06:02pm 07 July 2024
NEWS
ചന്നപട്ടണയിൽ അനസൂയ മഞ്ജുനാഥ് ജെഡിഎസ്സ് സ്ഥാനാർത്ഥിയാകുമോ?
04/07/2024  04:16 PM IST
വിഷ്ണുമംഗലം കുമാർ
ചന്നപട്ടണയിൽ അനസൂയ മഞ്ജുനാഥ് ജെഡിഎസ്സ് സ്ഥാനാർത്ഥിയാകുമോ?

കർണാടക  :  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിലെ ചന്നപട്ടണ നിയമസഭാമണ്ഡലം     വാശിയേറിയ പോരാട്ടഭൂമിയായി മാറുകയാണ്. മുൻമുഖ്യമന്ത്രിയും ജെഡിഎസ്സ് നേതാവുമായ            കുമാരസ്വാമിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.   മന്ധ്യയിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുമാരസ്വാമി കേന്ദ്ര ഘനവ്യവസായമന്ത്രിയാണ്. അദ്ദേഹം നിയമസഭ അംഗത്വം രാജിവെച്ചതിനാലാണ്  ചന്നപട്ടണയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽ നിന്ന് തോറ്റ മകൻ നിഖിലിനെ  ചന്നപട്ടണയിൽ  സ്ഥാനാർത്ഥിയാക്കാനാണ് കുമാരസ്വാമി  തീരുമാനിച്ചിരുന്നത്. എന്നാൽ ചന്നപട്ടണയിൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് നിഖിൽ. ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാർ ഈ മണ്ഡലം പിടിക്കാൻ തുനിഞ്ഞിറങ്ങിയിട്ടുണ്ട്.  ചന്നപട്ടണ കൂടി ഉൾപ്പെടുന്ന ബംഗളുരു റൂറൽ ലോകസഭാ മണ്ഡലത്തിൽ നിന്ന് സഹോദരൻ ഡി കെ സുരേഷ് കനത്ത പരാജയമേറ്റുവാങ്ങിയത്   ഡികെയെ രാഷ്ട്രീയമായി ക്ഷീണിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ക്കസേരയ്ക്ക് വേണ്ടി  വിലപേശാനുള്ള അദ്ദേഹത്തിന്റെ കരുത്തും ആ പരാജയം ചോർത്തിക്കളഞ്ഞു. ഡികെയുടെ സാമ്രാജ്യമാണ് അദ്ദേഹം പതിവായി ജയിച്ചുപോരുന്ന കനകപുര ഉൾപ്പെടുന്ന ബംഗളുരു റൂറൽ.രാഷ്ട്രീയത്തിൽ പുതുമുഖമായ ജനപ്രിയ കാർഡിയോളജിസ്റ്റ് ഡോക്ടർ മഞ്ജുനാഥ് ആണ് സുരേഷിനെ മൂന്നുലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.  ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ മകൾ അനസൂയയുടെ ഭർത്താവാണ് ബിജെപി ചിഹ്നത്തിൽ മത്സരിച്ചുവിജയിച്ച ഡോക്ടർ മഞ്ജുനാഥ്. വൊക്കലിഗ വോട്ടുകളിൽ ഡി കെ യുടെ സ്വാധീനം നഷ്ടപ്പെടുന്നു എന്ന സന്ദേശമാണ് ബംഗളുരു  റൂറലിലെ പരാജയം നൽകിയത്. ചന്നപട്ടണ പിടിച്ചെടുത്ത് തന്റെ സ്വാധീനം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഡി കെ. സുരേഷിനെയോ അല്ലെങ്കിൽ നിയമനിർമ്മാണ കൗൺസിൽ അംഗമായ (എംഎൽസി) പുട്ടണ്ണയെയോ സ്ഥാനാർത്ഥി യാക്കാനാണ് ഡി കെ ആലോചിക്കുന്നത്. വൊക്കലിഗ സമുദായക്കാരനായ പുട്ടണ്ണ ചന്നപട്ടണ സ്വദേശിയാണ്. മാറിയ സാഹചര്യത്തിൽ   ദേവഗൗഡയുടെ മകൾ അനസൂയയെ സ്ഥാനാർത്ഥി യാക്കാൻ ജെഡിഎസ്സിൽ നീക്കം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അനസൂയ ഡോക്ടർ മഞ്ജുനാഥിന്റെ ഭാര്യയാണ്. അദ്ദേഹത്തിന് വേണ്ടി ചന്നപട്ടണ, രാമനഗര, കനകപുര എന്നിവിടങ്ങളിൽ അവർ സജീവമായി പ്രചാരണം നടത്തിയിരുന്നു. മുൻ കാലങ്ങളിൽ ദേവഗൗഡയ്ക്കും കുമാരസ്വാമിയ്ക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അനുഭവവും അനസൂയയ്ക്കുണ്ട്. സ്ഥാനാർത്ഥിയായാൽ   ദേവഗൗഡ കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തുന്ന     പത്താമത്തെ ആളാവും അനസൂയ. ബിജെപി നേതാവ് സി പി യോഗേശ്വറിന് ഈ മണ്ഡലത്തോട് താല്പര്യമുണ്ട്. എന്നാൽ മണ്ഡലം വിട്ടുകൊടുക്കരുതെന്നാണ് ജെഡിഎസ് പ്രവർത്തകരിൽ പൊതുവെയുള്ള വികാരം. നിലവിൽ എംഎൽസിയായ യോഗേശ്വറിന് രണ്ടുവർഷത്തെ കാലാവധി കൂടിയുണ്ട്.  ചന്നപട്ടണയിൽ നിന്ന് യോഗേശ്വർ എംഎൽഎ യായാൽ ബിജെപിയ്ക്ക് നിയമനിർമ്മാണ കൗൺസിലിൽ ഒരു സീറ്റ് കുറയും. അതിനാൽ ചന്നപട്ടണ സീറ്റിന് വേണ്ടി ബിജെപി നേതൃത്വം   ആവശ്യമുന്നയിക്കുന്നില്ല. അനസൂയയാണ് ജെഡിഎസ് -ബിജെപി സഖ്യസ്ഥാനാർത്ഥി യാകുന്നതെങ്കിൽ കോൺഗ്രസ്സും ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചേക്കും. കുസുമ ഹനുമന്തരായപ്പയ്ക്ക് സാധ്യതയുണ്ട്. എതിർപക്ഷത്ത് ആരു സ്ഥാനാർത്ഥിയായാലും ചന്നപട്ടണ പിടിച്ചെടുക്കാനുള്ള ബഹുമുഖ തന്ത്രങ്ങളാണ് ഡി കെ പയറ്റുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL