10:46am 01 July 2024
NEWS
ടെലഗ്രാം പഴയ ടെലഗ്രാമാണ്... പക്ഷേ,
വാട്സ്ആപ് പഴയ വാട്സ്ആപ് അല്ല

19/04/2024  07:03 AM IST
News Desk
വാട്സ് ആപ് രണ്ടുംകൽപ്പിച്ച്
HIGHLIGHTS

നിലവിൽ ഇൻസ്റ്റഗ്രാമിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്ഡേഷൻ ഉടനെത്തുമെന്നറിയുന്നു. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല

Web Desk – വാട്സ് ആപ് ഇനി പഴയ വാട്സ് ആപ് ആയിരിക്കില്ല കേട്ടോ. ജനപ്രിയ ചാറ്റിംഗ് പ്ലാറ്റ്ഫോമായ ടെലഗ്രാമിനെ വെല്ലാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് വാട്സ് ആപ്. ടെലഗ്രാമിലേതിന് സമാനമായി, അൽപസമയം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് (ബീറ്റാ) വാട്സ്ആപ്പ്. കമ്പനിയുടെ ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

          ന്യൂ ചാറ്റ് ബട്ടൺ ക്ലിക്ക് ചെയ്താലാണ് ഇത് കാണാൻ സാധിക്കുക. കോൺടാക്റ്റിൽ അൽപസമയത്തിന് മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചാൽ ഉപഭോക്താക്കൾക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തൽ. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീൻ സമയവും ഓൺലൈൻ സ്റ്റാറ്റസും ഈ പട്ടികയിൽ കാണിക്കില്ല. നിലവിൽ ചുരുക്കം ചില ബീറ്റാ ടെസ്റ്റർമാർക്കിടയിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള ചാറ്റിംഗ് ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ അടുത്തിടെയായി ടെലിഗ്രാം ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വര്‍ദ്ധനവാണ് (ഇന്ത്യയിലുൾപ്പെടെ) രേഖപ്പെടുത്തിയത്. സിനിമകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യാര്‍ത്ഥമാണ് പലരും ടെലഗ്രാമിന് പിന്നാലെ പോകുന്നത്. അങ്ങിനെ പോകുന്നവരാരും വാട്സ് ആപ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നില്ല എന്നത് കമ്പനിക്ക് ആശ്വാസകരമാണ്. അതേസമയം, ഭാവിയിൽ ഇതൊരു കൊഴിഞ്ഞുപോക്കിലേക്ക് നീങ്ങാനുള്ള സാദ്ധ്യത അവര്‍ തള്ളുന്നില്ല. ഈ സാഹചര്യത്തിൽ, കാലേക്കൂട്ടി സഞ്ചരിച്ച് ടെലഗ്രാമിനെ പ്രതിരോധിക്കാനാണ് കമ്പനിയുടെ നീക്കമെന്നറിയുന്നു. ടെലഗ്രാം പോലെ ഹെവി സൈസ് വീഡിയോകൾ ട്രാൻസ്ഫര്‍ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പിൽ ലഭ്യമാകുമോ എന്നതാണ് പലരും ചോദിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണമൊന്നും കമ്പനി നൽകിയിട്ടില്ല.

           അതേസമയം, നിലവിൽ ഇൻസ്റ്റഗ്രാമിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്ഡേഷൻ ഉടനെത്തുമെന്നറിയുന്നു. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. പക്ഷേ ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെൻഷൻ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകൾ സംബന്ധിച്ച അപ്ഡേഷൻ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചനകൾ.

          അടുത്തിടെ വാട്സ്ആപ്പ് ഡി.പി. സെക്യൂറ് ആക്കിയ ഓപ്ഷനും സ്റ്റിക്കര്‍ സ്വന്തമായി ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചർ അനുസരിച്ച് ഡിപിയുടെ സ്‌ക്രീൻഷോട്ട് എടുക്കാനാകില്ല. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്‌ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഐഫോണിൽ ഉടൻ തന്നെ ഈ ഫീച്ചറെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL