇരുവരെയും വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവസ്ഥലത്തുവെച്ചും, ഹക്ക് മുഹമ്മദ് ആശുപത്രിയില്‍ വെച്ചും മരണപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ. ബ്ലോക് സെക്രട്ടറി ഷഹിന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതേക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ - വെമ്പായത്ത് പച്ചക്കറിക്കട നടത്തുന്ന മിഥിലാജ് ഹഖ് മുഹമ്മദിനെകാണാനാണ് തേമ്പാന്‍മൂട്ടിന് സമീപത്തെ കലുങ്കിന്‍മുഖത്ത് എത്തിയത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന സുഹൃത്തിന്‍റെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മിഥിരാജ് എത്തിയത്. ഒപ്പം ഷഹിനും ഉണ്ടായിരുന്നു. ഇവര്‍ മടങ്ങുംവഴി ആരോ പിന്നില്‍ നിന്നുവിളിച്ചു. ആരാണെന്നറിയാന്‍ തിരിഞ്ഞ മിഥിരാജിനെസജീവ് കുത്തിന് പിടിച്ചു. തുടര്‍ന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചംഗസംഘം മിഥിരാജിനെയും ഹക്കിനെയും ആക്രമിക്കുകയായിരുന്നു.
 
16-30 സെപ്തംബര്‍  2020 ലക്കത്തില്‍

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA