09:34am 01 July 2024
NEWS
ബാബ്റി മസ്ജിദ് -രാമജന്മഭൂമി തര്‍ക്കം അടഞ്ഞ അധ്യായമായി മാറട്ടെ
12/11/2019  10:49 AM IST
KERALASABDAM
ബാബ്റി മസ്ജിദ് -രാമജന്മഭൂമി തര്‍ക്കം അടഞ്ഞ അധ്യായമായി മാറട്ടെ
HIGHLIGHTS

 നമ്മുടെ രാഷ്ട്രത്തിന്‍റെയും ജനതയുടെയും മതേതര പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നുമുള്ള പരമോന്നത കോടതിയുടെ പരാമര്‍ശം ഉയര്‍ന്നുനില്‍ക്കട്ടെ.

 

യോദ്ധ്യയിലെ ബാബ്റി മസ്ജിദ് പ്രശ്നത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിന്യായ പീഠം ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറാനും, മസ്ജിദ് നിര്‍മ്മിക്കാന്‍ അയോദ്ധ്യയില്‍ തന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമുള്ള ഭരണഘടനാ ബെഞ്ചിന്‍റെ ഏകകണ്ഠമായ വിധിയോടെ രാജ്യത്ത് അത് സംബന്ധിച്ചുണ്ടായ വര്‍ഗ്ഗീയ ചേരിതിരിവിനും, പ്രശ്നങ്ങള്‍ക്കും തിരശ്ശീല വീഴണം എന്ന് രാജ്യം ഒരേ മനസ്സോടെ ആഗ്രഹിക്കുന്നുണ്ട്.


ആരു തോറ്റു, ആര് ജയിച്ചു എന്നു അവകാശവാദം ഉന്നയിക്കേണ്ട സന്ദര്‍ഭമല്ല ഇത്. എല്ലാ വിശ്വാസ ആചാരങ്ങളേയും മാനിച്ചുകൊണ്ടും, രാജ്യത്തിന്‍റെ മതേതര പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടുള്ളത്. സ്വാഭാവികമായും രണ്ടുകൂട്ടര്‍ അവകാശമുന്നയിച്ച, കീഴ്കോടതി വിഭജിച്ചുനല്‍കിയ തര്‍ക്കഭൂമി ഒരു കക്ഷിക്ക് വിട്ടുനല്‍കുമ്പോള്‍ യോജിപ്പും വിയോജിപ്പുമുള്ള അഭിപ്രായങ്ങളുണ്ടാകാം. എങ്കിലും വിധിയെ അംഗീകരിക്കുന്നുവെന്ന പൊതുവേയുണ്ടായ പ്രതികരണം മതനിരപേക്ഷ ഭാരതത്തിന് വലിയ ആശ്വാസമാണ് സമ്മാനിച്ചത്.


വിധി പഠിച്ചശേഷം പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവിച്ചപ്പോഴും കോടതിവിധി മാനിക്കുമെന്നവര്‍ പറഞ്ഞതും, സുന്നി വഖഫ് ബോര്‍ഡും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗുമൊക്കെ വിധിയെ അംഗീകരിക്കുമെന്നുപറഞ്ഞതുമെല്ലാം രാജ്യത്തിന്‍റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വലിയ സംഭാവന നല്‍കുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല.


രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയതിനൊപ്പം 1949 ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവച്ചതും, 1992 ല്‍ ബാബ്റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ളതുമായിരുന്നുവെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിവിധിയും നിരീക്ഷണങ്ങളും വരുംനാളുകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടയാകും എന്നതുറപ്പാണ്. പ്രശ്നത്തില്‍ മുതലെടുപ്പു നടത്താനാഗ്രഹിക്കുന്ന വിധ്വംസക ശക്തികള്‍ പ്രകോപനമുണ്ടാക്കാനുള്ള പരിശ്രമങ്ങളും നടത്താതിരിക്കില്ല. എന്നാല്‍ രാജ്യസമാധാനത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കി പക്വതയോടും വിവേകത്തോടെയും വിധിയെ സമീപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും ഉദ്ബോധിപ്പിക്കേണ്ട കടമയും ഉത്തരവാദിത്തവും മത-സാമൂഹിക-സാംസ്ക്കാരിക നേതാക്കള്‍ക്കുണ്ട്.
പതിറ്റാണ്ടുകളായി മതസ്പര്‍ദ്ധയ്ക്കിടയാക്കിയ അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് -രാമജന്മഭൂമി തര്‍ക്കം അടഞ്ഞ അധ്യായമായി മാറട്ടെ. എല്ലാറ്റിനുംമേലെ 'ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങളുടെയും സമത്വമാണ് ഉദ്ഘോഷിക്കുന്നതെന്നും സഹിഷ്ണുതയും പരസ്പര സഹവര്‍ത്തിത്വവും നമ്മുടെ രാഷ്ട്രത്തിന്‍റെയും ജനതയുടെയും മതേതര പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നു'മുള്ള പരമോന്നത കോടതിയുടെ പരാമര്‍ശം ഉയര്‍ന്നുനില്‍ക്കട്ടെ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.