10:02am 01 July 2024
NEWS
ചട്ടമ്പിസ്വാമി വായനശാലയിൽ കിടന്ന് മരിക്കേണ്ടി വന്നത് എന്തുകൊണ്ട്?
22/05/2023  08:39 AM IST
ആർ. പവിത്രൻ
ചട്ടമ്പിസ്വാമി വായനശാലയിൽ കിടന്ന് മരിക്കേണ്ടി വന്നത് എന്തുകൊണ്ട്?
HIGHLIGHTS

പന്മന ആശ്രമത്തിന്റെ  100-ാം വാർഷികം

പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ ഇഹലോക വാസം വെടിഞ്ഞത് 71-ാം വയസ്സിൽ 1924 മെയ് 5 നായിരുന്നു. (ജനനം 1853 ഓഗസ്റ്റ് 25). സ്വാമികളുടെ ഭൗതിക ശരീരം മറവുചെയ്ത പന്മന ആശ്രമത്തിന് സമീപമുള്ള ഒരു ഗ്രാമീണ വായനശാലയിൽ വച്ചായിരുന്നു അന്ത്യം(ഗാന്ധിജിയുടെ സന്ദർശനത്തിന്റെ സ്മരണാർത്ഥം കോൺഗ്രസ് നേതാവായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള പിൻക്കാലത്ത് സ്ഥാപിച്ചതാണ് പന്മന ആശ്രമം. ചട്ടമ്പിസ്വാമിയെ അടക്കിയ സ്ഥലത്ത് ശ്രീബാലഭട്ടാര കേസര ക്ഷേത്രം പിന്നീടു നിർമ്മിക്കുകയുണ്ടായി). അവസാനകാലത്ത്  അവശനും രോഗിയുമായിരുന്നിട്ടും, തൊട്ടടുത്തുള്ള പന്മന ആശ്രമത്തിൽ കഴിയാതെ വായനശാലയിലെ മരബഞ്ചിൽ രാത്രി ഏകനായി അദ്ദേഹം കിടന്നുറങ്ങാൻ കാരണമെന്താണ്? (ഇപ്പോഴിത് ചട്ടമ്പിസ്വാമി സ്മാരക വായനശാലയാണ്)

ആർ.എസ്.പിയുടെ ആദ്യകാല അദ്ധ്യാപക സംഘടനാനേതാവും എഴുത്തുകാരനുമായ ശ്രീ. ഡി. ആന്റണി ഇതുസംബന്ധിച്ചു എന്നോടു പറഞ്ഞ കാര്യം ഓർത്തുപോകുകയാണ്. ആന്റണി സാറിന്റെ പിതാവും, യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ചാരിത്ര്യവിജയം' എന്ന മഹാകാവ്യത്തിന്റെ കർത്താവുമായ മഹാകവി ഡാനിയൽ കണിയാങ്കടയും കുമ്പളത്ത് ശങ്കുപ്പിള്ളയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരിക്കൽ സംഭാഷണവേളയിൽ അദ്ദേഹം കുമ്പളത്തോട് ചോദിച്ചു: ഈഴവരുടെ ആത്മീയഗുരുവായ ശ്രീനാരായണഗുരുവിന് ശിവഗിരിയിൽ ആസ്ഥാനമുണ്ട്. സമാനമായ രീതിയിൽ നായർ സമുദായത്തിന്റെ ആത്മീയ ഗുരുവായ ചട്ടമ്പിസ്വാമികളെ, താങ്കളുടെ ഉടമസ്ഥതയാലുള്ള പന്മനയിലെ കുമ്പളത്തുകാവിൽ ഒരു ആശ്രമം കെട്ടി സ്ഥിരമായി താമസിപ്പിക്കരുതോ?

അതിന് കുമ്പളത്ത് ശങ്കുപ്പിള്ള നൽകിയ മറുപടി ഞാനിവിടെ എഴുതുന്നില്ല.(രാഷ്ട്രീയനേതാവിന് പുറമേ കുമ്പളം വലിയ ഭൂസ്വത്തിനുടമയായിരുന്നു. പന്മനയിൽ കുമ്പളത്തിന്റെ അധീനതയുള്ള സ്ഥലത്ത് ഒരാശ്രമം കെട്ടി സ്ഥിരമായി പാർപ്പുറപ്പിക്കാൻ ചട്ടമ്പിസ്വാമി ആഗ്രഹിച്ചിരുന്നതായി ചിലർ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ കണ്ണമ്മൂല എന്ന സ്ഥലത്ത് ജനിച്ച അയ്യപ്പൻ എന്ന കുഞ്ഞൻപിള്ള ചട്ടമ്പിസ്വാമിയായതിന് പിന്നിൽ ഒരു കഥയുണ്ട്. സ്‌ക്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡറെ വിളിച്ചിരുന്നത് ചട്ടമ്പി എന്നായിരുന്നു. കുഞ്ഞൻപിള്ള ചട്ടമ്പി കാലാന്തരത്തിൽ സന്യാസിയായപ്പോൾ ചട്ടമ്പിസ്വാമി എന്നുവിളിപ്പെടുകയായിരുന്നു.

ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും, സമകാലികരായ സന്യാസിമാർ എന്നതിന് പുറമെ, ഉറ്റ സുഹൃത്തുക്കളായിരുന്നു. സ്പർദ്ധയും ബൗദ്ധികഗർവ്വും ഇരുവർക്കുമില്ലായിരുന്നു. തെളിനീർ പോലെ കലർപ്പില്ലാത്ത സൗഹൃദം.(ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെല്ലാം ചട്ടമ്പിസ്വാമി ഓതിക്കൊടുത്തതാണെന്ന അസംബന്ധം കുറച്ചുനാൾ മുൻപ്  ചില കുരുട്ടുബുദ്ധികൾ ഉയർത്തിക്കൊണ്ടുവന്നെങ്കിലും, സംഘടിതമായ ആ നീക്കം ചീറ്റിപ്പോയി. ബൗദ്ധിക കേരളം അത് പുച്ഛത്തോടെ തട്ടിയെറിഞ്ഞുകളഞ്ഞു). അവർ തമ്മിലുള്ള കൂടിക്കാഴ്ചകൾ പണ്ഡിതോചിതമായ സംഭാഷണങ്ങൾ കൊണ്ട് പ്രകാശം പരത്തുന്നതും, ഹൃദ്യവുമായിരുന്നു. അതേസമയം ജീവിതരീതി കൊണ്ടും ശീലങ്ങൾ കൊണ്ടും ഇരുവരും രണ്ട് ധ്രുവങ്ങളിലായിരുന്നു. ശാന്തപ്രകൃതിയായിരുന്ന നാരായണഗുരു സൗമ്യമെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ചിട്ടകളും നിഷ്ഠകളും പാലിച്ചിരുന്നു. ശിവഗിരി കുന്നിറങ്ങി വളരെ വിരളമായേ അദ്ദേഹം യാത്ര ചെയ്തിരുന്നുള്ളൂ. അതേസമയം ചട്ടമ്പിസ്വാമി നേർവിപരീതസ്വഭാവക്കാരനായിരുന്നു. സാമ്പ്രദായിക രീതിയിൽ ഒരു ഗുരുവിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ചിട്ടില്ലാത്ത അദ്ദേഹം, ജീവിതചര്യയിലും ആ വ്യത്യസ്തത പുലർത്തിയിരുന്നു.  ഒരാശ്രമവും അദ്ദേഹം സ്ഥാപിച്ചില്ല. അതുകൊണ്ടുതന്നെ ശിഷ്യരോ അനുയായി വൃന്ദമോ ഇല്ലായിരുന്നു.  നീണ്ടുവളർത്തിയ മുടി, താടി, കഴുത്തിലൊരു രുദ്രാക്ഷമാല എന്നിവ കൊണ്ട് കാഴ്ചയിൽ സന്യാസി പരിവേഷമുണ്ടായിരുന്നെങ്കിലും ജീവിതരീതി നേർവിപരീതമായിരുന്നു. കാഷായമണിഞ്ഞിരുന്നില്ല. കമണ്ഡലുവുമുണ്ടായിരുന്നില്ല. സസ്യാഹാരിയായിരുന്നില്ല. ജാത്യായിത്തമുണ്ടായിരുന്നില്ല. ഈഴവ, പുലയ, പറയ തുടങ്ങിയ താണ ജാതിക്കാരുടെ കുടിലുകളിൽ അന്തിയുറങ്ങുന്നതിലും, അവിടെ നിന്ന് ചീനിയും ചാളക്കറിയും ഭുജിക്കുന്നതിലും യാതൊരു വൈമനസ്യവും കാട്ടിയിരുന്നില്ല. ശ്രീനാരായണ ഗുരു തികഞ്ഞ മഠജീവിയായിരുന്നെങ്കിൽ, ചട്ടമ്പിസ്വാമി ഒരിക്കലും ഒരിടത്തും കൂടുതൽ ദിവസങ്ങൾ തങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. അദ്ദേഹം നിരന്തരം യാത്ര ചെയ്തുകൊണ്ടേയിരുന്നു. ആ അലച്ചിൽ (ംമിറലൃശിഴ) ഭൗതികവിരോധിയായ ഒരു വൈരാഗിയുടേതായിരുന്നില്ല. പ്രത്യക്ഷ ജീവിതത്തിലെ ഈ അച്ചടക്കരാഹിത്യം, ബൗദ്ധിക ജീവിതത്തിലും സംഭവിച്ചിരുന്നു. സംസ്‌കൃതഭാഷയിലും വേദാന്തശാസ്ത്ര ചിന്തയിലും മഹാജ്ഞാനിയായിരുന്നെങ്കിലും, ശ്രീനാരായണഗുരുവിനെപ്പോലെ അറിവും ചിന്തകളും കാവ്യങ്ങളിലൂടെയും മറ്റും ചിട്ടയോടെ പകരുന്നതിലും രേഖപ്പെടുത്തുന്നതിലും അദ്ദേഹം വിമുഖനായിരുന്നു. അഥവാ സ്വതഃസിദ്ധമായ സ്വഭാവ പ്രകൃതി അതിന് തടസ്സം നിന്നു. സ്ഥിരമായി ഒരിടത്തും തങ്ങാത്തതിനാൽ അദ്ദേഹം തന്റെ ചിന്തകളും വേദാന്ത വ്യാഖ്യാനങ്ങളും ക്രമബദ്ധമായി എഴുതി രേഖപ്പെടുത്തിയില്ല. എഴുതിയതിലേറെയും തങ്ങിയ ഇടങ്ങളിൽ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതിയായി ഇന്ന് വാഴ്ത്തുന്ന 'വേദാധികാര നിരൂപണം' പോലും ആ അർത്ഥത്തിൽ അപൂർണ്ണരചനയാണെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. ജീവിതരീതി കൊണ്ടാവും, ചിന്തകൾക്ക് ഏകാഗ്രതയിലധിഷ്ഠിതമായ ആഴമുണ്ടായില്ല. നൈരന്തര്യതയുണ്ടായില്ല. പലപ്പോഴും അത് ഉപരിപ്ലവവും കാമ്പില്ലാത്തതുമായി. ക്രിസ്തുമതത്തെ നിന്ദിച്ചുകൊണ്ടും അവഹേളിച്ചുകൊണ്ടും ചട്ടമ്പി സ്വാമിയെഴുതിയ 'ക്രിസ്തുമതഛേദനം' ഇതിന് ഉദാഹരണമാണ്. ഒരു മതദർശനമെന്ന നിലയിൽ ആഴത്തിൽ പഠിച്ചല്ല അദ്ദേഹം ക്രിസ്തുമതത്തെ വിമർശിക്കുന്നത്. മൂരിയിറച്ചിയും പോത്തിറച്ചിയുമൊക്കെ തിന്നുന്ന, യാതൊരു വിധ സദാചാര നിഷ്ഠയുമില്ലാത്തവർ എന്ന മട്ടിലാണ് വിമർശനങ്ങളേറെയും. 'വേദാധികാര നിരൂപണം' പോലെ ഈ പുസ്തകത്തിന്റെ ഇന്ന് പ്രചാരത്തിലുള്ള പതിപ്പും ഒറിജിനലല്ലെന്നും, പല കൂട്ടിച്ചേർക്കലും വരുത്തി എഡിറ്റ് ചെയ്ത വേർഷനാണെന്നുമാണ് പറയപ്പെടുന്നത്.

1923 ലെ കേരള സന്ദർശനവേളയിലാണ് മഹാത്മാഗാന്ധി കൊല്ലം ജില്ലയിലുമെത്തിയത്. കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള അന്ന് പന്മനയിൽ തന്റെ അധീനതയിലുള്ള സ്ഥലത്ത് ഗാന്ധിജിക്ക് ഒരു വലിയ സ്വീകരണമൊരുക്കി. സംപ്രീതനായ ഗാന്ധിജി അന്നവിടെ താമസിച്ചു. ഗാന്ധിജി അന്ന് അന്തിയുറങ്ങിയ ഓലകെട്ടിയ കുടിൽ പിൽക്കാലത്ത് ഒരു ചരിത്രസ്മാരകമെന്ന നിലയിൽ കുമ്പളം സംരക്ഷിച്ചുനിലനിറുത്തി. അതാണ് ഗ്രാമവിശുദ്ധിയോടെ നിലനിൽക്കുന്ന പന്മന ആശ്രമം.

പന്മന ആശ്രമത്തിന്റെ  100-ാം വാർഷികം

പന്മന ആശ്രാമം സ്ഥാപിതമായതിന്റെ 100-ാം വാർഷികം 'മഹാഗുരുവർഷം 2024' എന്ന പേരിൽ പന്മന ആശ്രമാധികൃതർ ആചരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വിവിധ സമ്മേളനങ്ങളും പരിപാടികളും നടന്നുവരുന്നു. കഴിഞ്ഞയാഴ്ച നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്. സാഹിത്യനിരൂപകൻ ഡോ. എം.എം. ബഷീറായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞതായി പത്രവാർത്ത: 'ഉത്തര- ദക്ഷിണേന്ത്യൻ സംസ്‌ക്കാരങ്ങളുടെ സമന്വയമായിരുന്നു ചട്ടമ്പിസ്വാമികളും സ്വാമി വിവേകാനന്ദനും തമ്മിലുള്ള കണ്ടുമുട്ടൽ. 1892 ൽ കേരളത്തിലെത്തി ഇവിടം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ വിവേകാനന്ദൻ അക്കാലത്തെ കേരളത്തിലെ മഹാത്മാവായി അംഗീകരിച്ചത് ചട്ടമ്പിസ്വാമികളെ മാത്രമാണ്. മഹാഗുരുവിൽ നിന്ന് ചിന്മുദ്രോപദേശം നേടിയതിന് ശേഷമാണ് വിവേകാനന്ദൻ അമേരിക്കയ്ക്ക് പോകുന്നതും, ലോകപ്രസിദ്ധനാകുന്നതും’.

അരനൂറ്റാണ്ടിലധികമായി സാഹിത്യസേവനം നടത്തുന്ന ഡോ. എം.എം. ബഷീർ മലയാളത്തിലെ ഒന്നാംനിര നിരൂപകനൊന്നുമല്ല. ഇരുപത്തി അയ്യായിരത്തോളം കഥകൾ വായിച്ചു മലയാള ചെറുകഥാസാഹിത്യചരിത്രമെഴുതി ചരിത്രം സൃഷ്ടിച്ചയാളാണ് എം.എം. ബഷീർ എന്ന് പൈങ്കിളി സാഹിത്യ എഴുത്തിന്റെ ആശാനായ തോമസ് ജേക്കബ്ബിനെപ്പോലുള്ളവർ പൊക്കിപ്പുകഴ്ത്തുന്നുണ്ടെങ്കിലും, മൗലികമായ ഒരു സർഗ്ഗാത്മക സംഭാവനയും അദ്ദേഹത്തിന്റേതായില്ല. അപ്പൻ സാറിനെപ്പോലെ നിരൂപണത്തെ സർഗ്ഗാത്മകതലത്തിലേക്ക് ഉയർത്താനുള്ള കെൽപ്പുമില്ല. ഉത്തരകേരളത്തിലെ ചില സാഹിത്യതമ്പുരാക്കന്മാരുടെ വിനീത വിധേയൻ എന്ന നിലയ്ക്കാണ് ഇദ്ദേഹം സാഹിത്യ വേദിയിൽ കസേര കരസ്ഥമാക്കിയത്. മുൻ മലയാളം വാദ്ധ്യാരായ ഇദ്ദേഹം ചരിത്രപണ്ഡിതൻ കൂടിയാണെന്ന കാര്യം ഇതുവരെ ആർക്കും അറിയുമായിരുന്നില്ല. ആ രംഗത്തും വിവരക്കേടുകൾ പറയാൻ തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ആദ്യം കൊടുത്ത വാചകങ്ങൾ.

കന്യാകുമാരിയിലേക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്ത് വിശ്രമിക്കുമ്പോഴാണ് വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ കാണുന്നത്. ചട്ടമ്പിസ്വാമികളുടെ മഹത്വം മനസ്സിലാക്കി. താൽപ്പര്യമെടുത്തു നടത്തിയ കൂടിക്കാഴ്ചയായിരുന്നില്ലത്. ആ സമയത്ത് എറണാകുളത്തുണ്ടായിരുന്ന സ്വാമിയെ ആരോ താൽപ്പര്യമെടുത്തു ബന്ധിപ്പിക്കുകയായിരുന്നു. തികച്ചും യാദൃച്ഛികവും ഹ്രസ്വവുമായിരുന്നു ആ കൂടിക്കാഴ്ച. അത് ഉത്തര- ദക്ഷിണേന്ത്യൻ സംസ്‌ക്കാരങ്ങളുടെ സമന്വയമായിരുന്നുപോലും. ആ ചെറു കൂടിക്കാഴ്ചയിലൂടെ കേരളത്തിലെ ഏക മഹാത്മാവ് ചട്ടമ്പിസ്വാമിയാണെന്ന് വിവേകാനന്ദൻ തിരിച്ചറിഞ്ഞുപോലും. മാത്രമല്ല കൺകെട്ടുവിദ്യപോലെ ഞൊടിയിട കൊണ്ട് ചിന്മുദ്രോപദേശത്തിന്റെ കാമ്പ് പിടിച്ചെടുത്തുപോലും.  അമേരിക്കയ്ക്ക് പോയി പിന്നീട് വിവേകാനന്ദൻ ലോക പ്രസിദ്ധനാകുന്നതിന്റെ കാരണം ഈ ചിന്മുദ്രയാണുപോലും.

വിവരക്കേടും വങ്കത്തരങ്ങളും വിളിച്ചുപറയാൻ എല്ലില്ലാത്ത ഏത് നാവിനുമാകും. പക്ഷേ അത് സാംസ്‌ക്കാരിക പ്രധാനികളെന്ന് മുദ്രയൊട്ടിച്ചവരിൽ നിന്നാകുമ്പോൾ, അപകടകരമാവും. ആ വിവേകവും തിരിച്ചറിവും ആദ്യമുണ്ടാകേണ്ടത് അവർക്കാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL