08:05am 03 July 2024
NEWS
ഇൻഡ്യാസഖ്യത്തിന്റെ ഭാവിയെന്താകും? എന്തുകൊണ്ട് മോദിക്ക് 400 സീറ്റ് പ്രഖ്യാപനം കൈവരിക്കാനായില്ല?
30/06/2024  11:13 AM IST
അഡ്വ. എം. മനോഹരൻ പിള്ള
ഇൻഡ്യാസഖ്യത്തിന്റെ ഭാവിയെന്താകും? എന്തുകൊണ്ട് മോദിക്ക് 400 സീറ്റ്  പ്രഖ്യാപനം കൈവരിക്കാനായില്ല?

ഇൻഡ്യയിലെ എട്ടോളം ദേശീയ രാഷ്ട്രീയപ്പാർട്ടികളും, 37 സ്റ്റേറ്റ് പാർട്ടികളും, 770 ഓളം രജിസ്റ്റേർഡ് പാർട്ടികളും അവരുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച ബി.ജെ.പിയെ ജനങ്ങൾ മൂന്നാം തവണയും ഇൻഡ്യാരാജ്യത്തിന്റെ ഭരണം ഏൽപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്ലാമർ ഇടിഞ്ഞു. നേതൃമാറ്റത്തിന് സമയമായോ എന്ന ചിന്ത ബി.ജെ.പിയിലും എൻ.ഡി.എ ഘടകങ്ങളിലും 2024 ൽ ഉണ്ടാകും.

കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് നേടിയത് ചരിത്രമാവുകയാണ്. യു.ഡി.എഫിൽ കോൺഗ്രസിന്റെ സീറ്റാണ് ബി.ജെ.പി പിടിച്ചതെങ്കിലും, ഭീഷണി മുസ്ലീം ലീഗിനാണ്. മുസ്ലീം വോട്ട് വിഭജിച്ചെടുക്കാനുള്ള എൽ.ഡി.എഫിന്റെ തന്ത്രവും കോൺഗ്രസ് പൊളിച്ചടുക്കി.

കേന്ദ്രത്തിൽ മോദിയെ കൈവിട്ടെങ്കിലും ജനങ്ങൾ ഇപ്പോഴും ബി.ജെ.പിയിൽ പ്രതീക്ഷ അർപ്പിക്കുന്നു. അതിന്റെ സൂചനകളാണ് ദേശീയ ഫലം കാണിക്കുന്നത്. ക്രിസ്ത്യൻ സമുദായം യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും ബി.ജെ.പിയെ കൈവിട്ടില്ല. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും എൽ.ഡി.എഫിന്റെ തകർച്ച ക്രിസ്ത്യൻ സമുദായം കൈവിട്ടതുകൊണ്ടാണ്.

അടുത്ത പ്രധാനമന്ത്രിയെ സംബന്ധിച്ചു യോഗി ആദിത്യനാഥും അമിത്ഷായും തമ്മിലുള്ള തർക്കം യു.പിയെ ബാധിച്ചോ എന്ന സംശയം നരേന്ദ്ര മോദിയുടെ മനസ്സിലെങ്കിലും കാണും.

ക്രമസമാധാനപാലനത്തിനുള്ള യു.പിയുടെ ക്രഡിറ്റും അയോദ്ധ്യയും പരാജയപ്പെട്ടിടത്ത് വേണം ബി.ജെ.പിക്ക് ഇനി പുനർ ജീവിക്കേണ്ടത്.

ഇടതുപക്ഷം ദേശീയതലത്തിൽ തകർന്നാൽ ചിഹ്നം പോകുമെന്ന് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ എ.കെ. ബാലന് ആലത്തൂരിലെ വിജയം ആശ്വാസം പകരും. പക്ഷേ സി.പി.എമ്മിന് തമിഴ്‌നാട്ടിലും ബീഹാറിലും കിട്ടിയ സീറ്റുകൾ സീതാറാം യെച്ചൂരിക്ക് ഇൻഡ്യാസഖ്യക്കച്ചവടം നഷ്ടമായില്ലെന്ന് പോളിറ്റ് ബ്യൂറോയിൽ സമർത്ഥിക്കാം. പക്ഷേ പിണറായി വിജയൻ പി.ബിയിലെ ക്ഷണിതാവായതുകൊണ്ട് വിട്ടുനിൽക്കാം. പക്ഷേ കേരളത്തിൽ ഇൻഡ്യാ സഖ്യത്തെ തകർത്തതിന് പാർട്ടിയിലെങ്കിലും മുഖ്യമന്ത്രി സമാധാനം പറയേണ്ടിവരും.

ഇൻഡ്യാസഖ്യത്തിന്റെ ഭാവി

ഇൻഡ്യാസഖ്യത്തിന്റെ താരപ്രചാരകനായ കേജ്‌രിവാൾ അഴിമതിയുടെ പേരിൽ ജയിലിൽ പോയത് ഒരു സഹതാപതരംഗവും ഉണ്ടാക്കിയില്ല. ഇന്ത്യൻ റവന്യൂ സർവ്വീസ് (കഞട) ഉദ്യോഗസ്ഥനായിരുന്ന കേജ്‌രിവാൾ വിവരാവകാശ പ്രവർത്തനം മതിയാക്കി പൊതുപ്രവർത്തത്തിനിറങ്ങിയത് അണ്ണാഹസാരെയുടെ സഹായത്താലാണ്. മൻമോഹൻസിംഗിന്റെ സ്‌പെക്ട്രം അഴിമതിക്കെതിരെ പോരാടിയാണ് കേജ്‌രിവാൾ ആദ്യമായി കോൺഗ്രസിനെതിരെ ഷീലാ കൗളിനെ തോൽപ്പിച്ചെടുത്തത്. അഖിലേഷ് യാദവിന്റെയും കോൺഗ്രസിന്റെയും മുസ്ലീം സ്ഥാനാർത്ഥികളുടെ എണ്ണം കുറച്ചെങ്കിലും മൃദുഹിന്ദുത്വം യു.പിയിൽ ഇൻഡ്യാസഖ്യത്തിന് വലിയ ഗുണം ചെയ്തു.

400 സീറ്റ് പ്രഖ്യാപനം

ദോഷം ചെയ്തു

നാനൂറ് സീറ്റ് എന്ന എൻ.ഡി.എയുടെയും മോദിയുടെയും വ്യാമോഹ പ്രചരണം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി. പ്രസിഡൻഷ്യൽ ഭരണത്തിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നരേന്ദ്രമോദി നടത്താൻ പോകുന്നു എന്ന പ്രചാരണം കുറെയൊക്കെ ഏശിയിട്ടുണ്ട്. മോദി പ്രസിഡന്റും അമിത്ഷാ പ്രധാനമന്ത്രിയുമായി ഭരണഘടനാ ഭേദഗതി വരുന്നു എന്നതായിരുന്നു പ്രചരണം.

വിദ്വേഷ പ്രസംഗങ്ങൾ

ബി.ജെ.പിക്ക് ദോഷം ചെയ്തു

മുഖ്യപ്രചാരകനായ നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ വർഗ്ഗീയച്ചുവയുള്ളതായിരുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക മാത്രമല്ല അതിന് വലിയ പ്രത്യാഘാതങ്ങളുമുണ്ടായി.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവി പോലും പരിഗണിക്കാതെ നടത്തിയ പ്രസ്താവനകൾ ബുദ്ധി ജീവി വിഭാഗങ്ങൾക്കിടയിൽ മാത്രമല്ല, മുസ്ലീങ്ങൾക്കിടയിലും മോശമായ പ്രതികരണങ്ങൾ ഉണ്ടാക്കിയത് വോട്ടിംഗ് ഫലത്തിൽ പ്രതിഫലിച്ചു.

വടക്കേ ഇൻഡ്യയിലെ

നഷ്ടം നികത്താനായില്ല

വടക്കേ ഇൻഡ്യയിൽ ഹിന്ദി മേഖലകളിൽ ബി.ജെ.പി സീറ്റ് കുറവ് പ്രതീക്ഷിച്ചു. എന്നാൽ തെക്കേ ഇൻഡ്യയെക്കൊണ്ട് അതു നികത്താനായില്ല. കേരളത്തിൽ ഒരു സീറ്റ് കിട്ടിയെങ്കിലും തമിഴ്‌നാട്ടിൽ ഒരു സീറ്റും ലഭിച്ചില്ല. മഹാരാഷ്ട്രയിൽ ഇൻഡ്യാസഖ്യം കൂടുതൽ നേടുകയും ചെയ്തു.

പോരാട്ടം

അവസാനിക്കുന്നില്ല

ഇപ്പോഴത്തെ തെരഞ്ഞെടുപ്പു ഫലപ്രകാരം കേരളത്തിൽ രണ്ട് അസംബ്ലി മണ്ഡലങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളുമുണ്ടാകും. വടകരയിൽ ജയിച്ച ഷാഫി, ആലത്തൂരിൽ ജയിച്ച മന്ത്രി രാധാകൃഷ്ണന്റെ ചേലക്കരയിലും നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാകും. ആറുമാസത്തിനുള്ളിൽ രാഹുൽഗാന്ധി വയനാട് മണ്ഡലം രാജിവച്ചാൽ അവിടെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും. അത് കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമയമാകും. ഇനി തെരഞ്ഞെടുപ്പുകളുടെ കാലമാണ്. കാണാം, രാഷ്ട്രീയപ്പോരാട്ടങ്ങൾ ഇനി കേരളത്തിൽ ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE