11:01am 08 July 2024
NEWS
"ചാനൽ പ്രവർത്തകയായ പെൺകുട്ടിയെ അവഹേളിച്ച് കൊണ്ട് സംസാരിച്ചു" അലൻസിയറിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു
19/09/2023  03:48 PM IST
web desk
HIGHLIGHTS

വിയോജിപ്പുണ്ടെങ്കിൽ അവാർഡ് സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമല്ല

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിൻ്റെ സ്ത്രീവിരുദ്ധ വിവാദ പരാമർശം. അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും പി സതീദേവി പറഞ്ഞു.


"വിയോജിപ്പുണ്ടെങ്കിൽ അവാർഡ് സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമല്ല. ഈ സംഭവത്തിന് ശേഷം പറ്റിയ അബദ്ധം അദ്ദേഹം തിരുത്തുമെന്നാണ് കേരളത്തിലെ മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ലെന്ന് മാത്രമല്ല പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാദ്ധ്യമപ്രവർത്തകയോട് മോശമായ പദപ്രയോഗത്തിലൂടെയാണ് അലൻസി സംസാരിച്ചത്. ചാനൽ പ്രവർത്തകയായ പെൺകുട്ടിയെ ഇത്തരത്തിൽ അവഹേളിച്ച് കൊണ്ട് സംസാരിച്ചതിനെതിരെ നൽകിയ പരാതിയിൽ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്‌പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്." വനിതാ കമ്മിഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.

'അപ്പൻ' എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമർശം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു. സ്പെഷ്യൽ ജൂറിക്ക് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടൻ വേദിയിൽ തുറന്നടിച്ചു. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
 

ഇതോടെ, നടൻ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെല്ലാം ചർച്ചാ വിഷയമായി മാറുകയും എന്നാൽ ഈ വിഷയത്തിൽ നടൻ മാപ്പ് പറയാൻ തയ്യാറല്ലെന്നും തെറ്റ് ചെയ്തിട്ടില്ലന്നും പ്രതികരിച്ചിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram