09:46am 01 July 2024
NEWS
പി. സദാശിവം എന്ന വേറിട്ടമാതൃക
18/09/2019  05:07 AM IST
Keralasabdam Online Desk
HIGHLIGHTS

പ്രളയസമയത്ത് കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയ പി. സദാശിവം സര്‍ക്കാര്‍ അയയ്ക്കുന്ന സുപ്രധാനകടലാസുകളില്‍ കണ്ണടച്ച് ഒപ്പുവയ്ക്കുന്ന ഗവര്‍ണ്ണറായിരുന്നില്ല

കേരളപ്പിറവിക്കുശേഷം സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ എത്തിയിട്ടുള്ളവരില്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ജസ്റ്റിസ് പി. സദാശിവത്തെപ്പോലെ കക്ഷി രാഷ്ട്രീയത്തിനതീതമായി സുസമ്മതി നേടി മടങ്ങിയ മറ്റൊരാളെയും ചൂണ്ടിക്കാണിക്കാനില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച് കേരളത്തിന്റെ ഗവര്‍ണറായെത്തിയ പി. സദാശിവം നീതിമാനായിരുന്നു എന്നതില്‍ ഒരു ഭിന്നസ്വരവും എവിടെനിന്നും ഉണ്ടായില്ല. ആദ്യനരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഷീലാദീക്ഷിതിന് പകരം 2014 സെപ്റ്റംബര്‍ 4 നാണ് ഇദ്ദേഹം സംസ്ഥാനഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കപ്പെട്ടത്. പദവിയുടെ തലക്കനമില്ലാതെ ഒരു ഗവര്‍ണര്‍ക്ക് ജനപക്ഷത്തേയ്ക്ക് എത്രത്തോളം പോകാന്‍ കഴിയുമോ, അതിന്റെ പരമാവധി പോയിക്കൊണ്ട് നീതിബോധം കൈവിടാതെ സര്‍ക്കാരിനേയും, തനിക്ക് കീഴില്‍ യൂണിവേഴ്‌സിറ്റികളേയും തിരുത്തേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ഒരു പ്രഥമാദ്ധ്യാപകനെപ്പോലെ തിരുത്തിയും തന്റെ കാലാവധി രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കൊന്നും ഇട നല്‍കാതെയുമാണ് വിജയകരമായി അദ്ദേഹം പൂര്‍ത്തിയാക്കിയത്.
ഭാര്യ സരസ്വതിക്കൊപ്പം പൊതുവേദികളിലെ സൗമ്യസാന്നിദ്ധ്യമായിരുന്ന ജസ്റ്റിസ് പി. സദാശിവത്തിന്റെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള ചിന്തകളും പൊതുനന്മ ലാക്കാക്കിയുള്ളതുമായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി അദ്ദേഹം നിലകൊണ്ടു.
സര്‍ക്കാര്‍ അയയ്ക്കുന്ന സുപ്രധാനകടലാസുകളില്‍ കണ്ണടച്ച് ഒപ്പുവയ്ക്കുന്ന ഗവര്‍ണ്ണറായിരുന്നില്ല അദ്ദേഹം. നീതിയുക്തമല്ലെന്ന് തോന്നിയതിലൊക്കെ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും സര്‍ക്കാരിനെസമ്മര്‍ദ്ദത്തിലാക്കാനോ, ഭരണപ്രതിസന്ധി സൃഷ്ടിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. സുഗമമായ ഭരണത്തിന് എല്ലാ പിന്തുണയും നല്‍കി. എല്ലാവരേയും കേള്‍ക്കാന്‍ സദാസന്നദ്ധനായിരുന്നു അദ്ദേഹം. കര്‍ക്കശനിലപാട് എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനും മടിച്ചില്ല. കേരളത്തിലെ സര്‍വ്വകലാശാലകളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതില്‍ ചാന്‍സലറായിരുന്ന പി. സദാശിവത്തിന്റെ സംഭാവനകേരളത്തിന് മറക്കാനാവില്ല. ഗവര്‍ണര്‍മാര്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി മാത്രം മാറുന്ന, പ്രവര്‍ത്തിക്കുന്ന കാലത്ത് ജസ്റ്റിസ് പി. സദാശിവം ഒരു വേറിട്ട മാതൃകയാണ് എക്കാലത്തേയ്ക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.