09:36am 01 July 2024
NEWS
ഭീഷണിക്കത്തിന് പിന്നിലാര് ? സി.പി.എം എന്ന് ആര്‍.എം.പി, രാഷ്ട്രീയതന്ത്രമെന്ന് പി. ജയരാജന്‍
05/08/2021  12:17 PM IST
KERALASABDAM
ഭീഷണിക്കത്തിന് പിന്നിലാര് ? സി.പി.എം എന്ന് ആര്‍.എം.പി, രാഷ്ട്രീയതന്ത്രമെന്ന് പി. ജയരാജന്‍
HIGHLIGHTS

സി.പി.എമ്മിന് സാംസ്ക്കാരികവും, ധൈഷണികവുമായി പിന്തുണ നല്‍കിയിരുന്ന ഒരു വലിയ വിഭാഗം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ ഇടയാക്കിയത് തന്നെ ടി.പി. വധത്തെ തുടര്‍ന്നായിരുന്നുവെന്നത് രാഷ്ട്രീയ യാഥാര്‍ത്ഥ്യവുമാണ്. പാര്‍ട്ടി വിട്ടുപോയ അനുഭാവികള്‍ അടക്കമുള്ളവരെ തിരിച്ച് കൊണ്ടുവരാന്‍ പില്‍ക്കാലത്ത് സി.പി.എം നേതൃത്വം തന്നെ മുന്‍കയ്യ് എടുത്തതും നമുക്ക് മുന്നിലുണ്ടല്ലോ. വീഴ്ചകള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള ആവിധമിടപെടലുകള്‍ക്ക് ചെറിയ തോതിലെങ്കിലും ഫലമുണ്ടായിട്ടുമുണ്ട്.

 

സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ഭീഷണിക്കത്ത് വിവാദം കത്തിപ്പടരുന്നു. ആര്‍.എം.പി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍റേയും, കെ.കെ. രമ എം.എല്‍.എയുടേയും മകന്‍ അഭിനന്ദിനേയും ആര്‍.എം.പി സംസ്ഥാനസെക്രട്ടറി എന്‍. വേണുവിനേയും, വധിക്കുമെന്ന ഭീഷണിയെ ചൊല്ലിയാണ് വിവാദം  ശക്തമാകുന്നത്. 


കണ്ണൂരിലെ സി.പി.ഐ(എം) നേതാക്കളാണ് ഭീഷണിക്കത്തിന് പുറകിലെന്ന്  ആര്‍.എം.പി നേതാക്കള്‍ പറയുമ്പോള്‍, ഭീഷണിക്കത്തയച്ചതില്‍ തങ്ങള്‍ക്ക് ഒരുപങ്കുമില്ലെന്നും, ബോധപൂര്‍വ്വം തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സി.പി.എം നേതൃത്വം പറയുന്നു. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എമ്മും ഇപ്പോള്‍ രംഗത്ത് വന്നുകഴിഞ്ഞു.


അതേസമയം, ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ ആര്‍.എം.പി നേതാവ് കെ.കെ. രമയ്ക്കും കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി എന്‍. വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.


'ടി.പി. ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ100 വെട്ട് വെട്ടി തീര്‍ക്കുമെന്നും, രമയ്ക്ക് സ്വന്തം മകനെഅധികകാലം വളര്‍ത്താനാകില്ലെന്നും മകന്‍റെ തല പൂങ്കുലപോലെ ചിതറിക്കുമെന്നും' കത്തില്‍ പറയുന്നുണ്ട്. ജയരാജേട്ടനും, ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും, റെഡ് ആര്‍മി/പി.ജെ. ബോയ്സ് എന്ന പേരിലെഴുതിയ കത്തില്‍ പറയുന്നുണ്ട്. ജൂലായ് 16 നാണ് കെ.കെ.രമ എം.എല്‍.എയുടെ ഓഫീസ് വിലാസത്തില്‍ ഭീഷണിക്കത്ത് ലഭിച്ചത്.


ഇതിനുമുമ്പ് 2014 മേയ് മൂന്നിനും എന്‍. വേണുവിനെവധിക്കുമെന്ന് ഭീഷണി മുഴക്കി കത്ത് ലഭിച്ചിരുന്നു ഇതില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കത്തിന് പിറകില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ രണ്ട് കത്തുകളിലും പറഞ്ഞിട്ടുള്ളത് സമാനവസ്തുതകളാണ്. രണ്ട് കത്തുകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും, പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണമെന്നും, വടകര എസ്.പിയോട് ആര്‍.എം.പി(ഐ) നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.


അതേസമയം, അഭിനന്ദ് ചന്ദ്രശേഖരനേയും, എന്‍. വേണുവിനേയും വധിക്കുമെന്നുള്ള ഭീഷണിക്കത്ത് വടകരയില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വടകര സി.ഐ കെ.എസ്. സുശാന്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വടകര സ്ട്രീറ്റില്‍ നിന്നും കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. ലഭിച്ച കത്തില്‍ പതിഞ്ഞ സീലില്‍ സ്ട്രീറ്റ് എന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. അതിനാല്‍ എസ്.എം. സ്ട്രീറ്റ്(മിഠായിത്തെരുവ്) കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടന്നത്. പിന്നീടാണ് നട്ട് സ്ട്രീറ്റിലേക്ക് അന്വേഷണമെത്തിയത്. ഈ മേഖലയിലെ മെയില്‍ ബോക്സുള്ള പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയുമാണ്.


പ്രകോപനങ്ങളോ സംഘര്‍ഷങ്ങളോ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ സി.പി.എം വധഭീഷണി മുഴക്കി എന്ന്, പുകമറകള്‍ സൃഷ്ടിക്കുന്നതിന് പിറകില്‍ ആസൂത്രിത അജണ്ടകള്‍ ഉണ്ടെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. രാഷ്ട്രീയ പ്രതിസന്ധികള്‍ ഉള്ള സമയത്തെല്ലാം ഈ വിധം ആരോപണങ്ങള്‍ ഉയര്‍ത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍.എം.പി നേതൃത്വം നടത്തിവരുന്നതെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്  പിന്തുണയോടെ മത്സരിച്ചാണ് കെ.കെ. രമ വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനായി വിശ്വാസപ്രമാണങ്ങളും, രാഷ്ട്രീയ ആദര്‍ശങ്ങളും പണയപ്പെടുത്തിയതിനെതിരേ ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ആ സാഹചര്യത്തെ മറികടക്കാനാണ് ഭീഷണിക്കത്ത് എന്ന പ്രചരണം നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി ഈ സംഭവത്തിന് പിന്നിലെ അടിയൊഴുക്കും, യഥാര്‍ത്ഥ കുറ്റവാളികളേയും കണ്ടെത്തണമെന്നാണ് സി.പിഎം നേതൃത്വത്തിന്‍റെ ആവശ്യം.


എന്നാല്‍ സി.പി.എം മുന്നോട്ടുവയ്ക്കുന്ന വാദഗതികളെ പൂര്‍ണ്ണമായും ആര്‍.എം.പി നേതൃത്വം തള്ളിക്കളയുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും, ക്വട്ടേഷന്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളിലും സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് ഒന്നൊന്നായി പുറത്തുവരികയാണ്. ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായി സി.പി.എം നേതാക്കള്‍ക്കുള്ള അടുത്ത ബന്ധം ആര്‍.എം.പി നേതൃത്വം തുറന്ന് കാണിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് വധഭീഷണിയിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് അവരുടെ വാദം.


കെ. സുധാകരന്‍റെ അറിവോടെയെന്ന് പി. ജയരാജന്‍


അതേസമയം, ഭീഷണിക്കത്ത് വന്നതിന് പിറകില്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ആണെന്ന സൂചനയുമായി സി.പി.എം നേതാവ് പി. ജയരാജന്‍ രംഗത്ത് വന്നതും വസ്തുതകളെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് പി. ജയരാജന്‍ ഈ ആരോപണമുയര്‍ത്തിത്.


പുതിയ കെ.പി.സി.സി പ്രസിഡന്‍റ് വന്നപ്പോള്‍, കോണ്‍ഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്‍റെ കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിക്കത്ത് വന്നതും, രാഷ്ട്രീയ എതിരാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ആരോപണവും ചൂണ്ടിക്കാണിച്ചാണ് ജയരാജന്‍ പരോക്ഷവിമര്‍ശനം നടത്തിയത്. പിണറായി വിജയന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍, കെ. സുധാകരന്‍ മുമ്പ് ശ്രമിച്ചിരുന്നു എന്ന വിവാദത്തിന്‍റെ മറ പിടിച്ചാണ് പി. ജയരാജന്‍ ഈവിധമാരോപണമുയര്‍ത്തിയതെന്നും വ്യക്തം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ജനങ്ങള്‍ മറന്നുപോയ സംഭവമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ പറയുന്നുണ്ട്.

 

(ആഗസ്റ്റ് 1-15, 2021  ലക്കത്തില്‍) 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA