09:54am 01 July 2024
NEWS
എന്നുതീരും ഈ അഴിമതി ?
18/09/2019  05:02 AM IST
Keralasabdam Online Desk
HIGHLIGHTS

അഴിമതിക്കാര്‍ നിയമത്തിനു പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നതിനു ഉദാഹരണമാണ് ചങ്ങനാശ്ശേരി കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വസന്തകുമാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ സംഭവം

ഹുജനം നിരന്തരം ബന്ധപ്പെടുന്ന സുപ്രധാനവകുപ്പുകളില്‍ അഴിമതി കൊടികുത്തി വാഴുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമപരമായി അവകാശപ്പെട്ട കാര്യങ്ങള്‍ ചെയ്തുകിട്ടാനായി ജനം നിരന്തരം ഓഫീസുകളില്‍ കയറിയിറങ്ങുകയും, ഗത്യന്തരമില്ലാതെ ഒടുവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ഈ ദുസ്ഥിതിക്ക് ഒരു മാറ്റവുമുണ്ടാവില്ലേ? ഒരു ഓഫീസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അത് സഹപ്രവര്‍ത്തകര്‍ അറിയും. ആ അഴിമതിക്കാരെ തടയാനും തിരുത്താനും എന്തുകൊണ്ട് അവര്‍ക്ക് കഴിയുന്നില്ല? സംഘശേഷിയില്‍ ഊറ്റം കൊള്ളുന്ന സര്‍വ്വീസ് സംഘടനകള്‍ എന്തുകൊണ്ട് ഇതിലിടപെട്ടു, ഇതവസാനിപ്പിക്കാന്‍ തയ്യാറാവുന്നില്ല? ഇവിടെയാണ് സംഘടനകളുടെ ഉദ്ദേശശുദ്ധിയും പ്രവര്‍ത്തനവും സംശയത്തിന്റെ നിഴലിലാവുന്നതും, വകുപ്പുമേധാവികളുടെ മൗനം പ്രതിക്കൂട്ടിലാവുന്നതും. അഴിമതിക്കാര്‍ നിയമത്തിനു പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നതിനു ഉദാഹരണമാണ് ചങ്ങനാശ്ശേരി കൃഷിഭവനിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വസന്തകുമാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ സംഭവം. അഴിമതിക്ക് കുപ്രസിദ്ധി നേടിയ ഈ ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒട്ടനവധി പരാതികള്‍ ഉയര്‍ന്നിട്ടും, അവര്‍ സ്വയം തിരുത്താനോ, സഹപ്രവര്‍ത്തകരും മേലധികാരികളും അതിനു തടയിടാനോ തയ്യാറായില്ല. ഒടുവില്‍ വിജിലന്‍സ് തന്നെ രംഗത്തിറങ്ങേണ്ടിവന്നു. കൃഷിവകുപ്പുമന്ത്രി ശ്രീ വി.എസ്. സുനില്‍കുമാര്‍ കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുള്ള ഒരു മന്ത്രിയായിട്ടാണ് ബഹുജനം കരുതുന്നത്. എന്നിട്ടും ഈ ഉദ്യോഗസ്ഥയുടെ പരസ്യമായ വിലപേശലും, ധാര്‍ഷ്ട്യവും അദ്ദേഹത്തിന്റെ ചെവിയില്‍ എത്തിയില്ലെന്നാണോ? അങ്ങനെയെങ്കില്‍ ഭരണനിര്‍വ്വഹണത്തിന്റെ കാര്യക്ഷമതയില്‍ സംശയിക്കേണ്ടിയിരിക്കുന്നു.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരുപാട് വസന്തകുമാരീ/ കുമാരന്മാര്‍ വിവിധ ഓഫീസുകളുടെ അകത്തളങ്ങളില്‍ ആര്‍ത്തിപ്പണ്ടാരങ്ങളായി നിര്‍ബാധം വിഹരിക്കുന്നുണ്ട്.

അനുബന്ധക്കുറിപ്പ്

ഏറ്റവും മികച്ച കോണ്‍സ്റ്റബിളിനുള്ള തെലങ്കാനസര്‍ക്കാരിന്റെ അവാര്‍ഡ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ലഭിച്ച പോലീസുകാരന്‍ തൊട്ടടുത്ത ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. ജോലിയിലെ അര്‍പ്പണ മനഃസ്ഥിതിക്കും, കഠിനാദ്ധ്വാനത്തിനുമായിരുന്നുവത്രെ മഹ്ബൂബ് നഗറിലെ ഐ ടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ തിരുപ്പതിറെഡ്ഡിക്ക് പുരസ്‌ക്കാരം ലഭിച്ചത്. ലൈസന്‍സോടുകൂടി മണല്‍ക്കച്ചവടം നടത്തുന്ന മാധവത്ത് രമേശ് എന്നയാളിനോട് 17000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, തന്നില്ലെങ്കില്‍ ട്രാക്ടര്‍ പിടിച്ചെടുക്കുമെന്നും, കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞ് തിരുപ്പതിറെഡ്ഡി നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ രമേശ് ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.