07:26am 29 June 2024
NEWS
മടിയിൽ കനമുള്ളത് ആർക്ക്? അവർ സ്വപ്നയെ ഭയക്കുന്നത് എന്തിന്? വിജേഷ്പിള്ളയുടെ പിന്നിലെ ആ ഉന്നതൻ ആര്?
12/04/2023  07:21 PM IST
അനിരുദ്ധൻ എ
മടിയിൽ കനമുള്ളത് ആർക്ക്? അവർ സ്വപ്നയെ ഭയക്കുന്നത് എന്തിന്? വിജേഷ്പിള്ളയുടെ പിന്നിലെ ആ ഉന്നതൻ ആര്?

താൻ ഏത് സമയവും കൊല്ലപ്പെടുമെന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയും സംസ്ഥാന സർക്കാരിനെ വിവാദങ്ങളുടെമുൾമുനയിലേക്ക് തള്ളിവിട്ട മുൻ യു.എ.ഇ. കോൺസുലേറ്റ് ജീവനക്കാരിയുമായ സ്വപ്‌നാ സുരേഷ്. തന്റെയും കുഞ്ഞുങ്ങളുടേയും ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർണ്ണാടക പൊലീസിന് നൽകിയ പരാതിയിലാണ് സ്വപ്‌ന ഇക്കാര്യം അടിവരയിട്ട് പറയുന്നത്. തനിക്കോ മക്കൾക്കോ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അതിനുത്തരവാദികളായവരുടെ പേരുവിവരങ്ങൾ അക്കമിട്ട് നിരത്തുന്ന പരാതിയാണ് സ്വപ്‌ന കർണ്ണാടക പൊലീസിന് കൈമാറിയിരിക്കുന്നതത്രേ. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണാവിജയൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്നിവരുടെ പേരുകൾ സ്വപ്‌നയുടെ പരാതിയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലിതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ സ്വപ്‌നയോ കർണ്ണാടക പൊലീസോ തയ്യാറായിട്ടില്ല.

അതേസമയം, താൻ കൊല്ലപ്പെടുകയാണെങ്കിൽ തനിക്ക് വേണ്ടി ജീവിക്കുന്ന തെളിവുകൾ സംസാരിക്കുമെന്ന് സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വമ്പൻമാർക്കെതിരേ സ്വപ്‌ന ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ക്ലൗഡ്‌സെർവറിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും തന്റെ വിശ്വസ്തർക്ക് സ്വപ്ന കൈമാറിയിട്ടുണ്ടെന്നും അറിയുന്നു. മുഖ്യമന്ത്രിക്കെതിരായ യുദ്ധത്തിൽ നിന്നും താൻ പിന്നോട്ടില്ലെന്നും അന്തിമ ജയം തനിക്കൊപ്പമായിരിക്കുമെന്നും സ്വപ്‌ന പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. എന്നാലിത് എങ്ങിനെ സംഭവിക്കുമെന്നോ ആരുടെ നാശത്തിലാണ് താൻ വിജയം കാണുന്നതെന്നോ വിട്ടുപറയാൻ സ്വപ്ന ഒരുക്കമല്ല. അതുകൊണ്ടുതന്നെ സ്വപ്‌നയുടെ നീക്കങ്ങളേയും ആരോപണങ്ങളേയും കരുതലോടെ കാണാനാണ് മുഖ്യമന്ത്രി ഉൾപ്പെടെയുളളവരുടെ നീക്കം. വരുംദിവസങ്ങളിൽ സ്വപ്‌നയുടെ ഭാഗത്തുനിന്നും കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും സൂചനയുണ്ട്.

പിള്ളയെ അയച്ചത് ആരാണ് ?

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാവിജയനും എതിരായ പരാതികളിൽ നിന്നും പിന്നോട്ട് പോകാനും, അവർക്കെതിരായ തെളിവുകൾ തനിക്ക് കൈമാറാനും ആവശ്യപ്പെട്ട് വിജേഷ്പിള്ള എന്ന കണ്ണൂരുകാരൻ തന്നെ ബംഗളൂരുവിൽ വന്നുകണ്ടെന്ന സ്വപ്‌നയുടെ ആരോപണമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങളിൽ നിന്നും പിൻമാറാൻ വിജേഷ്പിള്ള 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും വിദേശത്ത് പോയി രഹസ്യമായി സെറ്റിൽചെയ്യാനുള്ള പണം വിജേഷ് ഓഫർചെയ്‌തെന്നും സ്വപ്‌ന പറയുന്നു. സി.പി.(ഐ)എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ ഇല്ലാതാക്കുമെന്ന് വിജേഷ് പറഞ്ഞതായും സ്വപ്‌ന ആരോപിക്കുന്നു. എന്നാൽ ഇതിനൊന്നും പിന്നിൽ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് ഒരു പങ്കുമില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. കളങ്കിതരായ വ്യക്തികളുമായി അടുപ്പം സൂക്ഷിക്കുന്ന ആളല്ല എം.വി. ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ കക്ഷിചേരാനോ പക്ഷം പിടിക്കാനോ നാളിതുവരെ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. പാർട്ടിക്കും സർക്കാരിനും എതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതരത്തിൽ മാത്രമാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം നടത്തിയ കുത്സിത നീക്കങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കാധാരം എന്നാണ് ഈ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്.

തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെ നിയമസ‘യ്ക്കുള്ളിൽ ശക്തിയുക്തം നേരിടുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സ്വപ്‌നാ സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ഒരുപരിധിവരെ പൊതുസമൂഹത്തിൽ തുറന്നുപറച്ചിൽ നടത്താനോ നേരിട്ടൊരു ഏറ്റുമുട്ടൽ നടത്താനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സ്വ്പനയുടെ നീക്കങ്ങളെ കരുതലോടെ കാണണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണത്രെ മുഖ്യമന്ത്രിയുടെ ഓരോ ചുവടും. തന്നെ പ്രതിരോധത്തിലാക്കുന്ന എന്തൊക്കെയോ സംഗതികൾ സ്വപ്‌നയുടെ കൈയിലുണ്ടെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നാളിതുവരെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരായി അദ്ദേഹം ഇതുവരെ മാനനഷ്ടകേസ് ഫയൽചെയ്യാതിരിക്കുന്നതും. മാനനഷ്ടകേസ് ഫയൽ ചെയ്താൽ തനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കുമെന്ന് അദ്ദേഹം ഭയക്കുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പലപ്പോഴും അർത്ഥഗർഭമായ മൗനം തുടരുന്നത്. എന്നാൽ എം.വി. ഗോവിന്ദനെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെയാണ് സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് അദ്ദേഹം പരസ്യനിലപാട് എടുത്തതും നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതും. എം.വി. ഗോവിന്ദൻ ഉൾപ്പെടെ നിരവധി പ്രമുഖർക്കെതിരെ സ്വപ്‌ന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവരിൽ പലർക്കും പരസ്യമായി കേസിന് പോകാൻ ഭയമാണ്. കാരണം അവർക്ക് ഭയക്കാൻ പലതുമുണ്ട് എന്നത് തന്നെയാണ്. എന്നാൽ എം.വി. ഗോവിന്ദന് അതിന്റെ ആവശ്യമില്ല. അദ്ദേഹം മാത്രംസ്വപ്‌നക്കെതിരെ ഏകപക്ഷീയമായ നിയമനടപടികളുമായി മുന്നോട്ടുപോയാൽ അത് മറ്റുള്ളവരുടെ വിശ്വാസ്യതയെ സംശയത്തിലാക്കും. മാത്രമല്ല മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ സ്വപ്നയെ ഭയക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ബലമേറുകയും ചെയ്യും. ഈ സാഹചര്യത്തിൽ ചിലർ സമ്മർദ്ദതന്ത്രത്തിലൂടെ എം.വി. ഗോവിന്ദനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE